Sunday, December 11, 2011

മുല്ലപ്പെരിയാര്‍ തകര്‍ന്നാലും ഇടുക്കി ഡാം താങ്ങുമെന്ന് ജയലളിതയുടെ പരസ്യം

മുല്ലപ്പെരിയാര്‍ ഡാം തകരില്ലെന്നും തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത. ഇതുസംബന്ധിച്ച് സ്വാര്‍ഥതാല്‍പ്പര്യക്കാരുടെ കുതന്ത്രങ്ങളില്‍ വീഴരുതെന്നും ജയലളിത മാധ്യമങ്ങളിലൂടെ പരസ്യരൂപത്തില്‍ നല്‍കിയ തുറന്ന കത്തില്‍ കേരളജനതയോട് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാറിലെ തമിഴ്നാടിന്റെ പാട്ടക്കരാര്‍ സ്ഥലത്ത് കൈയേറിയ റിസോര്‍ട്ട് മാഫിയയെ സംരക്ഷിക്കാനാണ് ജലനിരപ്പ് കുറയ്ക്കണമെന്ന് വാദിക്കുന്നതെന്നും ജയലളിത ആരോപിച്ചു. മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് വിചാരിക്കാന്‍ ന്യായമായ കാരണമില്ല. എന്നിട്ടും മലയാളികളുടെ മനസ്സില്‍ ഇതേച്ചൊല്ലി ഭയം വളരുന്നത് നിര്‍ഭാഗ്യകരമാണെന്നും തുറന്ന കത്തില്‍ ജയലളിത പറഞ്ഞു.

ഡാം സുരക്ഷതിമാണെന്നും അതിന്റെ ജലനിരപ്പ് 142 അടിയാക്കാമെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍ കേരളം 136 അടിയായി നിജപ്പെടുത്തി നിയമഭേദഗതി അംഗീകരിച്ചു. ഇതിന്റെ ഭരണഘടനാ സാധുതയടക്കമുളള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സുപ്രീംകോടതി ഉന്നതാധികാര സമിതിയെയും നിയോഗിച്ചിട്ടുണ്ട്-ജയലളിത പറഞ്ഞു.

ഗൗരവമാക്കുന്നില്ല: മുഖ്യമന്ത്രി

കൊച്ചി: മുല്ലപ്പെരിയാര്‍വിഷയത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിമര്‍ശം ഗൗരവമായി എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രസ്താവനകളും വാര്‍ത്താക്കുറിപ്പുകളും ഇറക്കാന്‍ തമിഴ്നാടിന് അവകാശമുണ്ട്. കേരളത്തെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നല്‍കിയ പത്രപരസ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് സുരക്ഷ; തമിഴ്നാടിന് വെള്ളം എന്ന നിലപാടില്‍ കേരളം ഉറച്ചുനില്‍ക്കുന്നു. നിയമസഭയും ഈ നിലപാട് അംഗീകരിച്ചു. നദീജല തര്‍ക്കങ്ങളെല്ലാം ഒരു സംസ്ഥാനത്തിനു വെള്ളം നല്‍കാന്‍ മറ്റൊരു സംസ്ഥാനം വഴങ്ങാത്തതിനെ തുടര്‍ന്നുണ്ടായതാണ്. എന്നാല്‍ , പുതിയ ഡാം നിര്‍മിച്ചാലും തമിഴ്നാടിന് ആവശ്യമുള്ള വെള്ളം നല്‍കാമെന്ന് കേരളം ആവര്‍ത്തിച്ച് പറയുന്നുണ്ട്. വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് തമിഴ്നാട് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകോപനമുണ്ടാക്കിയത് യൂത്ത് കോണ്‍ . അക്രമം: വൈക്കം വിശ്വന്‍

പാലാ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പ്രകോപനമായത് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ അക്രമസമരമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ പറഞ്ഞു. ഡാമിന്റെ നിരോധിത മേഖലയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അതിക്രമിച്ച് കയറിയതാണ് തമിഴ്നാടിനെ പ്രകോപിപ്പിച്ചത്. സിപിഐ എം പാലാ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 35 ലക്ഷത്തില്‍പ്പരം ആളുകളുടെ ജീവന് ഭീഷണിയായ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ജനങ്ങളില്‍ ഉണ്ടായ ഐക്യത്തെ വഴിതിരിച്ച് വിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രകോപനം. പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെടണമെന്ന കെ എം മാണിയുടെ ആവശ്യത്തെയും യുഡിഎഫ് അവഗണിക്കുന്നു. നിയമസഭയില്‍ എല്‍ഡിഎഫിനെതിരെ പറയിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ പ്രശ്നത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ താല്‍പ്പര്യം ഹനിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത്. എജിയുടെ സത്യവാങ്മൂലം ഇതിന്റെ ഭാഗമാണ്. പ്രശ്നത്തില്‍ ഇടപെടുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ പരാജയമാണ്. കേരളത്തില്‍ നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രിയെക്കൊണ്ട് ഇതേവരെ പ്രശ്നത്തില്‍ തീരുമാനമെടുപ്പിക്കാന്‍ കഴിയാത്തത് ഇതിന് തെളിവാണ്-വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani news

1 comment:

  1. മുല്ലപ്പെരിയാര്‍ ഡാം തകരില്ലെന്നും തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത. ഇതുസംബന്ധിച്ച് സ്വാര്‍ഥതാല്‍പ്പര്യക്കാരുടെ കുതന്ത്രങ്ങളില്‍ വീഴരുതെന്നും ജയലളിത മാധ്യമങ്ങളിലൂടെ പരസ്യരൂപത്തില്‍ നല്‍കിയ തുറന്ന കത്തില്‍ കേരളജനതയോട് അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാറിലെ തമിഴ്നാടിന്റെ പാട്ടക്കരാര്‍ സ്ഥലത്ത് കൈയേറിയ റിസോര്‍ട്ട് മാഫിയയെ സംരക്ഷിക്കാനാണ് ജലനിരപ്പ് കുറയ്ക്കണമെന്ന് വാദിക്കുന്നതെന്നും ജയലളിത ആരോപിച്ചു. മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് വിചാരിക്കാന്‍ ന്യായമായ കാരണമില്ല. എന്നിട്ടും മലയാളികളുടെ മനസ്സില്‍ ഇതേച്ചൊല്ലി ഭയം വളരുന്നത് നിര്‍ഭാഗ്യകരമാണെന്നും തുറന്ന കത്തില്‍ ജയലളിത പറഞ്ഞു.

    ReplyDelete