Friday, January 13, 2012

എച്ച്ഐഎലിന്റെ കൈവശഭൂമി തിരിച്ചെടുക്കാന്‍ നടപടി തുടങ്ങി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സിന്റെ കൈവശമുള്ള 18.3 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കമ്പനിയിലെ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും റസിഡന്‍ഷ്യല്‍ കോളനി, കളിസ്ഥലം, റിക്രിയേഷന്‍ ക്ലബ്, നേഴ്സറി എന്നിവ സ്ഥാപിക്കാന്‍ 1956ലാണ് കേരളസര്‍ക്കാര്‍ പാട്ടവ്യവസ്ഥയില്‍ ഈ സ്ഥലം എച്ച്ഐഎലിനു നല്‍കിയത്. 25 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരുമായുള്ള കരാര്‍ പുതുക്കുകയാണു ചെയ്യുന്നത്. കമ്പോളവിലയുടെ ആറു ശതമാനം ലീസ് തുകയായി കമ്പനി നല്‍കുന്നുണ്ട്. എന്നാലിപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഭൂമി എച്ച്ഐഎലില്‍നിന്നു തിരിച്ചെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്. പറവൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയുംചെയ്തു. കൂടാതെ 2011-12 വര്‍ഷത്തേക്ക് കമ്പനി പാട്ടവാടകയായി നല്‍കിയ ഒരുലക്ഷത്തോളം രൂപ സര്‍ക്കാര്‍ സ്വീകരിക്കാതെ തിരിച്ചയച്ചിട്ടുമുണ്ട്.

ദേശീയ വിപത്തായ മലമ്പനി നിര്‍മാര്‍ജനത്തിനാവശ്യമായ ഡിഡിടി ഉല്‍പ്പാദിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എച്ച്ഐഎല്‍ . അഞ്ഞൂറിലധികംപേര്‍ ഉദ്യോഗമണ്ഡല്‍ യൂണിറ്റില്‍ ജോലിചെയ്യുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിനെത്തുടര്‍ന്ന് പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്കുള്ള നടപടികളാരംഭിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ എച്ച്ഐഎലിന്റെ ഭൂമി തിരിച്ചെടുക്കുന്നതില്‍ ഏറെ ദുരൂഹതയുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എച്ച്ഐഎലിന്റെ കൈവശമുള്ള ഭൂമി തിരിച്ചെടുക്കരുതെന്നാവശ്യപ്പെട്ട് എച്ച്ഐഎല്‍ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് കെ എന്‍ ഗോപിനാഥ് (സിഐടിയു), എച്ച്ഐഎല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (ഐഎന്‍ടിയുസി) സെക്രട്ടറി പി കെ ആണ്ടവന്‍ , എച്ച്ഐഎല്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി വി വി പ്രകാശന്‍ , എച്ച്ഐഎല്‍ ഓഫീസേഴ്സ് സെക്രട്ടറി ഇ കെ വേണുഗോപാല്‍ , ജോയിന്റ് സെക്രട്ടറി രാധേഷ് ആര്‍ നായര്‍ , രാമാനുജം തുടങ്ങിയവര്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കണ്ട് നിവേദനം നല്‍കി. സര്‍ക്കാര്‍നടപടി നിര്‍ത്തിവയ്ക്കാനാവശ്യമായ തീരുമാനങ്ങള്‍ റവന്യുവകുപ്പിനെക്കൊണ്ട് എടുപ്പിക്കാമെന്ന് മന്ത്രി പറഞ്ഞതായി യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. നിവേദകസംഘത്തില്‍ കമ്പനിയെ പ്രതിനിധീകരിച്ച് പേഴ്സണല്‍ മാനേജര്‍ കെ കെ മോഹനനുമുണ്ടായി.

deshabhimani 130112

1 comment:

  1. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സിന്റെ കൈവശമുള്ള 18.3 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ കേരളസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കമ്പനിയിലെ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും റസിഡന്‍ഷ്യല്‍ കോളനി, കളിസ്ഥലം, റിക്രിയേഷന്‍ ക്ലബ്, നേഴ്സറി എന്നിവ സ്ഥാപിക്കാന്‍ 1956ലാണ് കേരളസര്‍ക്കാര്‍ പാട്ടവ്യവസ്ഥയില്‍ ഈ സ്ഥലം എച്ച്ഐഎലിനു നല്‍കിയത്. 25 വര്‍ഷം കഴിയുമ്പോള്‍ സര്‍ക്കാരുമായുള്ള കരാര്‍ പുതുക്കുകയാണു ചെയ്യുന്നത്. കമ്പോളവിലയുടെ ആറു ശതമാനം ലീസ് തുകയായി കമ്പനി നല്‍കുന്നുണ്ട്. എന്നാലിപ്പോള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഭൂമി എച്ച്ഐഎലില്‍നിന്നു തിരിച്ചെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്. പറവൂര്‍ താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയുംചെയ്തു. കൂടാതെ 2011-12 വര്‍ഷത്തേക്ക് കമ്പനി പാട്ടവാടകയായി നല്‍കിയ ഒരുലക്ഷത്തോളം രൂപ സര്‍ക്കാര്‍ സ്വീകരിക്കാതെ തിരിച്ചയച്ചിട്ടുമുണ്ട്.

    ReplyDelete