Tuesday, January 17, 2012

നേഴ്സുമാര്‍ക്കെതിരായ പീഡനം തടയാന്‍ നിയമനിര്‍മാണം വേണം: കോടിയേരി


നേഴ്സുമാര്‍ക്കും നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കുംനേരെ നടക്കുന്ന പീഡനം തടയാന്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നേഴ്സിങ് വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

രോഗികളില്‍നിന്ന് കഴുത്തറുപ്പന്‍ ഫീസ് ഈടാക്കി വന്‍ലാഭം കൊയ്യുന്ന ആശുപത്രി ഉടമകള്‍ നേഴ്സുമാരെയും ഇതര ജീവനക്കാരെയും മിനിമം കൂലി പോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് മാത്രമേ ഇത്തരം ചൂഷണം തടയുന്നതിന് ശാശ്വതമായ ഇടപെടല്‍ നടത്താന്‍ കഴിയൂ. സ്വതന്ത്രവേഷം കെട്ടി, ചില ആശുപത്രികളില്‍ നടത്തുന്ന സമരങ്ങള്‍ അവസാനം മാനേജ്മെന്റുകള്‍ക്ക് കീഴടങ്ങുന്ന സ്ഥിതിയുണ്ടാകും. സ്വകാര്യ നേഴ്സിങ് കോളേജുകളിലും സ്കൂളുകളിലും വിദ്യാര്‍ഥികള്‍ക്കുംനേരെ നടക്കുന്ന പീഡനം തടയാന്‍ നിയമനിര്‍മാണം വേണം. ബോണ്ടിന്റെയും മറ്റും പേരുപറഞ്ഞ് വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നു. അടിമകളെ പോലെയാണ് വിദ്യാര്‍ഥികളോട് പെരുമാറുന്നത്. വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യ അവകാശമില്ല, പഠനത്തിന് അവസരമില്ല. ഒന്നോ രണ്ടോ നേഴ്സുമാരെ മാത്രം ജോലിക്ക് നിര്‍ത്തി മറ്റ് ജോലി മുഴുവന്‍ വിദ്യാര്‍ഥികളെക്കൊണ്ട് ചെയ്യിക്കുന്നു. ഇത്തരം കാടത്തങ്ങള്‍ ചെറുക്കാന്‍ വിദ്യാര്‍ഥികള്‍ സംഘടിക്കണം.

കേരളത്തില്‍ നേഴ്സുമാര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ മിനിമം വേതനം പ്രഖ്യാപിച്ചിരുന്നു. ഈ വേതനം നല്‍കാന്‍ ബഹുഭൂരിപക്ഷം സ്വകാര്യസ്ഥാപനങ്ങളും തയ്യാറാകുന്നില്ല. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏറിവന്നതോടെ വിദ്യാര്‍ഥികളെ കടക്കാരാക്കിയെന്ന പുതിയ പ്രശ്നം ഉടലെടുത്തിരിക്കയാണ്. വിദ്യാഭ്യാസവായ്പയുടെ ജപ്തി നടപടി നിര്‍ത്തിവയ്ക്കുകയും കടത്തിന് മൊറോട്ടോറിയം പ്രഖ്യാപിക്കുകയും വേണം. അതല്ലെങ്കില്‍ കര്‍ഷക ആത്മഹത്യയെക്കാള്‍ വലിയ പ്രശ്നമായി വിദ്യാര്‍ഥി ആത്മഹത്യ മാറുമെന്നും കോടിയേരി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി ബിജു സ്വാഗതം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശ്രീകാന്ത് കണ്‍വീനറായി സംസ്ഥാന നേഴ്സിങ് സബ് കമ്മിറ്റി രൂപീകരിച്ചു. കെ ജി ഷാനവാസ്, ക്രിസ്റ്റഫര്‍ , ജുനൈദ്, ധനുഷ, വീണ എന്നിവര്‍ ജോ. കണ്‍വീനര്‍മാരാണ്.

deshabhimani 170112

1 comment:

  1. നേഴ്സുമാര്‍ക്കും നേഴ്സിങ് വിദ്യാര്‍ഥികള്‍ക്കുംനേരെ നടക്കുന്ന പീഡനം തടയാന്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നേഴ്സിങ് വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete