Tuesday, December 13, 2011

പട്ടികജാതി വര്‍ഗകമ്മിഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍

സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ പുനസംഘടിപ്പിക്കാത്തതുമൂലം പ്രവര്‍ത്തനം അവതാളത്തില്‍. ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന് നാഥനില്ലാതായിട്ട് പത്ത് മാസമായി. കമ്മിഷനില്‍ ചെയര്‍മാനെയും കമ്മിഷന്‍ അംഗങ്ങളെയും നിയമിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ കമ്മീഷന്റെ പ്രവര്‍ത്തനം സ്തംഭിച്ച മട്ടാണ്. കമ്മിഷനില്‍ ലഭിച്ച പരാതികള്‍ പരിഹാരം കാണാതെ കെട്ടികിടക്കുന്ന അവസ്ഥയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമാണ് കമ്മിഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നതിന് തടസമായിരിക്കുന്നത്. മറ്റു കമ്മിഷനുകളുടെ പുനസംഘടന നടത്തിയെങ്കിലും എസ് സി -എസ് റ്റി കമ്മിഷനെ പുനസംഘടിപ്പിക്കാത്തത് യു ഡി എഫ് രാഷ്ട്രിയ നിയമനം ഉദ്ദേശിച്ചുകൊണ്ടാണ്.

ഇടതുമുന്നണി സര്‍ക്കാര്‍ പട്ടിക ജാതി- പട്ടിക വര്‍ഗ ഗോത്രവര്‍ഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ് കമ്മിഷന്‍. 2007 ല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2008 ഫെബ്രൂവരിയിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കുറഞ്ഞ കാലയളവിനുള്ളില്‍ വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കമ്മിഷന്‍ നടത്തിയത്. ഡോ പി കെ  ശിവാനന്ദന്‍ ഐ എ എസ് ചെയര്‍മാനായ കമ്മിഷനില്‍ റിട്ട ഐ ജി ശേഖരന്‍ മിനിയോടന്‍,രുഗ്മിണി സുബ്രഹ്മണ്യം എന്നിവര്‍ അംഗങ്ങളായിരുന്നു.

ചെയര്‍മാന്‍ ഉള്‍പ്പടെ മൂന്നംഗങ്ങളുള്ള കമ്മിഷന്റെ കാലാവധി 2011 ഫെബ്രുവരിയില്‍ അവസാനിച്ചതോടെയാണ് കമ്മിഷന്റെ  തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായത്. തിരഞ്ഞെടുപ്പ് വന്നതിനെ തുടര്‍ന്ന് മുന്ന് വര്‍ഷം കാലാവധിയുള്ള കമമീഷന്‍ പുനസംഘടിപ്പിക്കപ്പെട്ടില്ല.  ഇടതുമുന്നണി വിദഗ്ദരെ ഉള്‍പ്പെടുത്തി രാഷ്ട്രീയ നിറം നല്‍കാതെ രൂപീകരിച്ച കമ്മിഷന്റെ തലപ്പത്തേക്ക് കോണ്‍ഗ്രസിന്റെ പട്ടികജാതി സംഘടനാ നേതാക്കളെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കംനടത്തുന്നത്. ഇതാണ് ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടി പ്രതിസന്ധിയിലായിരിക്കുന്നതും.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കമ്മിഷന്റെ പ്രവര്‍ത്തനം പട്ടിക ജാതി-പട്ടിക വിഭാഗങ്ങള്‍ക്കും ഏറെ കഷ്ടപ്പെടുന്ന ഗോത്രവര്‍ഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതായിരുന്നു. എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി പരാതികള്‍ സ്വീകരിച്ച് നടപടി നിര്‍ദ്ദേശിച്ച കമ്മിഷന്‍ വയനാട്ടിലെ ഇഞ്ചികര്‍ഷകരുടെ പ്രശ്‌നത്തിലും കാറ്റാടി ഭൂമി കയ്യേറ്റത്തിലുമെല്ലാം ഇടപ്പെട്ട് ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പ്രകാരം 2011 ഫെബ്രുവരി മുതല്‍ 2011 നവംബര്‍ വരെയുള്ള 10 മാസത്തിനുള്ളില്‍ 300 പരാതികള്‍ ലഭിച്ചതായാണ് കണക്ക്. ചെയര്‍മാനും അംഗങ്ങളും ഇല്ലാത്തതിനാല്‍ ഇവയില്ലൊന്നും പ്രാഥമിക നടപടികള്‍ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചിരിക്കുന്നതിനാലാണ് പരാതികളുടെ എണ്ണം കുറഞ്ഞുവരുന്നതും. പത്ത് മാസത്തിനിടയില്‍ മെമ്പര്‍ സെക്രട്ടറി പരിഹരിച്ച 56 പരാതികളാണ് ആകെ പ്രവര്‍ത്തനം. പട്ടിക ജാതി പട്ടികവര്‍ഗങ്ങള്‍ക്കും ഗോത്രവര്‍ഗങ്ങള്‍ക്കും എതിരെ വ്യാപകമായ അക്രമങ്ങള്‍ നടക്കുമ്പോള്‍ കമ്മിഷനെ നിയമിക്കാത്ത സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കമ്മിഷന്‍ നിയമനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ റൈറ്റ്‌സ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

ജലീല്‍ അരൂക്കുറ്റി janayugom

1 comment:

  1. സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മീഷന്‍ പുനസംഘടിപ്പിക്കാത്തതുമൂലം പ്രവര്‍ത്തനം അവതാളത്തില്‍. ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനും അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന സുപ്രധാന ഭരണഘടനാ സ്ഥാപനത്തിന് നാഥനില്ലാതായിട്ട് പത്ത് മാസമായി. കമ്മിഷനില്‍ ചെയര്‍മാനെയും കമ്മിഷന്‍ അംഗങ്ങളെയും നിയമിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല

    ReplyDelete