Thursday, January 12, 2012

ഒളവറയില്‍ ലീഗ് ക്രിമിനലുകള്‍ അഴിഞ്ഞാടി

തൃക്കരിപ്പൂര്‍ : ഒളവറിയില്‍ ലീഗ്- എന്‍ഡിഎഫ് ക്രിമിനലുകള്‍ അഴിഞ്ഞാടി. വീടുകള്‍ക്കുനേരെ കല്ലെറിയുകയും പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുകയും ഷെഡിന് തീയിടുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കെ ഗംഗാധരന്റെ സ്മരണക്ക് മുണ്ട്യ പരിസരത്ത് ഹീറോ ക്ലബ് നിര്‍മിച്ച ബസ് വെയിറ്റിങ് ഷെല്‍ട്ടര്‍ പച്ച ചായം തേച്ച് വികൃതമാക്കി. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച അമ്പതോളം പ്രചാരണ ബോര്‍ഡുകളിലും സ്തൂപങ്ങളിലും ചായം തേച്ച് നശിപ്പിച്ചു. ഒളവറയിലെ സിപിഐ എം നോര്‍ത്ത് ബ്രാഞ്ചംഗമായ പി കെ ശശിയുടെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. മൂന്ന് ജനല്‍ പാളികള്‍ തകര്‍ന്നു. ടി കണ്ണന്റെ വീടിന് സമീപം ഭക്ഷണം പാകം ചെയ്യാന്‍ നിര്‍മ്മിച്ച ഓല ഷെഡിന് അക്രമികള്‍ തീയിട്ടു.

വര്‍ഷങ്ങളായി സംഘര്‍ഷം നിലനിന്നിരുന്ന എളമ്പച്ചിയിലും പരിസര പ്രദേശങ്ങളിലും കുറച്ചുനാളായി സ്ഥിതി ശാന്തമായിരുന്നു. സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും നിരവധി തവണയാണ് അക്രമമുണ്ടായത്. ദേശാഭിമാനി പത്രം നശിപ്പിക്കുന്നത് നിത്യസംഭവമായിരുന്നു. കഴിഞ്ഞ ദിവസം ഒളവറ റെയില്‍വേ ഗേറ്റ് പരിസരത്തെ ചില വീടുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.

സിപിഐ എം പ്രവര്‍ത്തകകര്‍ക്കുനേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ പിടിക്കപ്പെടുന്നത് ലീഗിനെതിരെ പ്രദേശത്ത് ജനരോഷമുയര്‍ന്നിരുന്നു. ഈ മാനക്കേടിന് പുകമറ സൃഷ്ടിക്കാനാണ് സ്വന്തം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ലീഗ് ആക്രമണം നടത്തിയത്. ഒളവറ, മുണ്ട്യ പരിസരത്ത് ലീഗ്- എന്‍ഡിഎഫ് ക്രിമിനല്‍ സംഘത്തിന്റെ അക്രമത്തില്‍ സിപിഐ എം തൃക്കരിപ്പൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. എളമ്പച്ചി മേഖലയെ വീണ്ടും കലാപ ഭൂമിയാക്കാനുള്ള ലീഗ് ശ്രമത്തെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ലോക്കല്‍ സെക്രട്ടറി എം പി കരുണാകരന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒളവറയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയാസെക്രട്ടറി വി പി പി മുസ്തഫ, എം പി കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 120112

1 comment:

  1. ലീഗ് പ്രവര്‍ത്തകരുടെ വീടും സ്ഥാപനങ്ങളും അടിച്ചുതകര്‍ത്ത സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റിലായി. ഒളവറ ശാഖ യൂത്ത്ലീഗ് ജോയിന്റ് സെക്രട്ടറി എം മഹ്റൂഫ് (21), വി വി നൗഫല്‍(22), അസ്ലം (22), ഷമീം(22) എന്നിവരെനെയാണ് കേസന്വേഷിക്കുന്ന പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളിലായി അഞ്ച് ലീഗ്- എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രതികള്‍ . അബ്ദുള്‍റഹിമിനെ പിടികൂടാനുണ്ട്. കഴിഞ്ഞ പത്തിന് മുസ്ലിംലീഗ് ശാഖ സെക്രട്ടറി കെ കെ അബ്ദുള്ളയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ടി പി ഷരീഫിന്റെ ചിക്കന്‍സ്റ്റാളിന്റെ ബോര്‍ഡും നശിപ്പിച്ചിരുന്നു. വി എസ് ഷാഹുല്‍ഹമീദിന്റെ വില്‍പനക്കുവച്ച ജനലിന്റെ ചില്ലുകളും സമസ്തയുടെ പ്രചാരണ ബോര്‍ഡുകളും സംഘം നശിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് അക്രമ പരമ്പര സൃഷ്ടിച്ചത്. മുസ്ലിം പള്ളിക്കുനേരെ അക്രമം നടന്നെന്ന പ്രചാരണം നടത്തി വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിച്ചു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും കടകള്‍ അടപ്പിച്ചും സംഘര്‍ഷത്തിന് ആക്കംകൂട്ടി. ന്യൂ ബ്രദേഴ്സ് ക്ലബ്ബിനുനേരെയും അക്രമം നടന്നു. സംഭവം നടന്ന ദിവസം പ്രതികളായ അഞ്ചുപേര്‍ ഈ ക്ലബ്ബില്‍ താമസിച്ചാണ് കൃത്യം നിര്‍വഹിച്ചത്. നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍ , ചന്തേര എസ്ഐ പി ടി സുമേഷ്, എഎസ്ഐ കെ ബാലകൃഷ്ണന്‍ , സിവില്‍ ഓഫീസര്‍മാരായ കെ രഘുനാഥ്, ഫിറോസ്, പി പ്രകാശന്‍ , ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിക്കുന്നതിനിടെ രണ്ടാഴ്ച മുമ്പ് മൂന്ന് ലീഗ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. 11ന് ഒളവറ മുണ്ട്യക്ക് സമീപം ബസ്സ്റ്റോപ്പിന് ചായംതേച്ച സംഭവത്തില്‍ എളമ്പച്ചിയിലെ എം ഷാലു ലാല്‍(27), കെ വി വിപിന്‍ (26) എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

    ReplyDelete