Sunday, January 8, 2012

ശാസ്ത്രസാങ്കേതിക യുഗത്തിലും സ്ത്രീക്ക് അവഗണന- സെമിനാര്‍

സ്ത്രീകളോടുള്ള സമൂഹത്തിന്റെ ക്രൂരമായ അവഗണന ആധുനികയുഗത്തിലെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളുടെ വിനിയോഗങ്ങളില്‍പോലും പ്രകടമാണെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന "സ്ത്രീസമൂഹം-രാഷ്ട്രീയം" സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീ സ്വത്തു സംരക്ഷിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും മാത്രമുള്ളതാണെന്ന ധാരണയില്‍നിന്നും സമൂഹം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. അടുക്കളയില്‍നിന്നും അരങ്ങത്തേയ്ക്കും പണിയിടങ്ങളിലേക്കും സ്ത്രീ പോകാന്‍ തുടങ്ങി. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമെല്ലാം സ്ത്രീകളെ അകത്തളങ്ങളില്‍നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്നും സ്ത്രീക്ക് ലിംഗസമത്വം ലഭിക്കുന്നില്ല.
ആധുനികശാസ്ത്ര-സാങ്കേതികവിദ്യകള്‍ സാമൂഹ്യമാറ്റത്തിന് വിനിയോഗിക്കാമെന്ന് സ്വപ്നംകണ്ടവരാണ് നമ്മള്‍ . ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് ലിംഗനിര്‍ണയം നടത്താനും പെണ്ണാണെങ്കില്‍ ഭ്രൂണാവസ്ഥയില്‍തന്നെ ഇല്ലാതാക്കാനുംവരെ ശാസ്ത്ര-സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമൂഹം പണ്ടേതന്നെ ചില സ്ഥാനങ്ങള്‍ കല്‍പ്പിച്ചിരുന്നു. അതില്‍നിന്നും ഇന്നും മാറാന്‍ നമുക്ക് കഴിയുന്നില്ല. സ്ത്രീകള്‍ പുറത്തുപോയി ജോലിചെയ്തുകൂട, സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൂട തുടങ്ങിയ ചിന്താഗതികള്‍ ഇന്നും പൂര്‍ണമായി മാറിയിട്ടില്ല.

സ്ത്രീകള്‍ സ്വയം സ്വാംശീകരിക്കുന്ന ചില ശീലങ്ങളും അവളെ പിന്നോക്കാവസ്ഥയിലാക്കുന്നുണ്ട്. ഇന്നോളമുള്ള ധാരണകളെയും രീതികളെയും തിരുത്തിക്കുറിക്കാതെ സ്ത്രീകള്‍ക്ക് മാറ്റം ഉണ്ടാകില്ല. ചരിത്രരേഖകളില്‍പോലും സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണുള്ളത്. പുരുഷനോടൊപ്പം പോരാടിയ സ്ത്രീകളെ മറന്നാണ് ചരിത്രരചനകള്‍പോലും. ഇന്ത്യന്‍ പാര്‍ലമെന്റില്‍പോലും 10 ശതമാനത്തിന് താഴെയാണ് സ്ത്രീകള്‍ . സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുന്ന സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍ പഞ്ചായത്തുകളിലെ വനിതാസംവരണംപോലും സ്ത്രീകള്‍ക്കുമുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണമുണ്ട്. 1995ന് ശേഷമുള്ള മാറ്റമാണിത്. ജന്മിത്വത്തില്‍നിന്നും ജാതിമതമേധാവിത്വത്തില്‍നിന്നും മോചനമുണ്ടായാലേ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് മോചനമുണ്ടാകൂ. ലിംഗസമത്വത്തിനായുള്ള പോരാട്ടം ശക്തമാകണം. പൊതുപ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയത്തിനതീതമായ പൊതുവായ പോരാട്ടം അനിവാര്യമാണെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, കേരള മഹിളാസംഘം നേതാവ് പ്രൊഫ. ആര്‍ ലതാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പ്രതിഭാഹരി, നഗരസഭാധ്യക്ഷ മേഴ്സി ഡയാന മാസിഡോ, ജി രാജമ്മ എന്നിവര്‍ സംസാരിച്ചു. കെ കെ ജയമ്മ സ്വാഗതവും ജലജാചന്ദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani 080112

2 comments:

  1. സ്ത്രീകളോടുള്ള സമൂഹത്തിന്റെ ക്രൂരമായ അവഗണന ആധുനികയുഗത്തിലെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളുടെ വിനിയോഗങ്ങളില്‍പോലും പ്രകടമാണെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന "സ്ത്രീസമൂഹം-രാഷ്ട്രീയം" സെമിനാര്‍ അഭിപ്രായപ്പെട്ടു. സ്ത്രീ സ്വത്തു സംരക്ഷിക്കാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും മാത്രമുള്ളതാണെന്ന ധാരണയില്‍നിന്നും സമൂഹം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. അടുക്കളയില്‍നിന്നും അരങ്ങത്തേയ്ക്കും പണിയിടങ്ങളിലേക്കും സ്ത്രീ പോകാന്‍ തുടങ്ങി. അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീയുമെല്ലാം സ്ത്രീകളെ അകത്തളങ്ങളില്‍നിന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇന്നും സ്ത്രീക്ക് ലിംഗസമത്വം ലഭിക്കുന്നില്ല.

    ReplyDelete
  2. ഇന്ത്യന്‍ പാര്‍ലമെന്റില്‍പോലും 10 ശതമാനത്തിന് താഴെയാണ് സ്ത്രീകള്‍ . സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടുന്ന സ്ത്രീകളുടെ എണ്ണം കുറവായതിനാല്‍ പഞ്ചായത്തുകളിലെ വനിതാസംവരണംപോലും സ്ത്രീകള്‍ക്കുമുമ്പില്‍ വെല്ലുവിളിയായി മാറുകയായിരുന്നു. കേരളത്തില്‍ ഇപ്പോള്‍ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണമുണ്ട്.

    ReplyDelete