Sunday, December 18, 2011

സംഘശക്തിയുടെ മഹാപ്രവാഹം


മുക്കം: മലയോരത്തെ ഉജ്വല രാഷ്ട്രീയശക്തി സിപിഐ എമ്മാണെന്ന് വിളംബരംചെയ്ത മഹാപ്രകടനം. ശനിയാഴ്ച ഉച്ചമുതല്‍ മലയോരത്തെ എല്ലാ വഴികളും മുക്കത്തേക്കായിരുന്നു. ഒരു നാടിന്റെയും ജനതയുടെയും പ്രതീക്ഷയും ആവേശവുമായ പ്രസ്ഥാനത്തിന് കീഴില്‍ മലയോരമൊന്നാകെ അണിനിരന്ന ആവേശഭരിതമായ കാഴ്ച. എങ്ങും ചെങ്കൊടികള്‍ , പടപ്പാട്ടുകള്‍ , കുട്ടികള്‍ മുതല്‍ അമ്മമാരും വൃദ്ധരുമടക്കം ആബാലവൃദ്ധം നീങ്ങിയ പ്രകടനം രാഷ്ട്രീയ എതിരാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായി. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വലതുപക്ഷമാധ്യമങ്ങളും പിന്തിരിപ്പന്മാരും നടത്തുന്ന നെറികെട്ട പ്രചാരണങ്ങള്‍ക്കുള്ള കനത്ത മറുപടിയായി കോടഞ്ചേരിയിലെയും കൂടരഞ്ഞിയിലെയും കാരശ്ശേരിയിലെയും കൊടിയത്തൂരിലെയും തിരുവമ്പാടിയിലെയും മലയോരമക്കളുടെ പ്രവാഹം. മലയോരമിന്നുവരെ കണ്ടിട്ടില്ലാത്ത ജനങ്ങളുടെ കുത്തൊഴുക്കില്‍ കര്‍ഷക കാരണവന്മാരും അമ്മമാരും തൊഴിലാളികളും എല്ലാം കുടംബസമേതം അണിനിരന്നു. ബൈക്കുകളില്‍ കൂറ്റന്‍ ചെമ്പതാകയുമായി വൈകിട്ട്മുതല്‍ യുവാക്കള്‍ സമരോത്സുകമുന്നേറ്റം വിളിച്ചറിയിച്ചു. തെയ്യം, തിറ, നാടന്‍കലാരൂപങ്ങള്‍ , തായമ്പക, ബാന്‍ഡ്മേളം , നിശ്ചലദൃശ്യങ്ങള്‍ , മുത്തുക്കുടയേന്തിയ സ്ത്രീകള്‍ , പുലികളി, കര്‍ഷകതൊഴിലാളികളുടെയും കൃഷിക്കാരുടെയും വേഷമായ തോര്‍ത്തും പാളത്തൊപ്പിയുമണിഞ്ഞ കുട്ടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളിലും രൂപങ്ങളിലുമായി പ്രകടനം എല്ലാഅര്‍ഥത്തിലും ജനകീയ ഉത്സവമാക്കി പ്രസ്ഥാനത്തിന്റെ സമ്മേളനറാലിയെ മാറ്റി.
കൂറ്റന്‍ രക്തപതാകയുമായി രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മുന്നേറിയ പ്രകടനം വരാനിരിക്കുന്ന പോരാട്ടങ്ങള്‍ക്ക് ഇന്നലെകളിലെ സമരഭൂമികള്‍ കരുത്താക്കുമെന്ന പ്രഖ്യാപനമായി. ചുകന്ന നക്ഷത്രങ്ങളേന്തിയ ആയിരക്കണക്കിന് കുട്ടികള്‍ , കൈക്കുഞ്ഞുങ്ങളേന്തിയ അമ്മമാര്‍ , പ്രായത്തിന്റെ അവശതയെയും വെല്ലുന്ന ആവേശവുമായി മുദ്രാവാക്യംവിളച്ച് നീങ്ങിയ കര്‍ഷകക്കാരണവന്മാര്‍ .. ഇങ്ങനെ ജീവിതത്തിന്റെ സമസ്ത വിഭാഗങ്ങളുടെയും പ്രതിനിധികളുണ്ടായിരുന്നു മുക്കത്തെ വീഥിയില്‍ . ചെങ്കൊടികളും ചെമ്പടയുമായി എല്ലാവിധത്തിലും മുക്കത്തിന് ചുകന്ന മേലാപ്പ് തീര്‍ത്ത സിപിഐ എം പ്രവര്‍ത്തകര്‍ വര്‍ഗശത്രുക്കളുടെ വെല്ലുവിളികള്‍ തകര്‍ത്തെറിഞ്ഞ് പുതിയ ജനപഥങ്ങള്‍ കീഴടക്കാന്‍ തയ്യാറാണെന്ന് വിളച്ചോതി. ഉമ്മന്‍ചാണ്ടി-മന്‍മോഹന്‍ സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തിരുത്തിക്കാന്‍ ജനകീയസമരമുന്നണി തീര്‍ക്കുമെന്ന് ജനസഞ്ചയം വ്യക്തമാക്കി. ഒരേശബ്ദത്തില്‍ ഒരേ ഹൃദയവികാരത്തോടെ മലയോരത്തെ പോരാടുന്നവരുടെ സംഘശക്തി ചുവടുവെച്ച സായാഹ്നം മലയോരത്തെയും കോഴിക്കോടിന്റെയാകെയും വര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായമായി.

ജില്ലാ വളണ്ടിയര്‍ ക്യാപ്റ്റന്‍ വി കെ മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി, താമരശേരി, കുന്നമംഗലം, കോഴിക്കോട് നോര്‍ത്ത് ഏരിയകളിലെ മൂവായിരത്തോളം ചുകപ്പുവളണ്ടിയര്‍മാരാണ് മാര്‍ച്ച് ചെയ്തത്. പാര്‍ടി നേതാക്കളായ ടി പി രാമകൃഷ്ണന്‍ , എളമരം കരീം എംഎല്‍എ, എന്‍ കെ രാധ, പി സതീദേവി, പി മോഹനന്‍ , എം ഭാസ്കരന്‍ , പി വിശ്വന്‍ , ടി പി ബാലകൃഷ്ണന്‍ നായര്‍ , കെ പി കുഞ്ഞമ്മത്കുട്ടി, എ പ്രദീപ്കുമാര്‍ എംഎല്‍എ, സി ഭാസ്കരന്‍ , ഇ രമേശ്ബാബു, ജോര്‍ജ് എം തോമസ്, ടി വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധികള്‍ പ്രകടനമായി നീങ്ങിയത്. ചുകപ്പുവളണ്ടിയര്‍മാര്‍ മുക്കം-അരീക്കോട് റോഡിലെ പൊതുസമ്മേളനനഗരിയിലെത്തിയതോടെ മാനത്ത് കരിമരുന്നുകള്‍ ആവേശവര്‍ണംവാരിവിതറി. പൊതുസമ്മേളനാനന്തരം നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ സുവര്‍ണഗീതങ്ങള്‍ കലാവിരുന്നുമുണ്ടായി.

പി കെ ശ്രീമതി

കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ജനവിശ്വാസം നഷ്ടപ്പെട്ടതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തിലേത്. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ല. നാടിനെയും ജനങ്ങളെയും മറന്ന് പ്രവര്‍ത്തിക്കുന്ന മന്ത്രിസഭ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കും -വൈക്കം വിശ്വന്‍

മുക്കം: ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരെ വഴിയാധാരമാക്കുമെന്നും തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വ്യവസായശാലകള്‍ ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖല തകര്‍ന്നു. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ വിധിയെഴുത്താകും പിറവം ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത് സിപിഐ എം ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രസംഭവമാക്കാന്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തിറങ്ങും

മുക്കം: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ചരിത്രസംഭവമാക്കാന്‍ ജില്ലയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തിറങ്ങുമെന്ന് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോണ്‍ഗ്രസിന് മുന്നോടിയായി സംഘടിപ്പിക്കും. സെമിനാറുകള്‍ , സംവാദങ്ങള്‍ , പ്രദര്‍ശനങ്ങള്‍ , ചര്‍ച്ചാസമ്മേളനങ്ങള്‍ , കലാ-സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ ആവിഷ്ക്കരിച്ചുവരികയാണ്. കേരളത്തില്‍ പാര്‍ടിയുടെ ആദ്യഘടകം രൂപീകരിച്ച കോഴിക്കോടിന്റെ രാഷ്ട്രീയ പ്രബുദ്ധതയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച് സമ്മേളനം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങും. ജില്ലാസമ്മേളന തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് പാര്‍ടി പ്രക്ഷോഭം ആരംഭിക്കും. വന്യജീവിശല്യം, വിളകള്‍ക്കുള്ള രോഗം തുടങ്ങി മലയോരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിളസംരക്ഷണം ഉറപ്പാക്കാനും നടപടികള്‍ ആവശ്യപ്പെട്ടാവും പ്രക്ഷോഭം. കിനാലൂര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ഭൂമി പതിച്ചുനല്‍കിയെങ്കിലും ഇതുവരെ ഭൂരേഖ നല്‍കിയിട്ടില്ല. ഇത് ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടും പാര്‍ടി രംഗത്തിറങ്ങും. തോട്ടക്കാട്, അമ്പായത്തോട് മിച്ചഭൂമി കൈവശക്കാര്‍ക്ക് ഭൂമിയുടെ രേഖ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. മലബാറിലെ പാവങ്ങങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന ആതുരകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍കോളേജിനെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പോരാട്ടം ശക്തമാക്കും. ജില്ലയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ശ്രദ്ധിക്കും. ജില്ലാകമ്മിറ്റിഅംഗം പി മോഹനന്‍ , സ്വാഗതസംഘം ചെയര്‍മാന്‍ ഇ രമേശ്ബാബു എന്നിവര്‍ പങ്കെടുത്തു.

deshabhimani 181211

1 comment:

  1. മലയോരത്തെ ഉജ്വല രാഷ്ട്രീയശക്തി സിപിഐ എമ്മാണെന്ന് വിളംബരംചെയ്ത മഹാപ്രകടനം. ശനിയാഴ്ച ഉച്ചമുതല്‍ മലയോരത്തെ എല്ലാ വഴികളും മുക്കത്തേക്കായിരുന്നു. ഒരു നാടിന്റെയും ജനതയുടെയും പ്രതീക്ഷയും ആവേശവുമായ പ്രസ്ഥാനത്തിന് കീഴില്‍ മലയോരമൊന്നാകെ അണിനിരന്ന ആവേശഭരിതമായ കാഴ്ച. എങ്ങും ചെങ്കൊടികള്‍ , പടപ്പാട്ടുകള്‍ , കുട്ടികള്‍ മുതല്‍ അമ്മമാരും വൃദ്ധരുമടക്കം ആബാലവൃദ്ധം നീങ്ങിയ പ്രകടനം രാഷ്ട്രീയ എതിരാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായി. സിപിഐ എമ്മിനും അതിന്റെ നേതാക്കള്‍ക്കുമെതിരെ വലതുപക്ഷമാധ്യമങ്ങളും പിന്തിരിപ്പന്മാരും നടത്തുന്ന നെറികെട്ട പ്രചാരണങ്ങള്‍ക്കുള്ള കനത്ത മറുപടിയായി കോടഞ്ചേരിയിലെയും കൂടരഞ്ഞിയിലെയും കാരശ്ശേരിയിലെയും കൊടിയത്തൂരിലെയും തിരുവമ്പാടിയിലെയും മലയോരമക്കളുടെ പ്രവാഹം

    ReplyDelete