Thursday, January 12, 2012

കൊച്ചി മെട്രോ ഡിഎംആര്‍സിക്ക്, 15,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഡിഎംആര്‍സിക്ക് തന്നെ കൈമാറാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആസൂത്രണ സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരനും സംബന്ധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ണ്ണമായി ഡിഎംആര്‍സി ഏറ്റെടുക്കും. ഇതോടെ ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം നീങ്ങി. ഇ ശ്രീധരന്‍ പ്രധാന ചുമതലക്കാരനും മുഖ്യ ഉപദേഷ്ടാവുമായി പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജപ്പാന്‍ കമ്പനി ജെയ്കയുടെ വായ്പ കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു.

ആഗോള ടെണ്ടര്‍ വിളിക്കാത്ത പക്ഷം ജപ്പാനില്‍ നിന്നും വായ്പ കിട്ടില്ലെന്ന പ്രചാരണം തെറ്റാണ്. ഡിഎം ആര്‍സിയാണ് പദ്ധതി നടത്തുന്നതെങ്കില്‍ ജപ്പാന്‍ കമ്പനിയില്‍ നിന്നുള്ള വായ്പക്ക് തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വിപുലീകരണത്തിന് ഇ ശ്രീധരന്റെ സേവനം ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം ഡിഎംആര്‍സിക്കു നല്‍കാതെ ആഗോള ടെണ്ടര്‍ വിളിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരുന്നു. ഇതില്‍ എല്‍ഡിഎഫ് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

15,000 കോടി രൂപയുടെ വാര്‍ഷിക പദ്ധതി

15,000 കോടിരൂപയുടെ പന്ത്രണ്ടാം വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ആസൂത്രണസമിതിയോഗം അംഗീകാരം നല്‍കി. 1,4010 കോടിയുടെ കരടു പദ്ധതിക്കും അംഗീകാരമായി. ആസുത്രണ സമിതി യോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യമറിയിച്ചത്.

ക്രേന്ദ്ര പദ്ധതികളുടെ പൂര്‍ണ്ണമായ വിനിയോഗം ഉറപ്പാക്കുന്നതിനായി പ്രൊജക്റ്റ് ഫിനാന്‍സ് സെല്‍ രൂപീകരിക്കും. പുറത്തുനിന്നും ലഭിക്കുന്ന വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമയബന്ധിതമായി വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് സെല്‍ . കേന്ദ്ര സഹായം പരമാവധി നേടിയെടുക്കാനും ശ്രമിക്കും. കഴിഞ്ഞ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ല. വികസന പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ ദുരീകരിക്കുന്നതിനായി ആസൂത്രണ സമിതി ഉപാധ്യക്ഷനും ചീഫ് സെക്രട്ടറിയും തിങ്കളാഴ്ച മുഴുവന്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി യോഗം ചേരും. 17ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഊര്‍ജസംരംക്ഷണം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സൗരോര്‍ജവും പ്രകൃതിവാതകവും ഉപയോഗിക്കും. കൃഷിയില്‍ പ്രത്യേകിച്ച് പച്ചക്കറിയില്‍ നൂറു ശതമാനമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ 27.02 ശതമാനം വര്‍ധനയാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി കാലാവധി അഞ്ചുവര്‍ഷമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

deshabhimani news

1 comment:

  1. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഡിഎംആര്‍സിക്ക് തന്നെ കൈമാറാന്‍ ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആസൂത്രണ സമിതി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും ഡിഎംആര്‍സി മുന്‍ എംഡി ഇ ശ്രീധരനും സംബന്ധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണം പൂര്‍ണ്ണമായി ഡിഎംആര്‍സി ഏറ്റെടുക്കും. ഇതോടെ ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം നീങ്ങി. ഇ ശ്രീധരന്‍ പ്രധാന ചുമതലക്കാരനും മുഖ്യ ഉപദേഷ്ടാവുമായി പദ്ധതി മുന്നോട്ടുകൊണ്ടുപോകും. നാലു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജപ്പാന്‍ കമ്പനി ജെയ്കയുടെ വായ്പ കിട്ടിയാല്‍ മൂന്നു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു.

    ReplyDelete