Friday, December 2, 2011

മുതലാളി മാറിയാല്‍ തൊഴിലാളിക്കും മാറാം

മുതലാളി കമ്പനി വിറ്റാല്‍ പുതിയ കമ്പനിയില്‍ ജോലിചെയ്യണമെന്ന് തൊഴിലാളികളെ നിര്‍ബന്ധിക്കാനാകുമോ? ഇല്ലെന്ന് സുപ്രീം കോടതി. എന്നു മാത്രമല്ല, അവര്‍ പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം കമ്പനി നല്‍കുകയും വേണം. കൊല്‍ക്കത്തയിലെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഫിലിപ്സ് ഇന്ത്യ കമ്പനി 1997ല്‍ സ്വയംവിരമിക്കല്‍ പദ്ധതി അവതരിപ്പിച്ചു. ഭൂരിപക്ഷം തൊഴിലാളികളും ഇതു സ്വീകരിച്ച് പിരിഞ്ഞുപോയി. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഫിലിപ്സ് കമ്പനി വീഡിയോകോണ്‍ കമ്പനിയുമായി കരാറുണ്ടാക്കി. ഇതനുസരിച്ച് ഫിലിപ്സിന്റെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഫാക്ടറി അവര്‍ വീഡിയോകോണിന്റെ സബ്സിഡിയറിയായ കിച്ചണ്‍ അപ്ലയന്‍സസ് ലിമിറ്റഡിനു വിറ്റു. ഇക്കാര്യം ഫിലിപ്സിലെ തൊഴിലാളി യൂണിയനെ കത്തിലൂടെ കമ്പനി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച വിരമിക്കല്‍ പദ്ധതി പിന്‍വലിച്ചതായും കത്തില്‍ പറഞ്ഞു. ഇത്തരത്തിലൊരു വില്‍പ്പനയെ എതിര്‍ത്ത് യൂണിയന്‍ മറുപടിക്കത്ത് നല്‍കി. നിലവിലുള്ള ഒരു സിവില്‍ക്കോടതിവിധിപ്രകരം ഇത്തരത്തിലൊരു കൈമാറ്റം നിയമവിരുദ്ധമാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി. യൂണിയന്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. പ്രശ്നം തീര്‍പ്പാക്കാന്‍ ലേബര്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഉടമസ്ഥതാമാറ്റം തൊഴിലാളികളുടെ താല്‍പ്പര്യത്തെ ഒരുവിധത്തിലും ബാധിക്കുന്നതല്ലെന്നായിരുന്നു ലേബര്‍ കമീഷണറുടെ തീര്‍പ്പ്. യൂണിയന്‍ വീണ്ടും ഹൈക്കോടതിയിലെത്തി. തൊഴിലാളികളെ വിരമിക്കല്‍/പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ വാങ്ങി പിരിഞ്ഞുപോകാന്‍ അനുവദിക്കണമെന്നു നിര്‍ദേശിച്ച് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് കമ്പനി നടപ്പാക്കുന്നില്ലെന്നു കാട്ടി യൂണിയന്‍ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന്‍ ബെഞ്ചിനെയും സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കമ്പനിയുടെ കൈമാറ്റത്തെ തങ്ങള്‍ എതിര്‍ക്കുകയാണെന്നും ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയിരുന്നതായും തൊഴിലാളികള്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കൈമാറ്റം ലേബര്‍ കമീഷണര്‍ ശരിവച്ചു. അപ്പോള്‍ തൊഴിലാളികള്‍ വിആര്‍എസിന് അനുമതി തേടി. പുതിയ മാനേജ്മെന്റിന്റെ കീഴില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു. വിആര്‍എസ് കിട്ടാതെവന്നപ്പോഴാണ് ഹൈക്കോടതിയില്‍ പോയത്. ഹൈക്കോടതി വിആര്‍എസ് നല്‍കാന്‍ പറഞ്ഞു. എന്നിട്ടും കമ്പനി നല്‍കുന്നില്ല. ഇത് കോടതിയലക്ഷ്യമാണ്- തൊഴിലാളികള്‍ വാദിച്ചു. എന്നാല്‍ വിആര്‍എസ് 1998ല്‍ പിന്‍വലിച്ചതാണെന്നും ഇനി ആ പദ്ധതിയില്‍പ്പെടുത്തി ആനുകൂല്യം തരാനാകില്ലെന്നുമാണ് കമ്പനി വാദിച്ചത്. ഹൈക്കോടതി ഉത്തരവ് നിയമപരമല്ലെന്ന വാദവും കമ്പനി സുപ്രീം കോടതിയില്‍ ഉന്നയിച്ചു.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച് തൊഴിലാളികളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവു നല്‍കിയതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കമ്പനിയുടെ വാദം കേട്ടശേഷമാണ് കോടതി വിധിപറഞ്ഞത്. സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കാത്തവരാണ് ഈ തൊഴിലാളികള്‍ എന്ന വാദം അവിടെ കമ്പനി ഉയര്‍ത്തിയിരുന്നു. അത് ശരിയുമാണ്. പക്ഷേ തൊഴിലാളികള്‍ ഈ കാലയളവില്‍ തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നിയമവഴികള്‍ തേടുകയായിരുന്നുവെന്നതു കാണണം. അവര്‍ മാനേജ്മെന്റിന് കത്ത് നല്‍കി, ലേബര്‍ കമീഷണര്‍ക്ക് പരാതി നല്‍കി. ഒടുവില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. യഥാര്‍ഥത്തില്‍ തൊഴില്‍തര്‍ക്കത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. എന്നാല്‍ തൊഴിലാളികള്‍ ഈ മാനേജ്മെന്റ്മാറ്റത്തിന് അനുമതി നല്‍കിയിട്ടില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്ക് ആനുകൂല്യം വാങ്ങി പിരിഞ്ഞുപോകാന്‍ അവസരം നല്‍കണമെന്നാണ് ഹൈക്കോടതി വിധിച്ചത്- സുപ്രീം കോടതി വ്യക്തമാക്കി.

തൊഴിലാളികളെ, അവരുടെ അനുമതിയില്ലാതെ വ്യത്യസ്തമായ ഒരു മാനേജ്മെന്റിനു കീഴില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്നത് അംഗീകൃത നിയമമാണ്. അത്തരമൊരു സാഹചര്യം വന്നാല്‍ അവരെ പിരിഞ്ഞുപോകാന്‍ അനുവദിക്കണം. പല കോടതികളിലായി നിയമയുദ്ധം നടത്തിവന്ന തൊഴിലാളികള്‍ സമയത്ത് വിആര്‍എസിന് അപേക്ഷ നല്‍കിയില്ലെന്ന കാരണം പറഞ്ഞ് അവര്‍ക്ക് ആനുകൂല്യം നിഷേധിക്കാനാവില്ല. ഹൈക്കോടതി ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവു നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചപോലെ വിരമിക്കല്‍ ആനുകൂല്യം നല്‍കി തൊഴിലാളികള്‍ക്ക് വിട്ടുപോകാന്‍ ഫിലിപ്സ് ഇന്ത്യ കമ്പനി നടപടി സ്വീകരിക്കണം. തൊഴിലാളികള്‍ കോടതിയലക്ഷ്യഹര്‍ജിയുമായി സമീപിച്ചപ്പോള്‍ത്തന്നെ ഹൈക്കോടതി ഈ നിര്‍ദേശം കമ്പനിക്ക് നല്‍കേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2011 നവംബര്‍ 18 നായിരുന്നു വിധി. വിധി ലഭിച്ച് മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വ. കെ ആര്‍ ദീപ deshabhimani 021211

1 comment:

  1. മുതലാളി കമ്പനി വിറ്റാല്‍ പുതിയ കമ്പനിയില്‍ ജോലിചെയ്യണമെന്ന് തൊഴിലാളികളെ നിര്‍ബന്ധിക്കാനാകുമോ? ഇല്ലെന്ന് സുപ്രീം കോടതി. എന്നു മാത്രമല്ല, അവര്‍ പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം കമ്പനി നല്‍കുകയും വേണം. കൊല്‍ക്കത്തയിലെ ഫിലിപ്സ് ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

    ReplyDelete