വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശം. വിലക്കയറ്റത്തെക്കുറിച്ച് സിപിഐ എം നേതാവ് ബസുദേവ് ആചാര്യ, സിപിഐ നേതാവ് ഗുരുദാസ്ദാസ്ഗുപ്ത എന്നിവര്‍ നല്‍കിയ നോട്ടീസിനെത്തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയിലാണ് സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനകൂല നടപടികളെ ചോദ്യംചെയ്തത്. സര്‍ക്കാരിനെ ന്യായീകരിക്കാനുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ശ്രമം വിഫലമായി. സര്‍ക്കാര്‍ തുടരുന്ന തെറ്റായ സാമ്പത്തികനയം സാധാരണക്കാരുടെ ജീവിതഭാരമാണ് വര്‍ധിക്കുന്നതെന്നും അത് നാള്‍ക്കുനാള്‍ കൂടുകയാണെന്നും ബസുദേവ് ആചാര്യ പറഞ്ഞു. വരുംനാളുകളില്‍ അത് രൂക്ഷമാകുമെന്നും ആചാര്യ പറഞ്ഞു. ബംഗാളില്‍ വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യ അദ്ദേഹം ചൂണ്ടിക്കാണിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ച് എഴുന്നേറ്റു. ചെയറിലുണ്ടായിരുന്ന സത്പാല്‍ മഹാരാജ് ഇടപെട്ട് ശാന്തരാക്കി.
സര്‍ക്കാര്‍ വില കുറയ്ക്കാന്‍ നടപടിയെടുത്തെന്ന പി സി ചാക്കോയുടെ വാദങ്ങളെ കണക്കുകളുദ്ധരിച്ച് പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് ഖണ്ഡിച്ചു. 32 രൂപ വരുമാനമുള്ള കുടുംബത്തെ ദാരിദ്ര്യരേഖയ്ക്കു മുകളിലാക്കിയ യുപിഎ സര്‍ക്കാര്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഭരിക്കുന്നതെന്ന് ഏവര്‍ക്കും അറിയാം. ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച ഏറ്റവും ഒടുവിലത്തെ തീരുമാനംവരെ ആ താല്‍പ്പര്യം വ്യക്തമാക്കുന്നതായും അവര്‍ പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ചല്ല, മറിച്ച് വിലകുറയ്ക്കാമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പല പ്രാവശ്യം നല്‍കിയ ഉറപ്പ് ലംഘിച്ചതിനെക്കുറിച്ചാണ് ചര്‍ച്ച വേണ്ടതെന്നും ഗുരുദാസ്ദാസ്ഗുപ്ത പറഞ്ഞു. കാര്‍ഷിക, നിര്‍മാണമേഖലയില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷമുള്ള ഇടിവ് രാജ്യത്തിന്റെ ഭാവിയെത്തന്നെ ഇരുളിലാക്കുന്നതാണെന്ന് ഗുപ്ത പറഞ്ഞു.
വിലക്കയറ്റം ഒരു യാഥാര്‍ഥ്യമാണെന്നും എന്നാല്‍ അത് നേരിടാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്ന വാദം യുക്തിസഹമല്ലെന്നും പി സി ചാക്കോ പറഞ്ഞു. വിവിധ കക്ഷിനേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിയാഴ്ച മന്ത്രി പ്രണബ്മുഖര്‍ജി മറുപടി പറയും. ചില്ലറവിപണിയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നത് അടക്കമുള്ള പരിഷ്ക്കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി രാജ്യസഭയില്‍ പറഞ്ഞു. വിലക്കയറ്റം കുറഞ്ഞുവരികയാണെന്നും അത് ഇനിയും കുറയുമെന്നും ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രണബ് പറഞ്ഞു. മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ടികള്‍ ഒന്നടങ്കം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
deshabhimani 091211
No comments:
Post a Comment