Wednesday, December 7, 2011

വിദേശ നിക്ഷേപം ചെറുകിട വ്യാപാരികള്‍ക്ക് ദുരിതംവിതയ്ക്കും: സി എ ഐ ടി

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതും വിദേശ കുത്തകകളെ വിളിച്ചു വരുത്തുന്നതും രാജ്യത്തെ വ്യാപാര മേഖലയെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നതിനും നിലവിലുള്ള ചെറുകിട വ്യാപാര സംവിധാനത്തെ തകിടംമറിച്ച് കുത്തകള്‍ക്ക് മേല്‍ക്കൈ നേടുന്നതിനും വഴിതുറക്കുമെന്ന് ദേശീയ വ്യാപാരി സംഘടന. രാജ്യത്തെ വ്യാപാര മേഖലയിലേക്ക് കടന്നുകയറിയ ശേഷം തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഇവിടത്തെ സംവിധാനങ്ങളെ തകിടംമറിച്ച് ലാഭം കൊയ്യുക മാത്രമാണ് വിദേശ കുത്തകളുടെ ലക്ഷ്യമെന്ന് അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍ ദേശീയ അദ്ധ്യക്ഷന്‍ ബി സി ബാര്‍ട്ടിയ പറഞ്ഞു. ഉപഭോക്താക്കളും ചെറുകിട വ്യാപാരികളുമായിരിക്കും വിദേശ കുത്തക വിളയാട്ടത്തിന്റെ വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരിക. കുത്തകകള്‍ കടന്നുകൂടിക്കഴിഞ്ഞാല്‍ വിപണിയില്‍ ശരിയായ മല്‍സരമായിരിക്കില്ല ഉണ്ടാകുക. മുന്തിയ സാമ്പത്തീക ശക്തി ഉപയോഗിച്ച് ഉല്‍പ്പന്നങ്ങല്‍ സ്വന്തം കൂടാരങ്ങളില്‍ കുന്നുകൂട്ടാനും ക്രമേണ മല്‍സരമില്ലാത്തതെയും കാര്യമായ എതിര്‍പ്പുകളില്ലാതെയും വിപണി കയ്യടക്കാനും കുത്തക കമ്പനികള്‍ക്കാകുമെന്ന് ബാര്‍ടിയ ചൂണ്ടിക്കാട്ടി.

തുടക്കത്തില്‍ ആകര്‍ഷണ തന്ത്രങ്ങല്‍ പ്രയോഗിച്ച് ഉപഭോക്താക്കളെ കൈയ്യിലെടുക്കുകയും ക്രമേണ വില നിയന്ത്രണം കൈക്കലാക്കുകയും ചെയ്യും. നിലവിലുള്ള വിതരണ ശൃംഖല തന്നെ കൈക്കലാക്കുന്ന കുത്തകകള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും കീഴടങ്ങേണ്ടി വരും. ഇതിലൂടെ വന്‍ ലാഭം കൊയ്യാന്‍ കുത്തക കമ്പനികള്‍ക്കാകുമെന്നും ബാര്‍ടിയ ചൂണ്ടിക്കാട്ടി.

മുതല്‍മുടക്ക് പ്രശ്‌നമല്ലാത്ത കുത്തകള്‍ വിപണിയില്‍ മുതല്‍മുടക്കുന്നതിന് അനുസരിച്ച് മറ്റുള്ളവരും മുതല്‍മുടക്കേണ്ട അവസ്ഥയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത ചെറുകിട വ്യാപാരികള്‍ ക്രമേണ ഈ മേഖലയില്‍ നിന്ന് പുറത്താകും. നിലവിലെ ചെറുകിട വ്യാപാര മേഖല ഇല്ലാതായാല്‍ കമ്പനികള്‍ പറയുന്ന വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ ഉപഭോക്താക്കള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളുണ്ടാവില്ല. ഇത്തരത്തിലായിരിക്കും കുത്തക കമ്പനികള്‍ നടത്തുന്ന ചൂഷണമെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റും വ്യാപാര മേഖലയില്‍ കുടുംബരപരമായ പാരമ്പര്യവുമുള്ള ബാര്‍ട്ടിയ ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങള്‍ വിദേശ നിക്ഷേപത്തെ നിരോധിച്ചാലും കുത്തക കമ്പനികള്‍ ഏറ്റെടുക്കല്‍ നയവും ലയിപ്പിക്കല്‍ നയവും പ്രയോഗിക്കും. നിരോധനമുള്ള സംസ്ഥാനങ്ങളിലെ താരതമ്യേന ചെറിയ കമ്പനികളെയും മറ്റും ഏറ്റെടുക്കുകയോ ശൃംഖലയില്‍ കണ്ണിയാക്കുകയോ ചെയ്യുക വഴി എവിടെയും കടന്നുകയറാന്‍ അവര്‍ക്കാകുമെന്നും ഇത്തരത്തില്‍ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങലിലും വരെ എത്തിപ്പെടാന്‍ കുത്തകള്‍ ശ്രമിക്കുമെന്നും ബാര്‍ട്ടിയ പറഞ്ഞു.        

janayugom 071211

1 comment:

  1. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതും വിദേശ കുത്തകകളെ വിളിച്ചു വരുത്തുന്നതും രാജ്യത്തെ വ്യാപാര മേഖലയെയും ഉപഭോക്താക്കളെയും ചൂഷണം ചെയ്യുന്നതിനും നിലവിലുള്ള ചെറുകിട വ്യാപാര സംവിധാനത്തെ തകിടംമറിച്ച് കുത്തകള്‍ക്ക് മേല്‍ക്കൈ നേടുന്നതിനും വഴിതുറക്കുമെന്ന് ദേശീയ വ്യാപാരി സംഘടന. രാജ്യത്തെ വ്യാപാര മേഖലയിലേക്ക് കടന്നുകയറിയ ശേഷം തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഇവിടത്തെ സംവിധാനങ്ങളെ തകിടംമറിച്ച് ലാഭം കൊയ്യുക മാത്രമാണ് വിദേശ കുത്തകളുടെ ലക്ഷ്യമെന്ന് അഖിലേന്ത്യാ വ്യാപാരി കോണ്‍ഫെഡറേഷന്‍ ദേശീയ അദ്ധ്യക്ഷന്‍ ബി സി ബാര്‍ട്ടിയ പറഞ്ഞു.

    ReplyDelete