Tuesday, January 17, 2012

ജന്മിത്വത്തിന് അറുതിവരുത്തിയ ശൂരനാട്

ജന്മിത്തത്തിന്റെ ഏറ്റവും ഭീകരത നിലനിന്നിരുന്ന പ്രദേശമായിരുന്നു ശൂരനാട്. ആ നാടിന്റെ ഭാഗധേയം നിയന്ത്രിച്ചുകൊണ്ടിരുന്നത് തെന്നല പിള്ളമാരും അവരുടെ അളിന്മാരായ മരങ്ങാട്ടുപിള്ളമാരുമായിരുന്നു. കൃഷിയോഗ്യമായ 85 ശതമാനം വസ്തുക്കളും ഇവരുടെ അധീനതയില്‍തന്നെ. അടിയാളരുടെ വലിയൊരു നിരതന്നെ അവര്‍ക്ക് സ്വന്തമായി ഉണ്ടായിരുന്നു. അവരൊക്കെ അടിമകളെപ്പോലെ പണിചെയ്യണം.

ഉദിക്കുന്നതിന് മുമ്പ് ജോലിക്കിറങ്ങണം. സൂര്യനസ്തമിച്ചാലേ കയറിപ്പോകാന്‍ പറ്റൂ. ഒരു നേരം കഞ്ഞി ആഹാരമായി നല്‍കും. ആണാളിന് ഇടങ്ങഴിയും പെണ്ണാളിന് മുന്നാഴിയും നെല്ലാണ് കൂലി. മനുഷ്യരുള്‍പ്പെടെ എല്ലാം തമ്പുരാന്റെ സ്വകാര്യസ്വത്തായിരുന്നു.

വള്ളികുന്നത്തും എണ്ണയ്ക്കാട്ടും ജന്മിത്വത്തിനെതിരെ ചെറുത്ത് നില്‍പ് തുടങ്ങിയ കാലമായിരുന്നു. അതിന്റെ അലകള്‍ ശൂരനാട്ടും അടിച്ചു. ആര്‍ ശങ്കരനാരായണന്‍തമ്പി, പുതുപ്പള്ളി രാഘവന്‍, തോപ്പില്‍ ഭാസി തുടങ്ങിയവര്‍ അവിടെ സ്ഥിരമായി തങ്ങാന്‍ തുടങ്ങിയതോടെ ശൂരനാട്ടും കുറെ ചെറുപ്പക്കാര്‍ ജന്മിമാരെ വെല്ലുവിളിക്കാന്‍ തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളില്‍ ശൂരനാട്ട് ജനാധിപത്യ യുവജന സംഘടനയുടെ സുശക്തമായ ഒരു യൂണിറ്റ് ഉണ്ടായി. നടേവടക്കതില്‍ പരമുനായരായിരുന്നു അതിന്റെ കണ്‍വീനര്‍. അധികം താമസിയാതെ പാര്‍ട്ടിസെല്ലും രൂപീകരിച്ചു. വള്ളികുന്നം എല്‍സിയുടെ കീഴിലായിരുന്നു ആ സെല്‍ പ്രവര്‍ത്തിച്ചത്. തോപ്പില്‍ഭാസിയായിരുന്നു എല്‍സി സെക്രട്ടറി.

ശൂരനാട്ടും കമ്മ്യൂണിസ്റ്റുകാര്‍ വേരുറച്ചു എന്നുമനസ്സിലാക്കി ജന്മിമാര്‍ പലതരത്തിലുള്ള അക്രമം അഴിച്ചുവിട്ടു. കമ്മ്യൂണിസ്റ്റുകാര്‍ ആദ്യമായി നടത്തിയ ചെങ്കൊടി പ്രകടനത്തെ അവര്‍ ആക്രമിച്ചു. വാശികയറിയ ശൂരനാട്ടെ സഖാക്കള്‍ വള്ളികുന്നത്തെ സഖാക്കളുടെ സഹായത്തോടെ വീണ്ടും പ്രകടനം നടത്തി. അതിനെ ആക്രമിക്കാന്‍ ജന്മിമാര്‍ക്കായില്ല. പിന്നെ അവര്‍ അവലംബിച്ചത് പൊലീസുകാരുടെ സഹായമാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ നിരവധി കള്ളക്കേസ് നല്‍കി. പൊലീസ് രാപകല്‍ ശൂരനാട്ടെ കമ്മ്യൂണിസ്റ്റുകാരുടെ വീടുകളില്‍ കയറിയിറങ്ങി. നില്‍ക്കകള്ളിയില്ലാതെ സഖാക്കള്‍ ഒളിവില്‍ പോയി.

അങ്ങനെയിരിക്കെയാണ് നാട്ടുകാരുപയോഗിക്കുന്ന പുറമ്പോക്കുകുളം ജന്മിയുടെ ആശ്രിതന്‍ ലേലത്തില്‍ പിടിച്ചത്. അന്നോളം ഇല്ലാത്ത അധികാരത്തെ ചെറുക്കാന്‍ നാട്ടുകാര്‍ തയ്യാറായി. അവര്‍ കുളത്തിലിറങ്ങി മീന്‍പിടിച്ചു. നാട്ടുകാര്‍ അത് പങ്കിട്ടെടുത്തു. ലേലം പിടിച്ചയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. സ്വാഭാവികമായി പ്രദേശത്തെ കമ്മ്യൂണിസ്റ്റുകാര്‍ പ്രതികളുമായി.

പ്രതികളെ അന്വേഷിച്ച് രാത്രിയില്‍ പൊലീസുകാര്‍ കമ്മ്യൂണിസ്റ്റുകാരുടെ വീടുകളില്‍ കയറിയിറങ്ങി. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഒക്കെ അവര്‍ ഉപദ്രവിച്ചു. അങ്ങനെയാണ് അവര്‍ പായ്ക്കാലില്‍ വീട്ടിലും എത്തിയത്. പായ്ക്കാലില്‍ പരമേശ്വരന്‍നായരും ഗോപാലപിള്ളയും ആ സമയത്ത് സമീപത്തെ പുരയിടത്തില്‍ ഇരിക്കുകയായിരുന്നു. ഏതാനും സഖാക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. പായ്ക്കാലില്‍ വീട്ടില്‍ കയറി പൊലീസ് ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. കൂട്ടത്തില്‍ സഖാക്കളും. അതൊരു ഏറ്റുമുട്ടലായി. കൂടുതല്‍ ആളുകള്‍ ഓടിക്കൂടി. പൊലീസുകാര്‍ വെടിവയ്ക്കാന്‍ ഒരുമ്പെട്ടു. സഖാക്കള്‍ തോക്ക് പിടിച്ചുവാങ്ങി അവരെ തല്ലി. അവസാനം ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ മരിച്ചു. സഖാക്കളുള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതാണ് ശൂരനാട് സംഭവം.

തികച്ചും യാദൃശ്ചികമായുണ്ടായ ഈ സംഭവം തിരുവിതാംകൂറിനെയാകെ ഇളക്കിമറിച്ചു. പിറ്റേദിവസം അതായത് 1950 പുതുവത്സരം പിറന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അറുപതില്‍പരം ബഹുജനസംഘടനകളുടെയും നിരോധനത്തിലൂടെയാണ്. മുഖ്യമന്ത്രി ടി കെ നാരായണപിള്ള ശൂരനാട്ട് പാഞ്ഞെത്തി. തെന്നല മുറ്റത്ത് പട്ടാളക്കാരെയും പൊലീസിനെയും സാക്ഷനിര്‍ത്തി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 'ശൂരനാട് എന്നൊരു നാടിനിവേണ്ട' എന്ന്. മുഖ്യഭരണാധികാരി തന്നെ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയാല്‍ പൊലീസുകാര്‍ പിന്നെ എന്താണ് ചെയ്യേണ്ടത്. ആറുമാസക്കാലം ആ പ്രദേശം പൊലീസിന്റെ ഉരുക്ക് മുഷ്ടിക്ക് കീഴിലമര്‍ന്നു. എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ക്ക് മര്‍ദ്ദനമേറ്റെന്നോ ഒരു കണക്കുമില്ല. ചെറുപ്പക്കാരെല്ലാം നാട്ടില്‍നിന്ന് ഓടിയൊളിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും പറഞ്ഞറിയിക്കാനാവാത്ത യാതനകള്‍ അനുഭവിച്ചു.

എന്നാല്‍ ഈ മര്‍ദ്ദനവും അക്രമവും കൊണ്ട് അധികകാലം നാടിനെ അടക്കിഭരിക്കാന്‍ കഴിയില്ലെന്ന് ചരിത്രം ഭരണാധികാരിവര്‍ഗ്ഗത്തെ ബോദ്ധ്യപ്പെടുത്തിക്കൊടുത്തു. പൗരാവകാശങ്ങളും ജനാധിപത്യഅവകാശങ്ങളും നേടിയെടുക്കാനുള്ള സമരം പിന്നെയും തുടര്‍ന്നു. ചിതറിപ്പോയ പ്രസ്ഥാനം പൂര്‍വ്വാധികം ശക്തിയോടെ ഇണക്കിച്ചേര്‍ത്തു.

അതിന്റെ മുന്നില്‍ ജന്മിത്തവും ഭരണാധികാരികളും പത്തിമടക്കുക തന്നെ ചെയ്തു. 62 വര്‍ഷം മുമ്പുള്ള ശൂരനാടല്ല ഇന്ന്. ആദര്‍ശത്തിന്റെ ബലിപീഠത്തില്‍ ശൂരനാട്ടെ ധീരന്മാര്‍ അര്‍പ്പിച്ച ചോരയുടെ ഈര്‍പ്പമുള്ള ഈ മണ്ണ് മദ്ധ്യതിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറിയത്. അവരുടെ വിശ്വാസത്തിന്റെ ദാര്‍ഢ്യതയും ത്യാഗത്തിന്റെ ഉദാത്തതയും നാം തിരിച്ചറിയുന്നു.
(പി എസ് എസ്)

ശൂരനാട് രക്തസാക്ഷികളുടെ അനശ്വര സ്മരണ

ശൂരനാട് രക്തസാക്ഷി ദിനത്തിന്റെ 62-ാം വാര്‍ഷിക ദിനമാണ് ഇന്ന്. മദ്ധ്യതിരുവിതാംകൂറില്‍ ജന്മിത്തത്തിനെതിരായി നടന്ന പോരാട്ട ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമാണ് ശൂരനാട്.

മൊത്തം 26 പ്രതികളാണ് ശൂരനാട് കേസില്‍ ഉണ്ടായിരുന്നത്. അതില്‍ പത്തുപേര്‍ രക്തസാക്ഷികളായി. തണ്ടാശ്ശേരി രാഘവനെ പിടികൂടി മണിക്കൂറുകള്‍ക്കകം ലോക്കപ്പിലിട്ട് തല്ലിക്കൊന്നു. 1950 ജനുവരി 17നാണ് തണ്ടാശ്ശേരിയെ പൊലീസ് പിടിച്ചത്. ആ രാത്രി മുഴുവന്‍ അദ്ദേഹത്തെ പൊലീസ് പൈശാചികമായി മര്‍ദ്ദിച്ചു. നേരം പുലര്‍ന്നപ്പോള്‍ ആ ത്യാഗധനന്‍ അന്ത്യശ്വാസം വലിച്ചു. അങ്ങനെ അദ്ദേഹം ശൂരനാട്ടെ ആദ്യരക്തസാക്ഷിയായി. അതുകൊണ്ടാണ് ജനുവരി 18 രക്തസാക്ഷി ദിനമായി ആചരിക്കുന്നത്.

കളക്കാട്ടുതറ പരമേശ്വരന്‍നായര്‍, പായിക്കാലില്‍ ഗോപാലപിള്ള, മഠത്തില്‍ ഭാസ്‌ക്കരന്‍നായര്‍ (ഭാസി), കാഞ്ഞിരപ്പള്ളി വടക്കതില്‍ പുരുഷോത്തമകുറുപ്പ്, എന്നിവരെ ലോക്കപ്പുകളിലും ജയിലിലുമിട്ട് കൊലചെയ്തു. ചാലിത്തറ കുഞ്ഞച്ചന്‍, പായ്ക്കാലില്‍ രാമന്‍നായര്‍ എന്നിവരെപ്പറ്റി ഇന്നോളം യാതൊരു വിവരവുമില്ല. അവരെയും പൊലീസുകാര്‍ കൊലപ്പെടുത്തി ആരുമറിയാതെ മറവുചെയ്തിരിക്കണം. ലോക്കപ്പുകളിലെയും ജയിലിലെയും ഭീകരമര്‍ദ്ദനം കൊണ്ട് ആരോഗ്യം തകര്‍ന്ന പുന്തിലേത്ത് വാസുപിള്ള, മലമേല്‍ കൃഷ്ണപിള്ളസാര്‍, കാട്ടൂര്‍ ജനാര്‍ദ്ദനന്‍നായര്‍ എന്നിവര്‍ ജയില്‍മോചിതരായി ദിവസങ്ങള്‍ക്കകം മരിച്ചു. അങ്ങനെ മൊത്തം പത്തുപേര്‍ രക്തസാക്ഷികളായി.

നടേവടക്കതില്‍ പരമുനായര്‍, പായിക്കാലില്‍ പരമേശ്വരന്‍നായര്‍, കോതേലില്‍ വേലായുധന്‍നായര്‍, ചാത്തന്‍കുട്ടി ചെറപ്പാട്ട് , അമ്പിയില്‍ ജനാര്‍ദ്ദനന്‍നായര്‍, അയണിവിള കുഞ്ഞുപിള്ള, പോണാല്‍ തങ്കപ്പക്കുറുപ്പ്, തെക്കയ്യത്ത് ഭാസ്‌ക്കരന്‍, പോണാല്‍ ചെല്ലപ്പന്‍നായര്‍, വിളയില്‍ ഗോപാലന്‍നായര്‍ എന്നീ പത്തുപേര്‍ ശൂരനാട് കേസുമായി ബന്ധപ്പെട്ട ശൂരനാട്ടെ സഖാക്കളാണ്. പാര്‍ട്ടിയുടെ അന്നത്തെ കായംകുളം ഡിവിഷന്‍കമ്മിറ്റി സെക്രട്ടറി ആര്‍ ശങ്കരനാരായണന്‍ തമ്പി, തോപ്പില്‍ ഭാസി, ചേലക്കോട്ടേത്ത് കുഞ്ഞുരാമന്‍, പേരൂര്‍ മാധവന്‍പിള്ള, പത്താഴ രാഘവന്‍, വരമ്പയില്‍ കൊച്ചുകുഞ്ഞ് എന്നിവരാണ് മറ്റുപ്രതികള്‍. ഇതില്‍ പോണാല്‍ തങ്കപ്പക്കുറുപ്പ് മാത്രമാണ് ജീവിച്ചിരിക്കുന്നത്.
(പി എസ് സുരേഷ്)

janayugom 170112

1 comment:

  1. മദ്ധ്യതിരുവിതാംകൂറില്‍ ജന്മിത്തത്തിനെതിരായി നടന്ന പോരാട്ട ചരിത്രത്തിലെ സുപ്രധാന അദ്ധ്യായമാണ് ശൂരനാട്.

    ReplyDelete