ഇടുക്കിയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെല്‍ പദ്ധതിയില്‍ ഒരു നടപടിയും യുഡിഎഫ് സ്വീകരിച്ചില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉറപ്പും സ്ഥിതിഗതികളും ജലനിരപ്പും നിരന്തരം നിരീക്ഷിക്കാനും വിവരം ശേഖരിക്കാന്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. ഇടുക്കി ജില്ലയിലെ ഭൂചലനം നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനി സ്ഥാപിക്കാനുള്ള തീരുമാനവും ഇഴയുകയാണ്. ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിനുള്ള ദുരന്തകൈകാര്യ സേനയുടെ പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങുമെന്നുള്ള മന്ത്രിമാരുടെ ഉറപ്പ് പ്രസ്താവനയില്‍ ഒതുങ്ങി.
തമിഴ്നാട് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പരസ്യപ്രസ്താവനകളില്‍നിന്ന് വിലക്കണമെന്ന് അഭ്യര്‍ഥിച്ച് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാര്‍കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ പ്രസ്താവന നടത്തുന്നത് അടിയന്തരമായി തടയണമെന്ന ആവശ്യമാണ് തമിഴ്നാട് ജലവിഭവവകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. എന്നാല്‍ കേരളം ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. ഭൂചലനങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യമുയര്‍ത്തി കോടതിയെ സമീപിക്കാമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വിഷയം ഉന്നതാധികാരസമിതിയുടെ പരിഗണനയിലിരിക്കെ സുപ്രീംകോടതിയെ സമീപിക്കുന്നത് അനുചിതമാകുമോയെന്ന സംശയത്തിലാണ് കേരളം.
മുല്ലപ്പെരിയാര്‍വിഷയത്തില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ വിശദീകരിച്ച് വിവിധ ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പുസഹിതമാണ് തമിഴ്നാടിന്റെ ഹര്‍ജി. രണ്ടുമാസത്തിനിടെ 22 ഭഭൂചലനമുണ്ടായെന്നും മറ്റും കേരളം നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നാലു ഭൂചലനംമാത്രമാണ് അനുഭവപ്പെട്ടിട്ടുള്ളത്. അണക്കെട്ടിന് ഭീഷണി ഉയര്‍ത്താന്‍തക്കവിധം ശക്തമായ ഭഭൂചലനങ്ങളല്ല ഇവയൊന്നും- തമിഴ്നാട് ഹര്‍ജിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍പ്രദേശത്ത് ഇതുവരെയുണ്ടായ ഭൂചലനങ്ങളുടെ പട്ടികയും തമിഴ്നാട് സമര്‍പ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി നിയമിച്ച ഉന്നതാധികാരസമിതി മുമ്പാകെ കേരളം വ്യാഴാഴ്ച മുല്ലപ്പെരിയാര്‍പ്രശ്നത്തിലെ പുതിയ സംഭവവികാസങ്ങള്‍ വിശദീകരിക്കുന്ന കുറിപ്പ് സമര്‍പ്പിച്ചു. ജൂലൈ- നവംബര്‍ മാസങ്ങളില്‍ 25 ഭൂചലനം മുല്ലപ്പെരിയാര്‍പ്രദേശത്തുണ്ടായതായി കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂചലനങ്ങളില്‍ പലതും മാപിനിയില്‍ മൂന്നിനുമേലെയാണ്. നവംബര്‍ 25ന് 3.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനങ്ങളോടൊപ്പം ശക്തമായ മഴകൂടി പെയ്യുന്നതിനാല്‍ ജനങ്ങളാകെ ഭീതിയിലാണ്. ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്. നിരവധി ഹര്‍ത്താല്‍ നടന്നു. അണക്കെട്ട് പൊട്ടുമെന്ന ഭയത്താല്‍ കുട്ടികള്‍ ഉറങ്ങാന്‍പോലും മടിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതിവിശേഷംകൂടി പരിഗണിച്ച് വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കുക, ഐഐടി റൂര്‍ക്കിയുടെ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗംകൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണം- കേരളം അറിയിച്ചു. ഐഐടി വിദഗ്ധരെ സാക്ഷികളായി വിസ്തരിക്കുന്നതിനെയും പുതിയ അണക്കെട്ടിന്റെ വിശദമായ പദ്ധതിരേഖയെ (ഡിപിആര്‍) എതിര്‍ത്തും തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ക്കുള്ള മറുപടിയും കേരളം വ്യാഴാഴ്ച കൈമാറി. ഡിസംബര്‍ 25നാണ് ഉന്നതാധികാരസമിതി അടുത്ത യോഗം ചേരുക.
(എം പ്രശാന്ത്)
പവന്‍കുമാറിന്റെ ശ്രമം പരാജയം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ജലവകുപ്പ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹകരണം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭ്യര്‍ഥിച്ചു. കേരളത്തെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജയലളിത അയച്ച കത്തിനുള്ള മറുപടിയില്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും കേരളത്തില്‍നിന്നുള്ള എംപിമാരുടെ സമരം വ്യാഴാഴ്ചയും തുടര്‍ന്നു. കേരളത്തിലേക്ക് സര്‍വകക്ഷിസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കറെയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെയും വെള്ളിയാഴ്ച കാണാന്‍ എംപിമാരുടെ യോഗം തീരുമാനിച്ചു. തമിഴ്നാടിനെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നീക്കം. തമിഴ്നാട് ചീഫ്സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചെങ്കിലും തുടര്‍ചര്‍ച്ചയ്ക്ക് താല്‍പ്പര്യം കാണിച്ചില്ല.
തമിഴ്നാട് ഉന്നയിച്ച പ്രശ്നങ്ങള്‍ മനസ്സിലാക്കിയെന്നും കേരളത്തിലെ മന്ത്രിമാര്‍ ചിലകാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു. പാര്‍ലമെന്റിനു പുറത്തും അകത്തും വ്യാഴാഴ്ചയും സമരം തുടര്‍ന്നു. സത്യഗ്രഹവും നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധവും കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരെ പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും കേരള എംപിമാര്‍ ശ്രമിച്ചു. ലോക്സഭയില്‍ എഐഎഡിഎംകെ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പുതിയ ഡാമിന്റെ ആവശ്യമില്ല, കേരളം അനാവശ്യ ഭീതി സൃഷ്ടിക്കുന്നു തുടങ്ങി മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് കേരളഹൗസില്‍ ചേര്‍ന്ന എംപിമാരുടെ യോഗമാണ് സര്‍വകക്ഷിസംഘം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കറെയും ഉപരാഷ്ട്രപതിയെയും കാണാന്‍ തീരുമാനിച്ചത്. പി കരുണാകരന്‍ , പി ടി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രശ്നത്തെ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാനാണ് സര്‍വകക്ഷി സംഘം വരണമെന്ന് ആവശ്യപ്പെടുന്നത്. പാര്‍ലമെന്റിനു പുറത്ത് സത്യഗ്രഹവും അകത്ത് പ്രതിഷേധവും തുടരാനും യോഗം തീരുമാനിച്ചു.
ജലനിരപ്പ് ഉയരുന്നു; പ്രക്ഷോഭം പടരുന്നു
പടരുന്ന പ്രക്ഷോഭത്തിനിടെ കേരളത്തിന്റെ ആശങ്ക വീണ്ടുമുയര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.6 അടിയായി. ബുധനാഴ്ച 136.4 അടിയായിരുന്ന ജലനിരപ്പ് പെരിയാര്‍ വനമേഖലയിലെ ശക്തമായ മഴയെ തുടര്‍ന്നാണ് ഉയര്‍ന്നത്. അണക്കെട്ടിലെ ചോര്‍ച്ചയും വര്‍ധിച്ചു. ജലനിരപ്പ് ഉയരുന്നത് ദുര്‍ബലാവസ്ഥയിലുള്ള അണക്കെട്ടിന്റെ സ്ഥിതി കൂടുതല്‍ അപകടത്തിലാക്കുമെന്ന് ജലവിഭവവകുപ്പ് അധികൃതര്‍ പറഞ്ഞു. സെക്കന്‍ഡില്‍ 2461 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. പെന്‍സ്റ്റോക്ക് പൈപ്പിലൂടെയും ഇറച്ചില്‍പാലം വഴിയും തമിഴ്നാട് 1823 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. സ്പില്‍വേ കവിഞ്ഞ് 349 ഘനയടി വെള്ളം പെരിയാറ്റിലൂടെ ഇടുക്കിയിലേക്കും പോകുന്നു. ആകെ 2172 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്ക് പോകുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് അണക്കെട്ടിന്റെ ഗ്യാലറിയിലടക്കം കൂടുതല്‍ ചോര്‍ച്ചയുണ്ടായിരുന്നു. പുറംഭിത്തിയിലെ ചോര്‍ച്ചയും ശക്തമാണ്.
മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതല്‍ ശക്തമായി. വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജനങ്ങള്‍ നിര്‍മിച്ച പ്രതിരോധ മനുഷ്യഡാമില്‍ നൂറുകണക്കിനാളുകള്‍ കൈകോര്‍ത്തു. പെരിയാറ്റിലിറങ്ങി പരസ്പരം തോളോടുതോള്‍ ചേര്‍ത്ത് പണിത മനുഷ്യഡാം യുവജന സമരവീഥികള്‍ക്ക് പുതിയ അനുഭവമായി. ചപ്പാത്തില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ ഉപവാസം ആറാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാത്രി ബിജിമോളെ അറസ്റ്റ്ചെയ്ത് ആശുപത്രിയിലാക്കാന്‍ ജില്ലാ അധികൃതര്‍ ശ്രമിച്ചതോടെ ജനങ്ങള്‍ കാവലിലാണ്. വണ്ടിപ്പെരിയാറില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ അനിശ്ചിതകാല നിരാഹാരം തുടങ്ങി. ചപ്പാത്തില്‍ റോഷി അഗസ്റ്റില്‍ എംഎല്‍എയുടെ ഉപവാസം രണ്ടുദിവസം പിന്നിട്ടു. വ്യാഴാഴ്ച മന്ത്രി പി ജെ ജോസഫും നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനും മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചു.
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ബുധനാഴ്ച എല്‍ഡിഎഫ് സംഘം എത്തിയതോടെയാണ് പ്രതിഷേധാഗ്നി ആളിക്കത്താന്‍ തുടങ്ങിയത്. സമുദായ സംഘടനകള്‍ , മതപുരോഹിതര്‍ , സ്ത്രീകള്‍ , വിദ്യാര്‍ഥികള്‍ , ഗൈഡുകള്‍ തുടങ്ങി തേക്കടിയിലേക്കും ഗവിയിലേക്കുമെത്തുന്ന വിനോദസഞ്ചാരികള്‍ വരെ സമരത്തില്‍ കണ്ണികളാകുന്നു. വണ്ടിപ്പെരിയാറിലും ചപ്പാത്തിലുമായി നൂറിലേറെ ചെറുപ്രകടനങ്ങളും വാഹനറാലികളും നടന്നു. ചെറുപട്ടണങ്ങള്‍ക്കു പുറമേ ഗ്രാമാന്തരങ്ങളിലും വിദ്യാര്‍ഥികളുടെയും ബഹുജനങ്ങളുടെയും റാലികളും പന്തംകൊളുത്തി പ്രകടനങ്ങളും നിത്യകാഴ്ചയായി. അതിനിടെ, മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പരസ്യപ്രസ്താവനകളില്‍നിന്ന് വിലക്കണമെന്ന് അഭ്യര്‍ഥിച്ച് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. മുല്ലപ്പെരിയാര്‍കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും തെറ്റിദ്ധരിപ്പിക്കുന്നവിധത്തില്‍ പ്രസ്താവന നടത്തുന്നത് അടിയന്തരമായി തടയണമെന്ന ആവശ്യമാണ് തമിഴ്നാട് ജലവിഭവവകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉയര്‍ത്തിയത്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേരളം ഇപ്പോഴും മടിച്ചുനില്‍ക്കുകയാണ്. ഭൂചലനങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന ആവശ്യമുയര്‍ത്തി കോടതിയെ സമീപിക്കാമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.
(പി എസ് തോമസ്)
കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം പ്രതിസന്ധിയില്‍
മുല്ലപ്പെരിയാര്‍ , ചില്ലറവ്യാപാരത്തിലെ പ്രത്യക്ഷ വിദേശനിക്ഷേപം എന്നീ വിഷയങ്ങളുടെ നടുവില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കടുത്ത രാഷ്ട്രീയപ്രതിസന്ധിയില്‍ . ഇതുകാരണം പൊതുനിലപാട് സ്വീകരിക്കാന്‍ കെപിസിസി നിര്‍വാഹകസമിതി യോഗം തിങ്കളാഴ്ച ചേരും. സംഘടനാ പുനഃസംഘടനയും കോര്‍പറേഷന്‍ , ബോര്‍ഡ് പങ്കുവയ്പും നീളുന്നത് പ്രതിഷേധം പടര്‍ത്തിയിട്ടുണ്ട്. പക്ഷേ, ഈ വിഷയം തിങ്കളാഴ്ച ചര്‍ച്ചയ്ക്കെടുക്കില്ലെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്. മുല്ലപ്പെരിയാര്‍ , ചില്ലറവ്യാപാരത്തിലെ വിദേശനിക്ഷേപം എന്നീ വിഷയങ്ങളില്‍ കേരളത്തിന് പൊതുവായുള്ള വികാരത്തിന് എതിരാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് ദേശീയനേതൃത്വവും. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നതില്‍ സംസ്ഥാന നേതൃത്വത്തിന് ഏകാഭിപ്രായമില്ല. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന നേതാവ് പി സി ചാക്കോയും പലതട്ടിലാണ്.
ചില്ലറവ്യാപാരത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപത്തെ എതിര്‍ത്ത് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ പി സി ചാക്കോ പരസ്യമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെയും അത് അംഗീകരിക്കുന്ന സോണിയ നയിക്കുന്ന കോണ്‍ഗ്രസിന്റെയും നിലപാടിനെതിരെ പിസിസി പ്രസിഡന്റ് പരസ്യമായി രംഗത്തുവന്നത് ശരിയല്ലെന്നാണ് ചാക്കോ പറഞ്ഞത്. ചാനല്‍ ചര്‍ച്ചകളില്‍ സംസ്ഥാനത്തെ നിരവധി നേതാക്കളും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചു. എന്നാല്‍ , വ്യാപാരിസമൂഹത്തിന്റെയടക്കം പ്രതിഷേധത്തില്‍നിന്ന് രക്ഷനേടാന്‍ അവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ചെന്നിത്തല സ്വീകരിച്ചതെന്നും അതിനെ പിന്തുണയ്ക്കുന്ന പ്രമേയം കെപിസിസി നിര്‍വാഹകസമിതി അംഗീകരിക്കണമെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേരളത്തിന്റെ ആശങ്ക കണക്കിലെടുക്കാതെ നിസ്സംഗ നിലപാടിലാണ് കേന്ദ്രവും കോണ്‍ഗ്രസ് ദേശീയനേതൃത്വവും. അതിനാല്‍ പാര്‍ടിയെയും സര്‍ക്കാരിനെയും നയിക്കുന്നവര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന വിമര്‍ശം ശക്തിപ്പെടുകയാണ്. ഉമ്മന്‍ചാണ്ടി അവസരത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെന്ന അഭിപ്രായവും നേതാക്കളിലുണ്ട്. ആശങ്ക പടരുമ്പോള്‍ മുഖ്യമന്ത്രി ചലച്ചിത്ര അവാര്‍ഡുനിശയില്‍ മുഴുകിയതും അദ്ദേഹം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാത്തതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
മനുഷ്യമതില്‍ : എല്ലാവരും സഹകരിക്കണം- മന്ത്രി ജോസഫ്
ഡിസംബര്‍ എട്ടിന് എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യമതിലിനോട് കേരളീയരായ എല്ലാവരും സഹകരിക്കണമെന്ന് ജലവിഭവമന്ത്രി പി ജെ ജോസഫ്. സ്പീക്കര്‍ ജി കാര്‍ത്തികേയനൊപ്പം അണക്കെട്ട് സന്ദര്‍ശിച്ചശേഷം തേക്കടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം മനുഷ്യമതിലിന് പിന്തുണയറിയിച്ചത്. അണക്കെിന്റെ സ്ഥിതി ഗുരുതരമാണ്. 65 സെന്റീമീറ്ററിനു മുകളിലുള്ള മഴയോ വന്‍ ഭൂചലനമോ ഉണ്ടായാല്‍ അണക്കെട്ടിന് താങ്ങാനാകില്ല. അത്യാഹിതമുണ്ടായാല്‍ ഇടുക്കിക്കും താങ്ങാനാകില്ല. ഈ സ്ഥിതിയില്‍ ഉത്തരവാദിത്വമുള്ള പൗരന്‍ എന്ന നിലയില്‍ എനിക്ക് സത്യം പറയാതിരിക്കാനാവില്ല- ജോസഫ് വ്യക്തമാക്കി.
സുപ്രീംകോടതി ഉന്നതാധികാരസമിതി യോഗം നടക്കുന്ന അഞ്ചിന് തമിഴ്നാട് അധികൃതരുടെ മനസ്സ് മാറാന്‍ ഡല്‍ഹിയില്‍ താന്‍ ഉപവസിക്കുമെന്നും എല്ലാ മലയാളികളും അന്ന് ഉപവസിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാറിലുണ്ടാകുന്ന ദുരന്തം തമിഴ്നാടിനെയും ബാധിക്കും. നാലു ജില്ല വരള്‍ച്ചയുടെ പിടിയിലാകും. തമിഴ് ജനത ഇതു മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയിലെത്തുമ്പോള്‍ ഇക്കാര്യം മുന്‍ രാഷ്ട്രപതിയും തമിഴ്നാട് സ്വദേശിയുമായ എ പി ജെ അബ്ദുള്‍ കലാമിനെയും അറിയിക്കും. അടുത്ത ശാസ്ത്രകോണ്‍ഗ്രസിലും എന്‍ജിനിയര്‍മാരുടെ അഖിലേന്ത്യാസമ്മേളനത്തിലും മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യണം. സ്പില്‍വേകളിലെ തടസ്സം നീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യജീവനാണ് പ്രധാനം. ഇക്കാര്യം സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. അണക്കെട്ടുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ ഇന്ത്യയില്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കണമെന്നും ഇതിനായി എംപിമാര്‍ മുന്‍കൈയടുക്കണമെന്നും ജോസഫ് അഭ്യര്‍ഥിച്ചു. വിജയപുരം ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരിയും മന്ത്രിക്കൊപ്പം അണക്കെട്ട് സന്ദര്‍ശിച്ചു.
ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടി കത്തെഴുതി
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ മേഖലയിലെ തുടര്‍ച്ചയായ ഭൂചലനത്തിന്റെ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. സുപ്രീംകോടതിയിലും ഉന്നതാധികാര സമിതിയുടെ മുമ്പിലുമുള്ള നിയമപരവും സാങ്കേതികവുമായ തര്‍ക്കങ്ങള്‍ക്ക് അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരിക്കാനാകില്ല. തമിഴ്നാടിന് നിലവിലുള്ള തോതില്‍തന്നെ വെള്ളം ലഭ്യമാക്കുമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം 26 തവണ മേഖലയില്‍ഭഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ ആറിന് മുകളിലുള്ള ഭൂചലനമുണ്ടായാല്‍ അണക്കെട്ട് അപകടത്തിലാകുമെന്ന് റൂര്‍ക്കി ഐഐടിയുടെ പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലനിരപ്പ് 136 അടി ആയി നിലനിര്‍ത്തുന്നത് സുരക്ഷിതമല്ല. ഈ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ മുകള്‍ഭാഗം തകരുമെന്ന് ഡല്‍ഹി ഐഐടിയുടെ പഠനവും മുന്നറിയിപ്പ് നല്‍കിയതാണ്. ദുരന്തം സംഭവിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി കത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രി എത്താത്തതില്‍ വിമര്‍ശം
ജനങ്ങളാകെ ആശങ്കയില്‍ കഴിയുമ്പോള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് ആക്ഷേപമുയര്‍ത്തുന്നു. ചപ്പാത്തില്‍ മൂന്ന് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുമ്പോള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനടക്കം പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും മുല്ലപ്പെരിയാറിലെത്തിയിട്ടും ഉമ്മന്‍ചാണ്ടി അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇത് കോണ്‍ഗ്രസ്-യുഡിഎഫ് വൃത്തങ്ങളിലും ചര്‍ച്ചയായി. പ്രശ്നത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത് വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണാന്‍ പോകുമെന്ന് മന്ത്രിസഭായോഗശേഷം മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ , കൊച്ചിയില്‍ വിവിധ പരിപാടികളില്‍ സംബന്ധിച്ചശേഷം രാത്രിയാണ് അദ്ദേഹം ഡല്‍ഹിക്ക് പറന്നത്.
deshabhimani 021211
മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക ശക്തമാകുമ്പോഴും ദുരന്തകൈകാര്യ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. ശക്തമായ ഭൂചലനങ്ങള്‍ക്ക് സാധ്യതയുള്ള മേഖലയാണെന്നും ജാഗ്രത വേണമെന്നും ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളുടെ സഹായം തേടാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ മനസ്സിലാക്കി കേന്ദ്ര സര്‍ക്കാരോ കേന്ദ്ര ദുരന്തകൈകാര്യ അതോറിറ്റിയോ നടപടി സ്വീകരിച്ചിട്ടുമില്ല. ജനം ഭീതിയില്‍ നില്‍ക്കുമ്പോള്‍ ദുരന്തകൈകാര്യ അതോറിറ്റിയടക്കമുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
ReplyDelete