Tuesday, January 3, 2012

സ്ത്രീകളെ പൊതുധാരയില്‍നിന്നകറ്റാന്‍ ജാതിസംഘടനകള്‍ ശ്രമിക്കുന്നു: കെ കെ ശൈലജ

തൊടുപുഴ: സ്ത്രീകളെ പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ജാതിമത സംഘടനകള്‍ ശ്രമിക്കുന്നതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന മൗലിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സംഘടനകള്‍ക്കാവില്ല. സിപിഐ എം ജില്ലാ സമ്മേളനത്തോഡടനുബന്ധിച്ച് "ആധുനിക ലോകവും സ്ത്രീ സമൂഹവും" എന്ന വിഷയത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.

ഇന്ത്യാ സര്‍ക്കാര്‍ വനിതാ നയം രൂപീകരിക്കുന്നയതില്‍ മന:പൂര്‍വം കാലതാമസം വരുത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതു വിതരണസമ്പ്രദായവും പൊതുവിദ്യാഭ്യാസവും കേരളത്തിന്റെ മുഖഛായ മാറ്റുന്നതായിരുന്നു. ഇതിനെ തകര്‍ക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ബാധിക്കുന്നത് സ്ത്രീകളെയാണ്. സര്‍ക്കാരിന്റെ വികലനയത്തിന്റെ ഫലമായുണ്ടാകുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും സ്ത്രീകള്‍ക്കുനേരെയുള്ള കടന്നാക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കും.

എല്‍ഡിഎഫ് ഭരണകാലത്ത് സ്ത്രീകള്‍ക്ക് മാന്യമായി ജീവിക്കാനും വഴിനടക്കാനും കഴിഞ്ഞിരുന്ന അവസ്ഥ യുഡിഎഫ് ഭരണത്തില്‍നഷ്ടപ്പെടുകയാണ്. സ്ത്രീധനമരണങ്ങളും സ്ത്രീകള്‍ക്കെതിരയുള്ള അതിക്രമങ്ങളും വര്‍ധിക്കുന്നു. ഇതിനെതിരെ കൂട്ടായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഷൈലജ പറഞ്ഞു തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സുമ സതീശന്‍ നഗറില്‍ നടന്ന സെമിനാറില്‍ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ പി മേരി അധ്യക്ഷയായി. മഹിളാ അസോ. സംസ്ഥാന എക്സിക്യുട്ടീവംഗം അഡ്വ. തുളസി ടീച്ചര്‍ വിഷയം അവതരിപ്പിച്ചു. പാര്‍ടി ഏരിയാ സെക്രട്ടറി വി വി മത്തായി പങ്കെടുത്തു. കെ എം ഉഷ സ്വാഗതും കെ പി സുലോനചന നന്ദിയും പറഞ്ഞു.

ആരോഗ്യസുരക്ഷയ്ക്ക് പൊതുമേഖലയെ സംരക്ഷിക്കണം: സെമിനാര്‍

ചേര്‍ത്തല: ആരോഗ്യരംഗത്ത് പൊതുമേഖലയെ ശക്തിപ്പെടുത്തിയും പൊതുജനപങ്കാളിത്തം ഉറപ്പാക്കി പരിസ്ഥിതി സംരക്ഷിച്ചും നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഗുരുതര തകര്‍ച്ച ഉണ്ടാകുമെന്ന് സെമിനാര്‍ . സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് "ആലപ്പുഴ ജില്ലയുടെ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍" എന്ന സെമിനാറിലാണ് ഈ വിലയിരുത്തല്‍ .

ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യരംഗം തകര്‍ച്ചയെ നേരിട്ടുതുടങ്ങി. പുതിയ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുകയും പഴയത് തിരിച്ചുവരുകയും ചെയ്യുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യരംഗത്ത് നേട്ടങ്ങള്‍ സംരക്ഷിക്കാനും കൂടുതല്‍ മുന്നോട്ടുനയിക്കാനും വിലപ്പെട്ട ശ്രമം നടത്തുകയും ഫലം കാണുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം തകര്‍ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നു. സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ ആരോഗ്യമാതൃകയായിരുന്നു നമ്മുടെ നേട്ടം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം സര്‍ക്കാരും ജനപ്രതിനിധികളും ആശുപത്രി അധികൃതരും കൈകോര്‍ത്തപ്പോള്‍ അവിടെയെല്ലാം വന്‍പുരോഗതിയുണ്ടായി. വികസിത സമ്പന്നരാഷ്ട്രമായ അമേരിക്കയില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രാഥമിക ചികിത്സപോലും ലഭിക്കുന്നില്ല. കേരളത്തിലെ സ്ത്രീകളുടെ വര്‍ധിച്ച സാക്ഷരതയാണ് ആരോഗ്യപുരോഗതിക്കു കാരണം. പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുകയും ജീവിതശൈലീരോഗങ്ങള്‍ ഒപ്പം ചേരുകയും ചെയ്യുമ്പോള്‍ അപകടം രൂക്ഷമാകുന്നു. മാനസികാരോഗ്യം തകരുന്നതും അപകടമരണങ്ങള്‍ വര്‍ധിക്കുന്നതും വെല്ലുവിളിയാണ്.

പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രം ആലപ്പുഴയാണ്. ജലാശയങ്ങള്‍ മലിനീകരിക്കപ്പെടുന്നതും മാലിന്യനിര്‍മാര്‍ജനം കാര്യമായി നടക്കാത്തതുമാണ് അതിന് പ്രധാനകാരണം. ജില്ലയുടെ വര്‍ധിതജനസാന്ദ്രത പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പടരാന്‍ കാരണമാകുന്നു. ജലജന്യരോഗങ്ങളും കൊതുക് ഉള്‍പ്പെടെ ക്ഷുദ്രജീവികള്‍ പരത്തുന്ന രോഗങ്ങളുമാണ് ജില്ലയില്‍ പ്രധാനം. മാലിന്യനിര്‍മാര്‍ജനത്തില്‍ ജനകീയമുന്നേറ്റം സൃഷ്ടിച്ചാലേ ഈ വിപത്ത് തടയാനാകൂ. അതിന് സര്‍ക്കാര്‍ ജനകീയപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കണം. ജില്ലയില്‍ പരിസ്ഥിതി പഠനം നടത്തുന്നകാര്യം സിപിഐ എം ജില്ലാ സമ്മേളനം പരിഗണിക്കണമെന്ന നിര്‍ദേശവും സെമിനാറില്‍ ഉയര്‍ന്നു. വിദ്യാര്‍ഥികളെയും അധ്യാപകരെയും ശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തിയുള്ള പഠനംവഴി ആരോഗ്യരംഗത്തെ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാന്‍ പദ്ധതി ആവിഷ്കരിക്കാം. ഇക്കാര്യങ്ങളില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ശ്രമം തുടരേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

ഡോ. ബി ഇക്ബാല്‍ ഉദ്ഘാടനംചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ പ്രസാദ് മോഡറേറ്ററായി. ഡോ. എം കെ പ്രസാദ്, ഡോ. ഇ പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. എ എസ് സാബു സ്വാഗതം പറഞ്ഞു.

പഠിക്കേണ്ടത് എന്തെന്ന് മതസംഘടനകള്‍ തീരുമാനിക്കുന്നു: എം എ ബേബി

കൊല്ലം: എന്താണ് പഠിക്കേണ്ടതെന്ന് മതസംഘടനകള്‍ തീരുമാനിക്കുന്ന കാലമാണിതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം എ ബേബി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാക്കനാടന്‍ നഗറില്‍ (പ്രസ്ക്ലബ് മൈതാനം) സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നൂ അദ്ദേഹം.

വിദ്യാഭ്യാസ മേഖലയെ അശാസ്ത്രീയമാക്കിക്കൊണ്ടിരിക്കുകയാണ്. പഠിക്കാനുള്ള പാഠങ്ങള്‍ മതവിരുദ്ധമെന്ന് പറഞ്ഞ് മാറ്റിമറിക്കുന്നു. വിശ്വാസങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള അവകാശമുള്ളപ്പോള്‍ത്തന്നെ വിദ്യാഭ്യാസം മതമുക്തമായിരിക്കണം. ഇത് ഏറ്റവുമധികം ഉദ്ഘോഷിക്കുന്ന കാലത്ത് കേരളത്തില്‍പോലും വിദ്യാഭ്യാസരംഗത്ത് മതനിരപേക്ഷത പാലിക്കാനാകുന്നില്ല. ഇത് അതീവ ഗുരുതരമായ സാംസ്കാരിക പ്രശ്നമാണ്.

സാംസ്കാരിക- സാമൂഹിക രംഗത്തെ അതി മാധ്യമവല്‍ക്കരണം പ്രധാന സാംസ്കാരിക പ്രശ്നമാണെന്ന് ബേബി പറഞ്ഞു. മാധ്യമങ്ങള്‍ അജന്‍ഡ നിര്‍മിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നു. കമ്പോളവല്‍ക്കരണത്തിന്റെ ഭാഗമാണിത്. ഇത് സാംസ്കാരിക- സാമൂഹിക മണ്ഡലത്തോടുള്ള വെല്ലുവിളിയാണ്. പഴയതിനെ തിരസ്കരിക്കണമെന്നത് ശരിയല്ല. ഏതാണ് സ്വീകാര്യം, അസ്വീകാര്യം എന്നത് പരിശോധനയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കണം. മതതീവ്രവാദവും ജാതിചിന്തയും സാംസ്കാരിക രംഗത്തെ വിഷലിപ്തമാക്കി. സമൂഹത്തിലെ ആള്‍ദൈവ വ്യാപനവും അന്ധവിശ്വാസവല്‍ക്കരണവും ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നു. സ്വാര്‍ഥത പൊതുസംസ്കാരമായി മാറി. സ്ത്രീ സ്വാതന്ത്രവും തുല്യതാ പ്രശ്നവും സമൂഹം ഗൗരവപരമായി കാണുന്നില്ല- ബേബി പറഞ്ഞു. പ്രൊഫ. വസന്തകുമാര്‍ സാംബശിവന്‍ അധ്യക്ഷനായി.

പുതിയ പാരമ്പര്യങ്ങള്‍ സൃഷ്ടിക്കണം: കെ ഇ എന്‍

കൊല്ലം: പഴയതിനെ മാറ്റിനിര്‍ത്തി പുതിയ പാരമ്പര്യങ്ങള്‍ സൃഷ്ടിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവയവദാനം പോലുള്ള വിഷയങ്ങള്‍ പുതിയ സംസ്കാരത്തിന്റെ ഭാഗമായി കണ്ട് അത്തരം സംസ്കാരങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. നാം ഇപ്പോള്‍ സൃഷ്ടിച്ച പുതിയ പാരമ്പര്യം അവയവദാനത്തിന്റെ പാരമ്പര്യമാണ്. ഇവിടെ ജാതി-മത അതിര്‍ത്തികള്‍ക്ക് ഒരു പ്രാധാന്യവുമില്ല. കാലഘട്ടത്തിലെ മനുഷ്യനാകുകയെന്ന ഉത്തരവാദിത്തമാണ് നാം ഏറ്റെടുക്കേണ്ടത്. നമുക്കുമേല്‍ കെട്ടിവച്ചിരിക്കുന്ന പഴയതിനെ തൂത്തെറിഞ്ഞ് പുതിയത് സൃഷ്ടിക്കണം. അങ്ങനെ നമ്മള്‍ സ്വയം പ്രകാശിക്കുന്ന സൂര്യനായി മാറണമെന്ന് കെ ഇ എന്‍ പറഞ്ഞു.

സമൂഹത്തിലെ നന്മതിന്മകള്‍ സമൂഹത്തിലേക്ക് എത്തിക്കാന്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളാണെന്ന് പിരപ്പന്‍കോട് മുരളി പറഞ്ഞു. സാഹിത്യസൃഷ്ടികളാണ് സമൂഹത്തെ പരിപോഷിപ്പിക്കുന്നത്. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങള്‍ കേരളീയരില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. മനുഷ്യസമൂഹത്തിലെ തിന്മകള്‍ ജനങ്ങള്‍ക്കിടയിലെത്തിക്കാന്‍ നാടകങ്ങള്‍ക്കായി. തൊഴിലാളിവര്‍ഗത്തിെന്‍റ ചരിത്രം ആദ്യമായി വെളിപ്പെടുത്തിയത് തകഴിയാണെന്ന് പിരപ്പന്‍കോട് മുരളി പറഞ്ഞു. ജനങ്ങള്‍ സംസ്കാരത്തെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ സംസാരിക്കുന്നില്ലെന്നതാണ് ഇന്നത്തെ ഏറ്റവും വലിയ സാംസ്കാരിക പ്രശ്നമെന്ന് പ്രൊഫ. വി എന്‍ മുരളി പറഞ്ഞു. കുരീപ്പുഴയുടെ പഴയകാല പ്രതാപവും അഷ്ടമുടിക്കായലിന്റെ ഭംഗിയുമൊക്കെ വിളിച്ചറിയിക്കുന്ന "ഇഷ്ടമുടിക്കായല്‍" എന്ന കവിത കുരീപ്പുഴ ശ്രീകുമാര്‍ ആലപിച്ചു.

ബാലാനന്ദന്‍ ഇന്ത്യ കണ്ട വലിയ ബുദ്ധിജീവി: എം വി ഗോവിന്ദന്‍

കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും വലിയ ബുദ്ധിജീവികളില്‍ ഒരാളാണ് ഇ ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന്‍ . ഇ ബാലാനന്ദന്‍ അനുസ്മരണത്തിന്റെ സ്വാഗതസംഘരൂപികരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ഫലപ്രദമായി പുതുക്കിപ്പണിയാന്‍ സാധിക്കുന്ന ഒരാളാണ് യഥാര്‍ഥ ബുദ്ധിജീവി, ഈ അര്‍ഥത്തില്‍ രാജ്യംകണ്ട ഏറ്റവും വലിയ ബുദ്ധിജീവി ബാലാനന്ദന്‍തന്നെയാണ്. തൊഴിലാളിവര്‍ഗത്തിനു ശരിയായ ദിശബോധം നല്‍കിയ ബാലാനന്ദന്‍ മാര്‍ക്സിസത്തെ കൃത്യമായി പഠിക്കുകയും വിശകലനം ചെയ്യുകയും ഫലപ്രദമായി പ്രയോഗിക്കുകയുംചെയ്ത വ്യക്തിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പിബിഅംഗം സീതാറാം യെച്ചൂരി സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് പ്രഭാഷണംനടത്തും. പപ്പന്‍ചേട്ടന്‍ ഹാളില്‍ നടന്ന സ്വാഗതസംഘരൂപീകരണയോഗത്തില്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം എം ലോറന്‍സ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിഅംഗം സി എം ദിനേശ്മണി, എറണാകുളം ഏരിയസെക്രട്ടറി അഡ്വ. എസ് കൃഷ്ണമൂര്‍ത്തി, കെ വി മനോജ്, സോജന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. അനുസ്മരണ പൊതുസമ്മേളനവും അനുബന്ധപരിപാടികളും വിജയിപ്പിക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികള്‍ : എം വി ഗോവിന്ദന്‍ , കെ എന്‍ രവീന്ദ്രനാഥ്, കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി(രക്ഷാധികാരികള്‍) എം എം ലോറന്‍സ്(ചെയര്‍മാന്‍), കെ ജെ ജേക്കബ്, പി എസ് മോഹനന്‍ , സി കെ മണിശങ്കര്‍ , കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍മാര്‍), അഡ്വ. എസ് കൃഷ്ണമൂര്‍ത്തി (കണ്‍വീനര്‍), അഡ്വ. എന്‍ സതീഷ്, സോജന്‍ ആന്റണി, അഡ്വ. എം അനില്‍കുമാര്‍ , കൃഷ്ണപ്രസാദ്, പി ജി ശശീന്ദ്രന്‍ , എസ് എസ് അനില്‍ , എസ് രമേശന്‍ , പി എന്‍ സീനുലാല്‍(ജോയിന്റ് കണ്‍വീനര്‍മാര്‍), കെ വി മനോജ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

deshabhimani 030112

1 comment:

  1. സ്ത്രീകളെ പൊതുധാരയില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ജാതിമത സംഘടനകള്‍ ശ്രമിക്കുന്നതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന മൗലിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം സംഘടനകള്‍ക്കാവില്ല. സിപിഐ എം ജില്ലാ സമ്മേളനത്തോഡടനുബന്ധിച്ച് "ആധുനിക ലോകവും സ്ത്രീ സമൂഹവും" എന്ന വിഷയത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ കെ ശൈലജ.

    ReplyDelete