Tuesday, January 3, 2012

കേരളത്തില്‍ 3 വര്‍ഷമായി കര്‍ഷക ആത്മഹത്യയില്ല: കേന്ദ്രം

കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കര്‍ഷക ആത്മഹത്യകളുടെ നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിനുവേണ്ടി അണ്ടര്‍ സെക്രട്ടറി സാധന ഖന്ന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2010ല്‍ 15,964 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2009നെ അപേക്ഷിച്ച് ആത്മഹത്യനിരക്കില്‍ വര്‍ധനയുണ്ടായെങ്കിലും കര്‍ഷകരുടെ ആത്മഹത്യ കുറഞ്ഞിട്ടുണ്ട്. 2010ല്‍ കുടുംബപ്രശ്നം മൂലം 23.7 ശതമാനവും അസുഖംമൂലം 21.1 ശതമാനവും പ്രത്യേക കാരണങ്ങളില്ലാതെ 16.9 ശതമാനവും മറ്റ് കാരണങ്ങളാല്‍ 15.9 ശതമാനവും ആത്മഹത്യകളാണ് ഉണ്ടായത്. കാര്‍ഷികപ്രശ്നങ്ങളാലാണ് കര്‍ഷകര്‍ ആത്മഹത്യചെയ്തതെന്ന് പറയാനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ആത്മഹത്യ കുറഞ്ഞുവരുന്നുണ്ട്. ആന്ധ്ര, കര്‍ണാടകം, കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമേ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കേരളത്തില്‍ 2006ല്‍ 112, 2007ല്‍ 68, 2008ല്‍ 11 എന്നിങ്ങനെയാണ് കര്‍ഷക ആത്മഹത്യകള്‍ . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ . 2006-2011 കാലത്ത് ഇവിടെ 3696 കര്‍ഷകര്‍ ആത്മഹത്യചെയ്തുവെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്.

deshabhimani 030112

2 comments:

  1. കേരളത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കര്‍ഷക ആത്മഹത്യകളുടെ നിരക്ക് കുറഞ്ഞുവരികയാണെന്നും കേന്ദ്ര കൃഷിമന്ത്രാലയത്തിനുവേണ്ടി അണ്ടര്‍ സെക്രട്ടറി സാധന ഖന്ന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

    ReplyDelete
  2. കേരളത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് റിപ്പോര്‍ടുചെയ്യപ്പെട്ടിട്ടും അതിനുവിരുദ്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു നല്‍കി സംസ്ഥാനസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഖിലേന്ത്യ കിസാന്‍സഭ കേരന്ദകമ്മിറ്റിയംഗം പി കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം സത്യവിരുദ്ധവും അധാര്‍മികവുമാണ്. 2011ലെ അവസാനത്തെ രണ്ട് മാസത്തില്‍ മാത്രം വയനാട്ടിലെ ഒമ്പതുള്‍പ്പെടെ 23 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കലക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്. എന്നിട്ടും ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ ഉത്തരവാദിത്വമേറ്റടുത്ത്് മുഖ്യമന്ത്രി മാപ്പുപറയണം. ഹൈക്കോതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തണം. കേന്ദ്രസര്‍ക്കാറിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത് ഉദ്യോഗസ്ഥരുടെ മാത്രം വീഴ്ചയായി കാണാനാകില്ല. എല്ലാ ആത്മഹത്യകളും കര്‍ഷകആത്മഹത്യകളായി ചിത്രീകരിക്കുന്നുവെന്ന് ആക്ഷേപിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. ഈ റിപ്പോര്‍ട്ടുമൂലം ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടും. ഇതേനിലപാടാണ് 2001-2006 കാലത്തെ യു.ഡി.എഫ് സര്‍ക്കാറും സ്വീകരിച്ചത്. യുഡിഎഫ് ഭരണത്തില്‍ ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ വീതം ആശ്വാസം നല്‍കിയതും കടങ്ങള്‍ ഏറ്റെടുത്തതും വി എസ് സര്‍ക്കാര്‍ വന്നപ്പോള്‍ ആണ്. ഇഞ്ചിയുടെ വിലതകര്‍ച്ച തടയാനൊ, കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ ലഭ്യമാക്കാനോ സര്‍ക്കാര്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ്സിനെ പിന്‍തുണച്ച വയനാട്ടിലെ ജനങ്ങളെ യുഡിഎഫ് ശിക്ഷിക്കുകയാണ്. സര്‍ക്കാരിന്റെ കര്‍ഷകദ്രോഹം തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കാന്‍ കര്‍ഷകസമൂഹം തയ്യാറാവണം. കര്‍ഷക ആത്മഹത്യയുണ്ടെന്നത് വസ്തുതയാണ്. ഇത് ആംഗീകരിച്ച് ആത്മഹത്യ തടയാന്‍ അടിയന്തരനടപടിയെടുക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകേണ്ടത്- കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു.

    ReplyDelete