Saturday, January 14, 2012

ആണവകരാര്‍ : ഭീഷണിയുമായി വീണ്ടും അമേരിക്ക

സിവില്‍ ആണവകരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് വീണ്ടും അമേരിക്കന്‍ ഭീഷണി. കരാര്‍ പൂര്‍ണമായി നടപ്പാക്കേണ്ടതാണെന്ന് ഇന്ത്യക്ക് അറിയാമെന്നും അത് അവര്‍ പാലിക്കണമെന്നും അമേരിക്കന്‍ ആയുധ നിയന്ത്രണ അണ്ടര്‍ സെക്രട്ടറി എല്ലന്‍ ടൗഷര്‍ പറഞ്ഞു. ബുഷ് ഭരണകാലത്ത് കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ ആണവകരാറിനെ എതിര്‍ത്ത ടൗഷറാണ് ഇപ്പോള്‍ കരാര്‍ നടപ്പാക്കാത്തത് ഇന്ത്യയാണെന്ന ആക്ഷേപവുമായി രംഗത്തുവന്നത്. ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ വിതരണം ചെയ്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ആണവബാധ്യതാബില്ലിലെ വകുപ്പുകള്‍ നിര്‍വീര്യമാക്കണമെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപ്രകാരമുള്ള ആണവസുരക്ഷാ റഗുലേറ്റര്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങളുടെ സുരക്ഷാ ചുമതല പരിശോധിക്കാന്‍ അനുവാദം നല്‍കരുതെന്നുമാണ് അമേരിക്കന്‍ ഭീഷണിയുടെ സാരം.
"കരാര്‍ സമ്പൂര്‍ണമായി നടപ്പാക്കേണ്ടത് എത്രമാത്രം ആവശ്യമാണെന്ന് ഇന്ത്യക്ക് നന്നായി അറിയാം. അത് ചെയ്യാമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതാണ്. എന്നാല്‍ , അവര്‍ അത് പാലിക്കുന്നില്ല"-എല്ലന്‍ ടൗഷര്‍ പരാതിപ്പെട്ടു. നഷ്ടപരിഹാരപ്രശ്നം ഉള്‍പ്പെടെ നിയമപരമായി ചെയ്യേണ്ട പല കാര്യവും ഇന്ത്യ ചെയ്തില്ലെന്ന പരാതിയും അമേരിക്ക ഉയര്‍ത്തി.

ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ആണബാധ്യതാ ബില്ലില്‍ മാറ്റംവരുത്തണമെന്നാണ് ടൗഷര്‍ പരോക്ഷമായി ആവശ്യപ്പെടുന്നത്. ഈ നിയമത്തിന്റെ 17-ാം വകുപ്പില്‍ അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന റിയാക്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ തകരാറ് കാരണം അപകടമുണ്ടായാല്‍ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഇത്തരം വ്യവസ്ഥ മാറ്റണമെന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സും വെസ്റ്റിങ്ക് ഹൗസും യുപിഎ സര്‍ക്കാരില്‍ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് രൂപംനല്‍കിയപ്പോള്‍ ആണവബാധ്യതാ നിയമത്തിലെ 17-ാം വകുപ്പ് നിര്‍വീര്യമാക്കപ്പെട്ടു. ഇതനുസരിച്ച് ലൈസന്‍സ് ലഭിച്ച് അഞ്ചുവര്‍ഷത്തിനകം അപകടമുണ്ടായാല്‍ മാത്രമേ അമേരിക്കന്‍ (വിദേശ)കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. ലൈസന്‍സ് ലഭിച്ച് ആണവ പ്ലാന്റ് നിലവില്‍ വരണമെങ്കില്‍ അഞ്ചുവര്‍ഷം എടുക്കുമെന്നതിനാല്‍ കമ്പനികള്‍ ഒരിക്കലും നഷ്ടപരിഹാരം നല്‍കേണ്ടിവരില്ല.

ഈ ചട്ടങ്ങള്‍ക്കെതിരെ സിപിഐ എം സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പി കരുണാകരന്റെ നേതൃത്വത്തിലുള്ള സമിതി അംഗീകരിച്ചാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് വിനയാകും. ഈ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി അമേരിക്ക വീണ്ടും രംഗത്തെത്തിയത്.

സിവില്‍ ആണവകരാറിന്റെ ഭാഗമായി അമേരിക്ക നിര്‍ദേശിച്ച കാര്യമെല്ലാം ഇതിനകം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ , കരാറനുസരിച്ച് പുനഃസംസ്കരണം, സമ്പുഷ്ടീകരണം, ഘനജല നിര്‍മാണം എന്നിവയുടെ സാങ്കേതികവിദ്യയും സംവിധാനങ്ങളും ഇന്ത്യക്ക് നല്‍കാമെന്ന ഉറപ്പ് അമേരിക്ക ഇനിയും പാലിച്ചിട്ടില്ല. ആണവ വിതരണസംഘം ഇതുസംബന്ധിച്ച ഇളവുനല്‍കിയെങ്കിലും ജി എട്ട് രാഷ്ട്രങ്ങള്‍ ഇതിനെ എതിര്‍ത്തതോടെ അതും വെള്ളത്തിലായി. അവസാനം എന്‍എസ്ജി തന്നെ ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ക്ക് (ഇന്ത്യക്ക്) ഈ സങ്കേതികവിദ്യ നല്‍കാനാകില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. യഥാര്‍ഥത്തില്‍ കരാര്‍ ലംഘിക്കുന്നത് അമേരിക്കയാണ്.
(വി ബി പരമേശ്വരന്‍)

deshabhimani 140112

1 comment:

  1. സിവില്‍ ആണവകരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ ഇന്ത്യ തയ്യാറാകണമെന്ന് വീണ്ടും അമേരിക്കന്‍ ഭീഷണി. കരാര്‍ പൂര്‍ണമായി നടപ്പാക്കേണ്ടതാണെന്ന് ഇന്ത്യക്ക് അറിയാമെന്നും അത് അവര്‍ പാലിക്കണമെന്നും അമേരിക്കന്‍ ആയുധ നിയന്ത്രണ അണ്ടര്‍ സെക്രട്ടറി എല്ലന്‍ ടൗഷര്‍ പറഞ്ഞു. ബുഷ് ഭരണകാലത്ത് കോണ്‍ഗ്രസ് അംഗമെന്ന നിലയില്‍ ആണവകരാറിനെ എതിര്‍ത്ത ടൗഷറാണ് ഇപ്പോള്‍ കരാര്‍ നടപ്പാക്കാത്തത് ഇന്ത്യയാണെന്ന ആക്ഷേപവുമായി രംഗത്തുവന്നത്. ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ വിതരണം ചെയ്ത കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ആണവബാധ്യതാബില്ലിലെ വകുപ്പുകള്‍ നിര്‍വീര്യമാക്കണമെന്നും പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമപ്രകാരമുള്ള ആണവസുരക്ഷാ റഗുലേറ്റര്‍ക്ക് അമേരിക്കന്‍ കമ്പനികള്‍ സ്ഥാപിക്കുന്ന ആണവനിലയങ്ങളുടെ സുരക്ഷാ ചുമതല പരിശോധിക്കാന്‍ അനുവാദം നല്‍കരുതെന്നുമാണ് അമേരിക്കന്‍ ഭീഷണിയുടെ സാരം.

    ReplyDelete