കൊച്ചി: അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ കേസ് വാദിച്ചശേഷം വിശദീകരണം ചോദിക്കാന്‍ മന്ത്രിസഭായോഗത്തിലേക്ക് വിളിപ്പിക്കുന്നത് ഭരണഘടനാധ്വംസനമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. എജി കെ പി ദണ്ഡപാണി മന്ത്രിസഭായോഗത്തില്‍ ഹാജരാകാന്‍ പാടില്ല. "ഇതാ എന്റെ രാജി" എന്നാണ് പറയേണ്ടത്. ഇങ്ങനെയുള്ള സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നത് അവഹേളനമാണ്. അഡ്വക്കറ്റ് ജനറലിന്റെ പദവി മാനിക്കാത്ത സര്‍ക്കാര്‍നടപടി അപലപനീയമാണ്.
എജി സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. സര്‍ക്കാരിനെപ്പോലെ ഭരണഘടനയുടെ കീഴിലുള്ള സ്ഥാപനമാണ്. ഭരണഘടനയിലെ 165-ാം ഖണ്ഡികപ്രകാരമാണ് എജിയെ ഗവര്‍ണര്‍ നിയമിക്കുന്നത്. സര്‍ക്കാരിന് വിശ്വാസമുള്ളിടത്തോളംകാലമേ അദ്ദേഹത്തിന് തുടരാന്‍ സാധിക്കുകയുള്ളു. സര്‍ക്കാരിന് വിശ്വാസമില്ല എന്ന തോന്നല്‍വന്നാല്‍ എജി രാജിവയ്ക്കുകയാണ് വേണ്ടത്. എജിയെ വിശദീകരണത്തിനായി മന്ത്രിസഭായോഗത്തിലേക്ക് വിളിപ്പിക്കുന്നത് ഭരണഘടനയോടുള്ള അനാദരവാണ്. നിയമോപദേശത്തിനായി എജിയോട് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിക്കാം. നിയമോപദേശത്തിനായി നിയമസഭയില്‍ പങ്കെടുക്കാനും പറയാം. നിയമസഭയില്‍ എജിക്ക് പ്രത്യേകമായ സീറ്റുണ്ട്. അല്ലാതെ കേസ് വാദിച്ചശേഷം വിശദീകരണംതേടാന്‍ മന്ത്രിസഭായോഗത്തിലേക്ക് വിളിപ്പിക്കുന്നത് ഭരണഘടനാപ്രകാരം നിലവില്‍വന്ന സര്‍ക്കാര്‍ ഭരണഘടനയുടെ മറ്റൊരുവശത്തെ അപമാനിക്കലാണ്. എജി മന്ത്രിസഭാമുമ്പാകെ ഹാജരാകുന്നത് ഭരണഘടനയ്ക്ക് അപമാനമാണ്. കുറ്റവാളിയെപ്പോലെ മന്ത്രിസഭാമുമ്പാകെചെന്ന് എജി വിശദീകരണം നല്‍കരുത്. എജി സംസ്ഥാനത്തെ അഭിഭാഷകരുടെ നേതാവാണ്. സര്‍ക്കാര്‍ ഇപ്പോള്‍ അദ്ദേഹത്തെമാത്രമല്ല അഭിഭാഷകവൃന്ദത്തെ ഒന്നാകെ അപമാനിച്ചിരിക്കുകയാണെന്നും കേളുനമ്പ്യാര്‍ പറഞ്ഞു.
എജിയെ വിളിച്ചുവരുത്തുന്നത് കള്ളക്കളി: വി എസ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ കൂറുമാറിയ അഡ്വക്കറ്റ് ജനറലിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാതെ മന്ത്രിസഭാ യോഗത്തിലേക്കു വിളിച്ചുവരുത്തുന്നത് കള്ളക്കളിയാണെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ കേസില്‍ മുമ്പ് തമിഴ്നാടിന്റെ വക്കാലത്തുണ്ടായിരുന്ന അഡ്വ. കെ പി ദണ്ഡപാണി ഇപ്പോള്‍ കേരള എജി എന്ന നിലയില്‍ പഴയ സമീപനം തുടരുകയായിരുന്നു. എജി ഹൈക്കോടതിയില്‍ പറയുന്ന ഏത് കാര്യവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടാണെന്ന് 1990ല്‍ സുപ്രീംകോടതി വിധിച്ചതാണ്. എജിക്ക് തെറ്റുപറ്റിയെന്ന് കേരള കോണ്‍ഗ്രസ് മന്ത്രിമാരും കെപിസിസി പ്രസിഡന്റും ആദ്യനിലപാടില്‍നിന്ന് മലക്കം മറിഞ്ഞ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരസ്യപ്രസ്താവന നടത്തിയതാണ്. എന്നാല്‍ , തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. സ്വന്തം ജനതയെ കേരള സര്‍ക്കാര്‍ ഒറ്റുകൊടുത്തിരിക്കയാണ്. ഹൈക്കോടതിയില്‍ എജി നടത്തിയ വാദം അതേപടി എടുത്തുപറഞ്ഞാണ് തമിഴ്നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. എജിയുടെ വാദം സുപ്രീംകോടതിയിലെ കേസില്‍ തമിഴ്നാട് കേരളത്തിനെതിരെ ഉപയോഗപ്പെടുത്താന്‍ പോകുന്നു. അതുകൊണ്ട് എജി ഹൈക്കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കണം, എജിയെ പുറത്താക്കുകയും വേണം- വി എസ് ആവശ്യപ്പെട്ടു.
deshabhimani 061211
No comments:
Post a Comment