Saturday, January 7, 2012

വൈദ്യുതി ചാര്‍ജ് 2 രൂപ കൂട്ടും


വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപയിലധികം കൂട്ടും. വര്‍ധനയ്ക്ക് വഴിയൊരുക്കാനായി 3240 കോടിയുടെ വരുമാന നഷ്ടം കാണിക്കുന്ന 2012-13ലെ ആകെ ചെലവും പ്രതീക്ഷിത വരുമാനവും (എആര്‍ആര്‍ ആന്റ് ഇആര്‍സി) സംബന്ധിച്ച സ്റ്റേറ്റ്മെന്റ് ബോര്‍ഡ് വ്യാഴാഴ്ച റഗുലേറ്ററി കമീഷന് കൈമാറി. കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങിയതിലെ ബാധ്യതയായ 165 കോടി നികത്താന്‍ യൂണിറ്റിന് 25 പൈസവീതം അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കമീഷന്‍ തീരുമാനമെടുക്കാനിരിക്കെയാണ് വൈദ്യുതിനിരക്കുതന്നെ വര്‍ധിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് റഗുലേറ്ററി കമീഷന് നല്‍കിയത്. നിലവില്‍ 25 പൈസവീതം സര്‍ചാര്‍ജ് ഈടാക്കുന്നുണ്ട്. തുടര്‍ച്ചയായി സര്‍ചാര്‍ജ് ഈടാക്കിയിട്ടും നഷ്ടം വര്‍ധിച്ചുവരുന്നതിനാല്‍ നിരക്ക് വര്‍ധിപ്പിക്കുകതന്നെ വേണമെന്ന് ബോര്‍ഡ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ , വന്‍ വര്‍ധന കടുത്ത പ്രതിഷേധം ഉണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ പിന്നീട് നിരക്ക് വര്‍ധിപ്പിച്ചാല്‍ മതിയെന്നും തീരുമാനിച്ചു.

പിറവം ഉപതെരഞ്ഞെടുപ്പുവരെ കാത്തിരിക്കാനാണ് ബോര്‍ഡ് തീരുമാനം. വര്‍ധന ഒഴിവാക്കണമെങ്കില്‍നഷ്ടം നികത്താനുള്ള തുക സര്‍ക്കാര്‍ ഗ്രാന്റായി നല്‍കേണ്ടിവരും. റെഗുലേറ്ററി കമീഷന്റെ ശുപാര്‍ശയില്‍ പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ വൈദ്യുതി കണക്ഷന്‍പോലും റദ്ദാക്കിയ സര്‍ക്കാര്‍ ഈ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാകില്ല. വര്‍ഷം 1500 കോടി യൂണിറ്റ് വൈദ്യുതിയാണ് ബോര്‍ഡ് ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നത്. യൂണിറ്റിന് 2.16 രൂപവച്ച് വര്‍ധിപ്പിച്ചാല്‍ മാത്രമേ 3240 കോടിയുടെ വരുമാനനഷ്ടം നികത്താനാകൂ. ഇത്ര ഭീമമായ വരുമാനനഷ്ടം കാണിച്ച് കമീഷന് സ്റ്റേറ്റ്മെന്റ് നല്‍കുന്നത് സംബന്ധിച്ച് വൈദ്യുതിബോര്‍ഡില്‍തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് നവംബറില്‍ നല്‍കേണ്ട സ്റ്റേറ്റ്മെന്റ് താമസിപ്പിച്ചത്. അധിക വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതും ശമ്പള വര്‍ധനയുമാണ് വൈദ്യുതിബോര്‍ഡിനെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്നാണ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്. 3.20 രൂപയ്ക്ക് ഒരു വര്‍ഷം 200 മെഗാവാട്ട് വൈദ്യുതിക്കുള്ള മുന്‍ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് കഴിഞ്ഞ ആഗസ്ത്- സെപ്തംബര്‍ മാസങ്ങളില്‍ വന്‍ വിലയ്ക്ക് പുറമെനിന്ന് വൈദ്യുതി വാങ്ങിയിരുന്നു. മുല്ലപ്പെരിയാറിന്റെ പേരില്‍ വെള്ളം ഒഴുക്കിക്കളഞ്ഞതും പ്രതിസന്ധി കൂട്ടി. സര്‍ക്കാരിന്റെ ഈ പിടിപ്പുകേടാണ് നിരക്ക് വര്‍ധനയായി ഉപയോക്താക്കളില്‍ അടിച്ചല്‍പ്പിക്കുന്നത്.

പുറമെനിന്ന് വൈദ്യുതി വാങ്ങാന്‍ 5000 കോടിയും ശമ്പളത്തിന് 2500 കോടിയും വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ 1100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും. ഇതിനു പുറമെ വായ്പ പലിശ, അറ്റകുറ്റപ്പണി എന്നിവയ്ക്കും അധിക തുക വേണം. മുന്‍വര്‍ഷത്തെ വരുമാനനഷ്ടമായ 880 കോടിയുംകൂടി ചേര്‍ത്താണ് 3240 കോടിരൂപയുടെ വരുമാനനഷ്ടം ബോര്‍ഡ് ഇപ്പോള്‍ നിശ്ചയിച്ചത്. വൈദ്യുതി ബോര്‍ഡിന്റെ സ്റ്റേറ്റ്മെന്റിനോടൊപ്പം യൂണിറ്റിന് ഇത്ര രൂപ കൂട്ടണമെന്ന് നിര്‍ദേശിക്കുന്ന താരിഫ് പെറ്റീഷന്‍കൂടി ബോര്‍ഡ് റെഗുലേറ്ററി കമീഷന് നല്‍കേണ്ടതായിരുന്നു. എന്നാല്‍ , ആ ഉത്തരവാദിത്തവും ബോര്‍ഡ് കമീഷന്റെ ചുമലില്‍ തള്ളി. ബോര്‍ഡ് നല്‍കിയ സ്റ്റേറ്റ്മെന്റ് കമീഷന്‍ അടുത്തദിവസം പ്രസിദ്ധികരിക്കും. അതിനുശേഷം പൊതുജനങ്ങളില്‍നിന്നടക്കം പരാതി കേട്ടശേഷം യഥാര്‍ഥ വരുമാനനഷ്ടം കമീഷന്‍ തീരുമാനിക്കും. ഇത് നികത്താന്‍ നിരക്ക് വര്‍ധനയും കമീഷന് പ്രഖ്യാപിക്കാം. നഷ്ടം തീരുമാനിച്ച് ഓരോവര്‍ഷവും കമീഷന്‍ താരിഫ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിച്ചിട്ടുണ്ട്. കമീഷന്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചില്ലെങ്കില്‍ ഇതുസംബന്ധിച്ച ശുപാര്‍ശ ബോര്‍ഡ് പ്രത്യേക അപേക്ഷയായി നല്‍കണം.
(ഡി ദിലീപ്)

deshabhimani 070112

1 comment:

  1. വൈദ്യുതിക്ക് യൂണിറ്റിന് രണ്ടു രൂപയിലധികം കൂട്ടും. വര്‍ധനയ്ക്ക് വഴിയൊരുക്കാനായി 3240 കോടിയുടെ വരുമാന നഷ്ടം കാണിക്കുന്ന 2012-13ലെ ആകെ ചെലവും പ്രതീക്ഷിത വരുമാനവും (എആര്‍ആര്‍ ആന്റ് ഇആര്‍സി) സംബന്ധിച്ച സ്റ്റേറ്റ്മെന്റ് ബോര്‍ഡ് വ്യാഴാഴ്ച റഗുലേറ്ററി കമീഷന് കൈമാറി. കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങിയതിലെ ബാധ്യതയായ 165 കോടി നികത്താന്‍ യൂണിറ്റിന് 25 പൈസവീതം അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം കമീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കമീഷന്‍ തീരുമാനമെടുക്കാനിരിക്കെയാണ് വൈദ്യുതിനിരക്കുതന്നെ വര്‍ധിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ട് റഗുലേറ്ററി കമീഷന് നല്‍കിയത്.

    ReplyDelete