Thursday, December 15, 2011

കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തില്ല: പ്രണബ്

വിദേശ ബാങ്കുകളിലെ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി.കള്ളപ്പണത്തിന്റെ വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് അറിയിച്ച പ്രണബ് അഴിമതിയിലൂടെ നേടിയ കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു. ബിജെപി നേതാവ് എല്‍ കെ അദ്വാനി ലോക്സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

വിലക്കയറ്റത്തിന് പകരം കള്ളപ്പണവിഷയത്തില്‍ അടിയന്തരപ്രമേയം വേണമെന്ന് ആവശ്യപ്പെട്ട ബിജെപിയാകട്ടെ പ്രണബിന്റെ മറുപടിയില്‍ സംതൃപ്തരായി പ്രമേയം വോട്ടിനിടാന്‍പോലും ആവശ്യപ്പെട്ടില്ല. കള്ളപ്പണം സംബന്ധിച്ച് ധവളപത്രം ഇറക്കുമെന്ന് പ്രണബ്മറുപടിയില്‍ പ്രഖ്യാപിച്ചു. ശബ്ദവോട്ടോടെയാണ് അടിയന്തരപ്രമേയം ലോക്സഭ തള്ളിയത്. മുലായംസിങ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ടി അംഗങ്ങള്‍ വാക്കൗട്ട് നടത്തി. അന്താരാഷ്ട്ര കരാറിന്റെ ലംഘനമാകുമെന്നതിനാലാണ് ജര്‍മനിയിലെ ലീസെസ്റ്റര്‍ ബാങ്ക് നല്‍കിയ 16 പേരുകള്‍ പുറത്ത് പറയാത്തതെന്ന പതിവ് മറുപടിയാണ് പ്രണബ്മുഖര്‍ജി സഭയിലും നല്‍കിയത്. മാത്രമല്ല പേര് വെളിപ്പെടുത്തിയാല്‍ നിക്ഷേപകര്‍ പണം പിന്‍വലിക്കുമെന്നും മുഖര്‍ജി അറിയിച്ചു. സര്‍ക്കാരിന് ലഭിച്ച പേരുകളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ആരുമില്ലെന്നും മുഖര്‍ജി വെളിപ്പെടുത്തി. സ്വിസ് ബാങ്കിലെ കള്ളപ്പണനിക്ഷേപം ദേശീയ സ്വത്തായി പ്രഖ്യാപിക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

കള്ളപ്പണനിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ച എല്‍ കെ അദ്വാനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് രാഷ്ട്രവികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് വിദേശബാങ്കുകളില്‍ ഉള്ളതെന്നും ഇത് കണ്ടെത്തി തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞാല്‍ ആറ് ലക്ഷം ഗ്രാമങ്ങളില്‍ വികസനം ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ അടിയന്തരപ്രമേയം അംഗീകരിക്കേണ്ടിവന്നതുതന്നെ സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

നികുതിവെട്ടിപ്പിലൂടെയുള്ള കള്ളപ്പണത്തെ കുറിച്ച് മാത്രമാണ് സര്‍ക്കാര്‍ പറയുന്നതെന്നും അഴിമതിയിലൂടെ നേടുന്ന കള്ളപ്പണത്തെക്കുറിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സിപിഐ എമ്മിലെ ബസുദേവ് ആചാര്യ ചോദിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ച മൗറീഷ്യസ് പാതയാണ് കള്ളപ്പണത്തിന്റെ പ്രധാന സ്രോതസ്സെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ സര്‍ക്കാരിന്റെ നടപടിയില്ലായ്മ ബോധപൂര്‍വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം പിടിച്ചെടുക്കാനായാല്‍ 50 കോടി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് എസ്പിയിലെ മുലായംസിങ് യാദവ് പറഞ്ഞു. മനീഷ് തിവാരി, ശശി തരൂര്‍ തുടങ്ങിയ കോണ്‍ഗ്രസ് എംപിമാര്‍ യുപിഎ സര്‍ക്കാര്‍ കള്ളപ്പണം കണ്ടെത്താനും തിരികെ കൊണ്ടുവരാനും ശ്രമിക്കുകയാണെന്ന് പറഞ്ഞു.

deshabhimani 151211

1 comment:

  1. വിദേശ ബാങ്കുകളിലെ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി.&ാറമവെ;കള്ളപ്പണത്തിന്റെ വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ കൈവശമില്ലെന്ന് അറിയിച്ച പ്രണബ് അഴിമതിയിലൂടെ നേടിയ കള്ളപ്പണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം തള്ളിക്കളയുകയും ചെയ്തു. ബിജെപി നേതാവ് എല്‍ കെ അദ്വാനി ലോക്സഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

    ReplyDelete