Friday, December 9, 2011

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയും ഗ്രാന്റ് സര്‍ക്കസും ചേരുന്നു

കോഴിക്കോട്: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (എന്‍ എസ് ഡി) യും ഗ്രാന്റ് സര്‍ക്കസും ചേര്‍ന്ന് നാടകവും സര്‍ക്കസും കോര്‍ത്തിണക്കുന്ന പദ്ധതിയുമായി കോഴിക്കോട്ടെത്തി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥികളാണ് ഗ്രാന്റ് സര്‍ക്കസിന്റെ തമ്പില്‍ സര്‍ക്കസ് കലാകാരന്മാരോടൊപ്പം പരിശീലനം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കസും നാടകവും സമന്വയിപ്പിച്ചുള്ള പ്രകടനം വിദേശ നാടകവേദികള്‍ക്ക് പരിചിതമാണെങ്കിലും ഇന്ത്യന്‍ തീയേറ്ററിന് ഇത് പുതിയ കാഴ്ചയാണ്.  15, 16, 17, 18 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ മറൈന്‍ ഗ്രൗണ്ടില്‍ പുതിയ നാടക-സര്‍ക്കസ് രൂപം അരങ്ങേറും. സര്‍ക്കസ് കൂടാരത്തെയും കലാകാരന്മാരെയും സര്‍ക്കസിലെ അഭ്യാസമുറകളെയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയ നാടകരൂപമാണ് കാണികളെ കാത്തിരിക്കുന്നത്. ജനുവരിയില്‍ ന്യൂഡല്‍ഹിയിലും ഇത് പ്രദര്‍ശിപ്പിക്കും.

ഇരിങ്ങാലക്കുടയില്‍ പ്രദര്‍ശനം നടത്തിവന്നിരുന്ന ഗ്രാന്റ് സര്‍ക്കസിന്റെ കുടാരത്തില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികളും സര്‍ക്കസ് കലാകാരന്മാരും ഇതിനായി പരിശീലനം തുടങ്ങിയിരുന്നു. ഗ്രാന്റ് സര്‍ക്കസ് കോഴിക്കോട്ടേയ്ക്ക് മാറ്റിയപ്പോള്‍ പരിശീലനം കോഴിക്കോട്ട് തുടരുകയായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അക്കാദമിക് പരിശീലന പദ്ധതിയില്‍ പെടുത്തിയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. ഓരോ വര്‍ഷവും ഏതെങ്കിലുമൊരു കലാരൂപവുമായി നാടകത്തിനെ ബന്ധിപ്പിച്ച് പരിശീലനം നടത്തുന്ന പതിവ് എന്‍ എസ് ഡിക്കുണ്ട്. വ്യത്യസ്ത രീതികളിലുള്ള അഭിനയപരിശീലനത്തിന്റെ ഭാഗമായി നടത്തുന്നതാണിത്. ഇത്തവണ സര്‍ക്കസും നാടകവും സമന്വയിപ്പിച്ചുകൊണ്ടുള്ള സംരംഭമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. നാടകത്തിന് ശക്തമായ അടിവേരുകളുള്ള കോഴിക്കോട്ടെ ആസ്വാദകര്‍ നാടക-സര്‍ക്കസ് പ്രകടനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ എസ് ഡിയും സര്‍ക്കസ് അധികൃതരും.

എന്‍ എസ് ഡിയിലെ 26 വിദ്യാര്‍ഥികളാണ് സര്‍ക്കസ് കൂടാരത്തില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മൂന്ന് മലയാളികളുമുണ്ട്. എന്‍ എസ് ഡിയിലെ അസോസിയേറ്റ് പ്രഫ. അഭിലാഷ് പിള്ളയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഗ്രാന്റ് സര്‍ക്കസിലെ നൂറോളം കലാകാരന്മാരും അണിനിരക്കുന്നുണ്ട്. നാടകവിദ്യാര്‍ഥികള്‍ക്ക് സര്‍ക്കസ് കലാകാരന്മരുടെ മെയ്‌വഴക്കവും അഭ്യാസമുറകളും അറിയാനും പഠിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നതെങ്കില്‍ സര്‍ക്കസ് കലാകാന്മാര്‍ക്ക് അഭിനയത്തിന്റെയും കോറിയോഗ്രഫിയുടെയും സാധ്യതകള്‍ അറിയാനും ഉള്‍ക്കൊള്ളാനും കഴിയും.

ഗ്രാന്റ് സര്‍ക്കസ് ഉടമ എം ചന്ദ്രന്റെ ഭാര്യയും സര്‍ക്കസ് കലാകാരിയുമായ സാവിത്രിയാണ് പദ്ധതിയുടെ കോ ഓഡിനേറ്റര്‍. ഒരു ജോക്കറിന്റെ ദുരന്തപര്യവസായിയായ കഥയിലൂടെ വികസിക്കുന്ന ഈ സംരംഭം ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. വീഡിയോ പ്രൊജക്ഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.

janayugom 091211

1 comment:

  1. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ (എന്‍ എസ് ഡി) യും ഗ്രാന്റ് സര്‍ക്കസും ചേര്‍ന്ന് നാടകവും സര്‍ക്കസും കോര്‍ത്തിണക്കുന്ന പദ്ധതിയുമായി കോഴിക്കോട്ടെത്തി. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥികളാണ് ഗ്രാന്റ് സര്‍ക്കസിന്റെ തമ്പില്‍ സര്‍ക്കസ് കലാകാരന്മാരോടൊപ്പം പരിശീലനം ആരംഭിച്ചിരിക്കുന്നത്. സര്‍ക്കസും നാടകവും സമന്വയിപ്പിച്ചുള്ള പ്രകടനം വിദേശ നാടകവേദികള്‍ക്ക് പരിചിതമാണെങ്കിലും ഇന്ത്യന്‍ തീയേറ്ററിന് ഇത് പുതിയ കാഴ്ചയാണ്.

    ReplyDelete