Tuesday, January 3, 2012

പാറപ്രം സമ്മേളനത്തിന്റെ കാവല്‍ഭടന്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച സംഭവമായിരുന്നു 1939 ല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി പാറപ്രത്തു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ രൂപീകരണ സമ്മേളനം. പ്രസ്തുത സമ്മേളനത്തിന്റെ കാവല്‍ജോലി നിര്‍വ്വഹിച്ച 30 വളണ്ടിയര്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് പി കൃഷ്ണന്‍. ആകാരപ്രകൃതംകൊണ്ടും ധീരമായ നിലപാടുകള്‍കൊണ്ടും ഭീമന്‍ കൃഷ്‌നെന്നും മലബാര്‍ കൃഷ്ണനെന്നും അദേഹം അറിയപ്പെട്ടു.

96 വയസ്സിലെത്തി നില്‍ക്കുന്ന കൃഷ്‌ണേട്ടന് ഓര്‍മ്മകള്‍ക്ക് മൂടലുണ്ട്. കാഴ്ചയ്ക്ക് മാറാല കെട്ടുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടു തന്നെ കഥ കേള്‍ക്കുന്ന കൊച്ചുകുട്ടിയായി മുന്നിലിരുന്ന് അദ്ദേഹത്തിന്റെ പോയകാലത്തെക്കുറിച്ച് കേട്ടെഴുതുക സാധ്യമല്ല. അതിനാല്‍ അദ്ദേഹം തന്നെ കുറിച്ചുവച്ചതും പറഞ്ഞുതന്നതുമായ കാര്യങ്ങള്‍ ചേര്‍ത്തുവെച്ചുള്ളതാണ് ഈ കുറിപ്പ്.
തലശ്ശേരി മുകുന്ദാ ടാക്കീസിനടുത്തുള്ള സ്ഥലത്ത്  പ്രവര്‍ത്തിച്ച ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടു. ഇതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. ഇത് കൃഷേ്ണട്ടന്‍ കുറിച്ചുവെച്ച നോട്ടുപുസ്തകത്തിലെ വരികള്‍. ഈ കുറിപ്പില്‍ മലബാര്‍ കൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ഭൂതകാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭദശകങ്ങളിലെ ചരിത്രവും നീണ്ടു കിടക്കുന്നു.

എഴുപത് വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത്, ജന്മിനാടുവാഴിത്വത്തിന്റെ ക്രൂരതയും ബ്രീട്ടീഷ് ഭരണത്തിന്റെ ഭീകരതയും ഒരുമിച്ച് പാവപ്പെട്ട ജനങ്ങളെ വേട്ടയാടിയ കാലം. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായി മാറാന്‍ തീരുമാനിച്ച ചരിത്രപ്രസിദ്ധമായ പിണറായി സമ്മേളനത്തിന് സാക്ഷ്യം നിന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ചരിത്രത്തിന്റെ ഭാഗമായി മാറിയ മനുഷ്യന്‍. 1939-ല്‍ പാറപ്രത്ത് ജന്മം കൊണ്ട പ്രസ്ഥാനത്തില്‍ ഇപ്പോഴും അംഗമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അഭിമാനബോധം തെല്ലൊന്ന് ഉയരുന്നത് ആ മുഖത്ത് കണ്ടിരുന്നു.

പിണറായി പടന്നക്കര എല്‍ പി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയതോടെ ആരംഭിക്കുന്നു കൃഷ്‌ണേട്ടന്റെ 'സമ്പന്നവും' ത്യാഗനിര്‍ഭരവുമായ പൊതുജീവിതം. കൂലി വര്‍ധനവിന് വേണ്ടി കണ്ണൂരില്‍ നടന്ന തൊഴിലാളികളുടെ സമരം പൊളിക്കാനായി തലശ്ശേരിയില്‍ നിന്നും കണ്ണൂരിലേക്ക് പോയ ആളായിരുന്നു. പക്ഷേ പിന്നീട് തൊഴിലാളി വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടക രൂപീകരണ സമ്മേളനത്തിന് കാവല്‍ നിന്ന വളണ്ടിയറായും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവ് ജീവിതകാലത്തെ ഏറ്റവും സാഹസികനും വിശ്വസ്തനുമായ സഖാവായും മാറി.

''ഒരു ദിവസം എനിക്ക് പെട്ടെന്ന് ഒരു നിര്‍ദ്ദേശം കിട്ടി. ഒരു വലിയ യോഗം നടക്കാന്‍ പോകുന്നു. മറ്റാരേയും യോഗസ്ഥലത്തേക്ക് അയയ്ക്കരുത്'' എന്ന്. ചരിത്രപ്രസിദ്ധമായ പാറപ്രം സമ്മേളനമായിരുന്നു അത്. ഇതാണ് പാറപ്രം സമ്മേളനത്തെക്കുറിച്ചുള്ള കൃഷ്‌ണേട്ടന്റെ ഓര്‍മ്മ.

ഇ എം എസിനോടൊപ്പം പെരളശ്ശേരി - മാവിലായിയിലെ ചെത്തുകാരന്‍ പൊക്കന്റെ കാരണവരുടെ വീട്ടില്‍ 23 മാസം ഒളിവില്‍ കഴിഞ്ഞതിന്റെ സമ്പന്നമായ ഓര്‍മ്മകളുണ്ട് കൃഷ്‌ണേട്ടന്. (കോട്ടയം താലൂക്കിലെ മാവിലായില്‍ പൊക്കന്‍ കാരണവരുടെ ഓലക്കുടിലിലായിരുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. നേതാക്കള്‍ അവിടെ ഒളിവില്‍ കഴിഞ്ഞുകൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്).

ഇ എം എസിന് പുറമെ എന്‍ ഇ ബാലറാം പൊന്ന്യത്തും എം എസ് ദേവദാസ് മേലൂരിലും പി ടി ഭാസ്‌ക്കരപ്പണിക്കര്‍ പടന്നക്കരയിലും സി ഉണ്ണിരാജ വടക്കുമ്പാട്ടും ഒളിവില്‍ കഴിയുമ്പോള്‍ ഒരിലയനക്കം പോലും ഉണ്ടാക്കാതെ ബ്രിട്ടീഷ് പോലീസിന്റെ കണ്ണ് വെട്ടിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഷെല്‍ട്ടര്‍ മാറാനും അവരെ സംരക്ഷിക്കാനും കൃഷ്‌ണേട്ടന്‍ കാണിച്ച ധീരതയും ആത്മാര്‍ത്ഥതയും മനസ്സിലാക്കിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പഴയ കേന്ദ്ര - സംസ്ഥാന കമ്മിറ്റികളുടെ രേഖകളില്‍ ഇദ്ദേഹത്തെ ധീരനായകന്റെ റോളില്‍ പരിചയപ്പെടുത്തുകയും സഖാവിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് പാര്‍ട്ടി റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തുകയും ചെയ്തത്. ധീരനായ ബോള്‍ഷെവിക് വിപ്ലവകാരി, മലബാര്‍ കൃഷ്ണന്‍ എന്നാണ് അദ്ദേഹത്തെ പാര്‍ട്ടി രേഖകളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ഒളിവില്‍ പോകാതെ പാര്‍ട്ടി കേന്ദ്രങ്ങള്‍ സ്ഥാപിച്ച് മലബാര്‍ മേഖലയിലാകെ നിരന്തരം യാത്ര ചെയ്തപ്പോള്‍ അവിടെയെല്ലാം കൃഷ്‌ണേട്ടന്റെ സാന്നിധ്യവും സഹായവും ഉണ്ടായിരുന്നു. ഒളിവ് ജീവിതത്തിനിടയില്‍ പി കൃഷ്ണപിള്ളയോടും എന്‍ ഇ ബാലറാമിനോടും ഒത്ത് ദിവസങ്ങളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ പുതിയ പുതിയ ഒളിവ് കേന്ദ്രം തേടി മൈലുകളോളം നടന്നതിന്റെ സാഹസിക 'കഥകള്‍' കേള്‍ക്കുമ്പോള്‍ പുതിയ തലമുറ ഒരു പക്ഷേ വിശ്വസിക്കുക പോലുമില്ല. അത്രയേറെ യാതനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളായിരുന്നു അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നടത്തിയിരുന്നത്.

''പിണറായി രാഷ്ട്രീയ പ്രബുദ്ധത ഏറെയുള്ള നാടായിരുന്നു. മലബാറില്‍ നിന്നും മദിരാശിക്ക് പോയ കാല്‍നട ജാഥയില്‍ ഏറിയ പങ്കു വഹിച്ചവര്‍ പാറപ്രത്തുകാരായ കാരണവന്മാരായിരുന്നു''.

1937 ല്‍ പിണറായി കവലയില്‍ വെച്ച് കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കിയതിന്റെ ഓര്‍മ്മയും ഉണ്ട്. എന്‍ ഇ ബാലറാം, ഒ ഗോപാലന്‍നായര്‍, സര്‍ദാര്‍ ചന്ത്രോത്ത് തുടങ്ങിയവരാണ് വളണ്ടിയര്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നത്. അതിനിടയില്‍ പൊന്ന്യത്ത് വെച്ച് ഒരു രാഷ്ട്രീയക്ലാസ് നടന്നതില്‍ വിദ്യാര്‍ഥികളായവര്‍ക്ക് ഭക്ഷണത്തിന് സാധനങ്ങള്‍ പിണറായിയില്‍ നിന്ന് ജാഥയായാണ് കൊണ്ടുപോയത്. സഖാക്കള്‍ ഇ എം എസും കെ ദാമോദരനും അതില്‍ പങ്കെടുത്തിരുന്നു.

പാര്‍ട്ടി നേതാക്കളെ ഒളിവില്‍ സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്നതിനിടയില്‍ മറക്കാനാവാത്ത ഒട്ടേറെഅനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവരും കൂടെ പോകുന്നവരും രാത്രി കാലങ്ങളില്‍ പുകവലിക്കാന്‍ പാടില്ല എന്നത് കര്‍ശനമായി പാലിക്കേണ്ട ചിട്ടകളില്‍ ഒന്നായിരുന്നു. നാട്ടിന്‍പുറത്തെ വെളിമ്പ്രദേശത്തെവിടെയെങ്കിലും നിന്ന് പുക വലിച്ചാല്‍ അത് ഒറ്റുകാര്‍ക്ക് കണ്ടു പിടിക്കാന്‍ എളുപ്പമാകുമെന്നതിനാലായിരുന്നു അങ്ങിനെയൊരു നിര്‍ബന്ധം വെച്ചിരുന്നത്.

നേതാക്കളും പ്രവര്‍ത്തകരും ഒളിവില്‍ കഴിയുന്ന വീടുകളില്‍ പപ്പടം കാച്ചുകയോ മല്‍സ്യം വറുക്കുകയോ ചെയ്യരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അന്ന് നാട്ടിന്‍പുറങ്ങളിലെ പാവപ്പെട്ടവരുടെ വീടുകളില്‍ വിശേഷദിവസങ്ങളിലോ അതിഥികള്‍ വന്നാലോ മാത്രമേ ഇത്തരം പ്രത്യേകതകള്‍ പതിവുണ്ടായിരുന്നുള്ളൂ. അതിനാല്‍ എതിരാളികള്‍ക്ക് സംശയത്തിനിട നല്‍കുമെന്നതിനാലാണ് ഇങ്ങനെയൊരു നിര്‍ബന്ധം മുന്നോട്ടുവെച്ചിരുന്നത്. നേതാക്കളെയും പ്രവര്‍ത്തകരെയും ഓരോ കേന്ദ്രത്തില്‍ നിന്നും മറ്റ് കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനും അതാതിടങ്ങളില്‍ കാത്തു സൂക്ഷിക്കാനും ചുമതലപ്പെട്ട പി കൃഷ്‌ണേട്ടനെപ്പോലുളളവരാണ് ഇത്തരം ചിട്ടവട്ടങ്ങളും നിര്‍ബന്ധങ്ങളും കാത്തുപോരേണ്ടിയിരുന്നത്. ഇ എം എസ് അന്ന് ഒളിവില്‍ കഴിഞ്ഞിരുന്നത് മാവിലായിയില്‍ ആയിരുന്നു. അദ്ദേഹത്തിനു ചായക്കുള്ള പാല്‍ തൊട്ടടുത്ത വീട്ടില്‍ കറവയുണ്ടെങ്കിലും അവിടെ നിന്നും വാങ്ങില്ലായിരുന്നു. കാരണം ആ വീട്ടുകാര്‍ എല്ലാ ദിവസവും  പാല്‍ വാങ്ങാന്‍ ശേഷിയില്ലാത്തവരായിരുന്നു എന്നതുതന്നെ. അഥവാ പാല്‍ വാങ്ങിയാല്‍ തന്നെ അത് സംശയത്തിനിട നല്‍കും എന്നതും മറ്റൊരു കാരണമാണ്. അതിനാല്‍ പിണറായി എന്ന സ്ഥലത്തു നിന്ന് പാല്‍ വാങ്ങി സൂക്ഷിച്ച് രാത്രി കാലങ്ങളില്‍ അവിടെ എത്തിച്ചിരുന്നത് കൃഷ്‌ണേട്ടനായിരുന്നു.

പാര്‍ട്ടി നിരോധനം പിന്‍വലിച്ച ശേഷം പാര്‍ട്ടി പ്രചരണത്തിനായി സി പി ഐ ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാറില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ടത് കൃഷ്‌ണേട്ടന്‍ ആയിരുന്നു. പി സി ജോഷി അന്ന് സൈക്കിളിലായിരുന്നു യാത്ര ചെയ്തിരുന്നത്. സൈക്കിളറിയാത്ത കൃഷ്‌ണേട്ടനെ ജോഷി ഡബിളെടുത്താണ് വഴിയറിയാന്‍ കൂടെ കൊണ്ടു പോയിരുന്നത്. മാവിലായി, വടക്കുമ്പാട്, പിണറായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സഖാക്കള്‍ താമസിക്കുന്ന വീടുകളില്‍ സൈക്കിളിനു പിറകിലിരുന്ന് കൃഷ്‌ണേട്ടനും വഴികാട്ടിയായി പി സി ജോഷിക്കൊപ്പം യാത്ര ചെയ്തു.പിണറായി കമ്പോട്ടര്‍മൊട്ടക്കെത്തിയപ്പോള്‍ നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്ന് ഇരുവരും താഴെ വീണു. പി സി ജോഷിക്ക്  മുറിവ് പറ്റിയെങ്കിലും അതൊന്നും കൂസാതെ അദ്ദേഹം കൃഷ്‌ണേട്ടനെയും പിറകിലിരുത്തി യാത്ര തുടരുകയും ഓലയമ്പലത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും പരസ്യമായി വഴിപിരിഞ്ഞ 1940 സപ്തംബര്‍ 15ന്റെ പ്രതിഷേധദിനത്തില്‍ തലശ്ശേരി ജവഹര്‍ഘട്ടില്‍ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ സമരത്തില്‍ ഉള്‍പ്പെട്ട നിരവധി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കൃഷ്‌ണേട്ടന്‍ ഒളിവ് ജീവിതം അനുഭവിച്ചിട്ടുണ്ട്.

ആയിരങ്ങള്‍ വന്ന് ചേര്‍ന്ന ജവഹര്‍ഘട്ടില്‍ എണ്ണത്തില്‍ കുറവായിരുന്ന പൊലീസുകാര്‍ പിന്തിരിഞ്ഞ് ഓടുകയായിരുന്നുവെന്ന് കൃഷ്‌ണേട്ടന്‍ പറഞ്ഞിട്ടുണ്ട്. പിന്നീടവര്‍ ദൂരെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് മുന്നറിയിപ്പില്ലാതെ നടത്തിയ വെടിവെപ്പിലാണ് അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായത്. തുടര്‍ന്ന് സഖാക്കള്‍ പി കെ മാധവന്‍ തലശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിലും പി ബാലഗോപാലന്‍ മാസ്റ്റര്‍ മഞ്ഞോടിയിലും ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളകിയെന്നും ഇന്ത്യ ഒറ്റക്കെട്ടായി അണിനിരന്നു കഴിഞ്ഞു എന്നും ബ്രിട്ടീഷ് ഭരണം അവസാനിക്കാറായെന്നുമാണ് അവര്‍ അവിടെ പ്രസംഗിച്ചത്.

സി പി ഐ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ബോംബെയില്‍ വെച്ച് നടന്നപ്പോള്‍ തലശ്ശേരിയില്‍ നിന്നും പ്രതിനിധിയായി തെരഞ്ഞെടുത്തത് കൃഷ്‌ണേട്ടനെയായിരുന്നു. 1943 - 44 കാലത്ത് സി പി ഐ കോട്ടയം താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ സഖാവ് നിരന്തരമായ പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി. അന്നത്തെ മര്‍ദ്ദനത്തിന്റെ ദുരിതവും പേറി പ്രായത്തിന്റെ അവശതയുമായി കഴിയുമ്പോഴും സി പി ഐയിലെ തന്റെ അംഗത്വകാര്‍ഡ് നെഞ്ചോട് ചേര്‍ത്ത് പിടിച്ച്, പുതിയ ലോകക്രമം വരിക തന്നെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിച്ച് അതില്‍ ആഹ്ലാദം കൊണ്ടാണ് കൃഷ്‌ണേട്ടന്‍ ജീവിക്കുന്നത്.

തലക്കെട്ട് എഴുതാതെ കുറിച്ചുവെച്ചിട്ടുള്ള തന്റെ തീ പാറുന്ന അനുഭവക്കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്. ''ഞാന്‍ ഇലക്ട്രിക് കമ്പനിയിലെ ജോലിയില്‍ നിന്ന് വിട്ടു. മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി (1940). അപ്പോള്‍ ജ്യേഷ്ഠന്‍ ചോദിച്ചു. നാളെ നിന്റെ ഭാവി എന്താവും എന്ന്. ഞാന്‍ പറഞ്ഞു; ലോകം മുഴുവന്‍ സുഖസമ്പൂര്‍ണ്ണമായ ഒരു സമുദായം വരാന്‍ പോകുന്നു. ഉള്ളവനും ഇല്ലാത്തവനും എന്ന വേര്‍തിരിവില്ലാത്ത ലോകം. അതിനാല്‍ അച്ഛനും അമ്മയും ജ്യേഷ്ഠനും സഹോദരങ്ങളും ഒന്നുകൊണ്ടും വിഷമിക്കരുത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്നു' എന്ന്.'

ഇലക്ട്രിക്ക് കമ്പനിയിലെ തൊഴിലുപേക്ഷിച്ച പി കൃഷ്‌ണേട്ടന്‍ വിദ്യുത് തരംഗം പോലെ കേരളത്തെ ഇളക്കിമറിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനും കാവല്‍ക്കാരനുമൊക്കെയായി പ്രവര്‍ത്തിച്ചു. കുറച്ചു വര്‍ഷങ്ങളായി അവശതകളുണ്ടെങ്കിലും പാര്‍ട്ടി സഖാക്കള്‍ പ്രധാനപ്പെട്ട പരിപാടികള്‍ക്ക് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം എത്തിച്ചേര്‍ന്നിട്ടുണ്ട്. 2009 ല്‍ പിണറായിയില്‍ സി പി ഐ കേരളഘടകം രൂപീകരിച്ചതിന്റെ 70 ാം വാര്‍ഷികത്തില്‍ പതാക ഉയര്‍ത്തിയത് അദ്ദേഹമായിരുന്നു.

തയ്യാറാക്കിയത്: മഹേഷ് കക്കത്ത് janayugom 030112

1 comment:

  1. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിച്ച സംഭവമായിരുന്നു 1939 ല്‍ കണ്ണൂര്‍ ജില്ലയിലെ പിണറായി പാറപ്രത്തു നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ രൂപീകരണ സമ്മേളനം. പ്രസ്തുത സമ്മേളനത്തിന്റെ കാവല്‍ജോലി നിര്‍വ്വഹിച്ച 30 വളണ്ടിയര്‍മാരില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് പി കൃഷ്ണന്‍. ആകാരപ്രകൃതംകൊണ്ടും ധീരമായ നിലപാടുകള്‍കൊണ്ടും ഭീമന്‍ കൃഷ്‌നെന്നും മലബാര്‍ കൃഷ്ണനെന്നും അദേഹം അറിയപ്പെട്ടു

    ReplyDelete