Tuesday, January 24, 2012

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മുഹമ്മദ് അബ്ദുറഹ്മാനും

അടിമുടി കോണ്‍ഗ്രസുകാരന്‍ . എന്നാല്‍ നേതൃത്വത്തിന്റെ വരേണ്യതയോട് സന്ധിയില്ലാത്ത കലഹം. കൊടുങ്ങല്ലൂരില്‍ ജനിച്ച് കോഴിക്കോടിന്റെ ദത്തുപുത്രനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന മുന്‍ കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കി കേരള ചരിത്രം രചിക്കാനാവില്ല. എന്നും ജനാധിപത്യ, മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുഹമ്മദ് അബ്ദുറഹ്മാനോട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയായി പരിണമിച്ച അന്നത്തെ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ധാരയോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമല്ല അത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തില്‍ ആദ്യമായി അച്ചടിക്കാനുള്ള രാഷ്ട്രീയ തന്റേടം കാണിച്ച നേതാവുകൂടിയാണ് അദ്ദേഹം.

അലിഗഡിലെ പഠനത്തിലൂടെ നേടിയ ആധുനിക കാഴ്ചപ്പാടാണ് സ്വന്തം പത്രമായ അല്‍ അമീനിന്റെ കല്ലച്ചില്‍ മാനിഫെസ്റ്റോ അച്ചടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം ഇറങ്ങിയ അല്‍ അമീന്‍ , നിയമലംഘന സമരങ്ങള്‍ ശക്തിപ്പെട്ടതോടെ 1930 ജൂണ്‍ 25 മുതല്‍ ദിനപത്രമായി. കേരളത്തില്‍ കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റ് ഗ്രൂപ്പ് ശക്തിപ്രാപിച്ച ഘട്ടം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ രഹസ്യമായി പ്രചരിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ പോലും നോട്ടീസോ ലഘുലേഖകളോ അച്ചടിക്കാന്‍ പ്രസ്സുകള്‍ വിസമ്മതിച്ച കാലം. 1937ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്ലിന് അടിത്തറപാകിയ നാലുപേരില്‍ ഒരാളായ കെ ദാമോദരന് വാരാണസി വിദ്യാപീഠത്തിലെ പഠനകാലത്താണ് മാനിഫെസ്റ്റോ ലഭിച്ചത്. അതിന്റെ മലയാള പരിഭാഷയുമായി മുഹമ്മദ് അബ്ദുറഹ്മാനെ സമീപിച്ചു. ആര്‍ക്കും പെട്ടെന്ന് മനസ്സിലാകാതിരിക്കാനും മുഹമ്മദ് അബ്ദുറഹ്മാന്‍ പൊലീസ് പിടിയിലാകാതിരിക്കാനുമായി "സമഷ്ടിവാദ വിജ്ഞാപനം" എന്നായിരുന്നു പേരിട്ടത്. എന്നാല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന പേരില്‍തന്നെ അച്ചടിക്കണമെന്ന് സാഹിബ് നിഷ്കര്‍ഷിച്ചു. സ്ഥാപനത്തില്‍ നിന്ന് ഒരു വിവരവും ചോര്‍ന്നു പോകില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു ഇതിനു പ്രേരണ. സത്യത്തിനും ന്യായത്തിനും വേണ്ടി ഉറച്ച നിലപാടെടുക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളോടുള്ള സ്നേഹവും വിശ്വാസവും മറ്റൊരു കാരണമായി. അങ്ങനെ കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്സിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈകള്‍കൊണ്ട് മാനിഫെസ്റ്റോ പുറത്തിറങ്ങി.

കോഴിക്കോട് നഗരത്തിലെ പാളയം ജങ്ഷന് തെക്ക്, കല്ലായി റോഡിന്റെ കിഴക്കു വശത്തെ പീടികകളുടെ പിന്നില്‍ 25 സെന്റ് സ്ഥലത്തെ അമീന്‍ ലോഡ്ജിലാണ് മുഹമ്മദ് അബ്ദുറഹ്മാനും ഭാര്യയും അല്‍ -അമീന്‍ ജീവനക്കാരും താമസിച്ചത്. 1924 ഒക്ടോബര്‍ 12ന് നബിദിനത്തില്‍ അല്‍ -അമീന്‍ (വിശ്വസ്തന്‍) ആദ്യ ലക്കം പുറത്തിറങ്ങി. കോര്‍ട്റോഡിലെ ഓഫീസും പ്രസ്സും പിന്നീട് ലോഡ്ജിനടുത്തേക്കു മാറ്റി. കോണ്‍ഗ്രസിലെ ജാതിമേല്‍ക്കോയ്മക്കെതിരെ പാര്‍ടിക്കുള്ളില്‍ സാഹിബ് നടത്തിയ പോരാട്ടങ്ങള്‍ക്ക് ചരിത്രരേഖകള്‍ സാക്ഷി.
കോഴിക്കോട്ടെ പുരാരേഖാവകുപ്പില്‍ സൂക്ഷിച്ച കത്ത് ഈ കഥയാണ് പറയുന്നത്. 1937 ഏപ്രില്‍ 18ന് ഗാന്ധിജിക്ക് എഴുതിയ കത്തില്‍ മുസ്ലിങ്ങളെ കോണ്‍ഗ്രസില്‍ പ്രവേശിപ്പിക്കാത്ത നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് അദ്ദേഹം. കോണ്‍ഗ്രസില്‍ വന്‍തോതില്‍ മുസ്ലീങ്ങളെ ചേര്‍ക്കാന്‍ പ്രത്യേകം ശ്രമിക്കണമെന്ന് അധ്യക്ഷനായ പണ്ഡിറ്റ്ജി പറഞ്ഞിട്ടും കേരളത്തിലെ യജമാനന്മാരുടെ സമീപനത്തില്‍ ഒരു മാറ്റവുമില്ലാത്തത് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് ഹിന്ദുപാര്‍ടിയാണെന്ന ആക്ഷേപത്തെ ഇത്ശരിവെക്കുകയാണെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് വിരുദ്ധരായ മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനെ നായര്‍ പാര്‍ടിയാണെന്നാണ് വിശേഷപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ജീര്‍ണതകള്‍ക്കും മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികത്വത്തിനുമെതിരെ ഒരുപോലെ നിലകൊണ്ട അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നവയായിരുന്നു. പലതവണ ജയിലില്‍ കഴിഞ്ഞ അദ്ദേഹം 47-ാം വയസില്‍ 1945 നവംബര്‍ 23ന് കൊടിയത്തൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു മടങ്ങവേ ചേന്ദമംഗലൂരില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മരണത്തെക്കുറിച്ച് ഏറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് ആ വീരപുത്രന്‍ അരങ്ങൊഴിഞ്ഞത്.

deshabhimani 240112

1 comment:

  1. അടിമുടി കോണ്‍ഗ്രസുകാരന്‍ . എന്നാല്‍ നേതൃത്വത്തിന്റെ വരേണ്യതയോട് സന്ധിയില്ലാത്ത കലഹം. കൊടുങ്ങല്ലൂരില്‍ ജനിച്ച് കോഴിക്കോടിന്റെ ദത്തുപുത്രനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന മുന്‍ കെപിസിസി പ്രസിഡന്റിനെ ഒഴിവാക്കി കേരള ചരിത്രം രചിക്കാനാവില്ല. എന്നും ജനാധിപത്യ, മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുഹമ്മദ് അബ്ദുറഹ്മാനോട് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കടപ്പെട്ടിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടിയായി പരിണമിച്ച അന്നത്തെ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ധാരയോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടു മാത്രമല്ല അത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ മലയാളത്തില്‍ ആദ്യമായി അച്ചടിക്കാനുള്ള രാഷ്ട്രീയ തന്റേടം കാണിച്ച നേതാവുകൂടിയാണ് അദ്ദേഹം.

    ReplyDelete