Tuesday, December 13, 2011

പിഎഫ് പലിശ കുറച്ചതില്‍ പ്രതിഷേധം

പ്രോവിഡന്റ് ഫണ്ട് പലിശ വെട്ടിക്കുറച്ച് അഞ്ചു കോടി തൊഴിലാളികളുടെ ജീവിതസമ്പാദ്യം തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. വാണിജ്യബാങ്കുകളില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ , തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണത്തിന്റെ പലിശ കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

രാജ്യസഭയില്‍ ശൂന്യവേളയില്‍ സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്നാണ് പിഎഫ് പലിശപ്രശ്നം ഉയര്‍ത്തിയത്. പിഎഫ് പലിശ 9.5 ല്‍ നിന്ന് 8.25 ശതമാനമായി കുറയ്ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞുവെന്നും ഇത് അംഗീകരിക്കാനുള്ള സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ്റീസ് യോഗം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിഞ്ഞാക്കിയത് മനഃപൂര്‍വമാണെന്നും തപന്‍സെന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഈ പ്രശ്നം വരുന്നത് ഒഴിവാക്കാനാണിത്. അഞ്ചു കോടി തൊഴിലാളികള്‍ ജീവിത സമ്പാദ്യമായി കരുതുന്ന നാലു ലക്ഷം കോടി രൂപയുടെ പലിശ നിരക്ക് വച്ചുള്ള സര്‍ക്കാരിന്റെ കളി അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്ക് പലപ്രാവശ്യം വര്‍ധിപ്പിച്ചു. അതേ സര്‍ക്കാര്‍ എന്തിനാണ് പിഎഫില്‍ കൈയിട്ടു വാരുന്നത്. 30 വര്‍ഷത്തിലേറെയായി സര്‍ക്കാരിന്റെ കൈയിലുള്ള ഈ തുകയ്ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന നിലയില്‍ പലിശ കൂട്ടാനാണ് ശ്രമിക്കേണ്ടിയിരുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന സംഘടിതമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയാണ് പിഎഫ് തുക. തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും കഷ്ടത്തിലാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ തൊഴിലാളിസംഘടനകള്‍ ശക്തമായി രംഗത്തുവരുമെന്നും എംപിമാര്‍ മുന്നറിയിപ്പ് നല്‍കി.
(ദിനേശ്വര്‍മ)

deshabhimani 131211

1 comment:

  1. പ്രോവിഡന്റ് ഫണ്ട് പലിശ വെട്ടിക്കുറച്ച് അഞ്ചു കോടി തൊഴിലാളികളുടെ ജീവിതസമ്പാദ്യം തട്ടിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം. വാണിജ്യബാങ്കുകളില്‍ പലിശനിരക്ക് വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ , തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണത്തിന്റെ പലിശ കുറയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

    ReplyDelete