Friday, January 13, 2012

17 മുതല്‍ അനിശ്ചിതകാല തപാല്‍ പണിമുടക്ക്

രേഖാമൂലം അംഗീകരിച്ച ആവശ്യങ്ങള്‍ ഇതുവരെയും നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് തപാല്‍ ജീവനക്കാര്‍ 17 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച പണിമുടക്കിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ രേഖാമൂലം അംഗീകരിച്ച ഇരുപതിന ആവശ്യങ്ങള്‍ ആറുമാസം പിന്നിട്ടിട്ടും അധികൃതര്‍ നടപ്പാക്കുന്നില്ലെന്ന് സംയുക്തസമര സമിതി കുറ്റപ്പെടുത്തി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ്, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ , ഗ്രാമീണ്‍ ഡാക് ജീവനക്കാരുടെയും ആര്‍എംഎസ് ജീവനക്കാരുടെയും വിവിധ സംഘടനകള്‍ എന്നിവയുടെ സംയുക്തസമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

രാജ്യത്തെ ആര്‍എംഎസ് ഓഫീസുകളുടെ എണ്ണം അഞ്ചിലൊന്നായി വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെ ജോലിഭാരം വര്‍ധിപ്പിക്കുന്ന നടപടി റദ്ദാക്കുക, വേതനത്തിലും മറ്റ് ആനുകൂല്യങ്ങളിലും വര്‍ധന തുടങ്ങിയവ ആവശ്യപ്പെട്ടാണ് ജൂലൈയില്‍ പണിമുടക്കു നോട്ടീസ് നല്‍കിയത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍ തപാല്‍ അധികൃതരും തപാല്‍ സെക്രട്ടറിയും ലംഘിച്ചു. ഗ്രാമീണ്‍ ഡാക് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ , അലവന്‍സുകള്‍ എന്നിവ സ്ഥിരം ജീവനക്കാരുടേതിനു സമാനമാക്കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടു. ഇതോടൊപ്പം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടുന്നതുപോലുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. പണിമുടക്കിന് മുന്നോടിയായി ഡിവിഷന്‍ കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു. എറണാകുളത്തെ കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെ ജി ബോസ്ഭവനില്‍ പി രാജീവ് എംപി ഉദ്ഘാടനം ചെയ്യും.

deshabhimani 130112

1 comment:

  1. തപാല്‍ -ആര്‍എംഎസ് ജീവനക്കാര്‍ രാജ്യവ്യാപകമായി 17 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഡല്‍ഹി ഡാക്ഭവനില്‍ നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് തപാല്‍ സെക്രട്ടറി സംയുക്ത സമരസമിതിനേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി. ഇതേത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഉറപ്പനുസരിച്ച് മൂന്നുവര്‍ഷത്തേക്ക് രാജ്യത്തെ തപാല്‍ , ആര്‍എംഎസ് ഓഫീസുകളൊന്നും പൂട്ടില്ല. മറ്റാവശ്യങ്ങളിലും അനുകൂല തീരുമാനമാണുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍എഫ്പിഇ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എം കൃഷ്ണന്‍ പറഞ്ഞു. ജൂലൈയില്‍ നടന്ന ചര്‍ച്ചയിലെ ഉറപ്പുകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് 17 മുതല്‍ വീണ്ടും പണിമുടക്കിന് നോട്ടീസ് നല്‍കിയത്. രാജ്യത്തെ തപാല്‍ -ആര്‍എംഎസ് മേഖല പൂര്‍ണമായും നിശ്ചലമാകുന്ന സ്ഥിതി ഒഴിവാക്കാന്‍ , അധികൃതര്‍ വെള്ളിയാഴ്ച ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാവുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ വാര്‍ത്താവിനിമയ സഹമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്നും സമരസമിതിനേതാക്കള്‍ക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. സമരസമിതി കേന്ദ്രനേതാക്കളായ കെ വി ശ്രീധരന്‍ , ഈശ്വര്‍ സിങ് ദബാര്‍ , പി സുരേഷ്, ഗിരിരാജ് സിങ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

    ReplyDelete