മുല്ലപ്പെരിയാറിലെ പുതിയ ഡാമിന് സംയുക്തനിയന്ത്രണമാകാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വെളിച്ചത്തായത് യുഡിഎഫിന്റെ കള്ളക്കളി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി മറുകണ്ടം ചാടിയെങ്കിലും മാധ്യമങ്ങളിലൂടെ മന്ത്രി തിരുവഞ്ചൂരടക്കം സംയുക്തനിയന്ത്രണത്തെ ന്യായീകരിച്ചത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്.
മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി നിലപാട് തിരുത്തിയെങ്കിലും യുഡിഎഫ് മന്ത്രിസഭായോഗ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത മനോരമയടക്കമുള്ള മാധ്യമങ്ങളിലെ വാര്‍ത്ത ഇപ്പോഴും ഇതേപ്പറ്റി സംശയം ബാക്കിവയ്ക്കുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി ഡാം താങ്ങുമെന്ന് എജി കോടതിയില്‍ നിലപാടെടുത്തപ്പോഴും മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടുകയായിരുന്നു മുഖ്യമന്ത്രിയും യുഡിഎഫും. മുഖ്യമന്ത്രി കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ചുവടുമാറ്റിയെങ്കിലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെള്ളിയാഴ്ചയും നിലപാട് ആവര്ത്തിച്ചതെന്തിനെന്ന കാര്യവും ദുരൂഹമാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ നിയന്ത്രണാവകാശം കേരളവും തമിഴ്നാടും ചേര്ന്നാകാമെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് തിരുവഞ്ചൂര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. സര്‍വകക്ഷിയോഗത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമോ എന്ന ഒറ്റ അജണ്ടയേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു കാര്യമൊന്നും ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര യുപിഎ സര്‍ക്കാരിന്റെയും ചിദംബരത്തിന്റെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് കൂടിയാലോചനപോലും കൂടാതെ പൊടുന്നനെ മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തു തീരുമാനിച്ചതെന്ന് യുഡിഎഫില്‍ തന്നെ വിമര്‍ശമുണ്ട്. എന്തടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനമെന്ന് അറിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഇടതുപക്ഷ കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കളായ വി എം സുധീരന് , ടി എന്‍ പ്രതാപന് , യുഡിഎഫ് ഘടകകക്ഷി നേതാവ് കെ കൃഷ്ണന്‍കുട്ടി, കേരളകോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും രംഗത്തുവന്നു.
ഇതോടെ നിലപാടു മാറ്റാന്‍ നിര്‍ബന്ധിതമായ മുഖ്യമന്ത്രി കുറ്റം മാധ്യമങ്ങളുടെമേല്‍ ചുമത്തി രക്ഷപ്പെടുകയായിരുന്നു. നേതാക്കള്‍ എതിരായി പ്രതികരിച്ചത് മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ , മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ചത് മുഖ്യമന്ത്രി തന്നെയാണെന്ന് പത്രത്താളുകള്‍ തെളിയിക്കുന്നു.
"മുല്ലപ്പെരിയാര്‍ : സംയുക്ത നിയന്ത്രണമാകാമെന്ന് മുഖ്യമന്ത്രി" എന്നായിരുന്നു മന്ത്രിസഭായോഗ തീരുമാനം മനോരമ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രവും കേരളവും തമിഴ്നാടും ചേര്‍ന്നുള്ള സംയുക്തപങ്കാളിത്തമാണ് ഡാമിന്റെ നിയന്ത്രണത്തിലുണ്ടാകുക. സംഭരിക്കുന്ന വെള്ളം മുഴുവന്‍ തമിഴ്നാടിന് നല്‍കാമെന്ന കേരളത്തിന്റെ നിലപാടിനോട് ആരും എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി മനോരമ വാര്‍ത്തയിലുണ്ട്. "പുതിയ ഡാമില്‍ സംയുക്ത നിയന്ത്രണമാകാം" എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. മന്ത്രിസഭായോഗം ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. "സംയുക്ത നിയന്ത്രണത്തിന് കേരളം തയ്യാറെ"ന്ന് വീക്ഷണവും റിപ്പോര്‍ട്ട് ചെയ്തു. എന്നിട്ടും ധൃതിപിടച്ച് തീരുമാനമെടുത്തതിന്റെ ജാള്യം മറയ്ക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ പഴിചാരുകയാണ്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ നിലപാട് മുമ്പും സ്വീകരിച്ചിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാരാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന് മേല്‍ക്കൈ നേടിക്കൊടുത്ത അവസ്ഥയുണ്ടാക്കിയത്. ഈ സര്‍ക്കാരാകട്ടെ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി താങ്ങുമെന്ന് അഡ്വക്കറ്റ് ജനറലിനെ കൊണ്ട് ആദ്യം ഹൈക്കോടതിയില്‍ പത്രിക നല്കിച്ചു. ഇവ അബദ്ധമായിരുന്നില്ലെന്ന് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ഇടപെടാതിരുന്നതും എ കെ ആന്റണി നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചതും പി ചിദംബരത്തിന്റെ ശക്തമായ കേരളവിരുദ്ധ നിലപാടും ഇതോട് ചേര്‍ത്തുവായിക്കണം. തൃണമൂല്‍ കോണ്‍ഗ്രസും കൂടി പിണങ്ങി നില്ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് പാര്‍ടികളുടെ പിന്തുണ യുപിഎക്ക് നിര്‍ണായകമാണ്. എന്തു ദ്രോഹനിലപാട് സ്വീകരിച്ചാലും കേരളത്തിലെ എല്ലാ യുഡിഎഫ് എംപിമാരും തങ്ങള്‍ക്കുവേണ്ടി കൈപൊക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് ഉറപ്പുണ്ട്.
(ഡി ദിലീപ്)
deshabhimani 080112
മുല്ലപ്പെരിയാറിലെ പുതിയ ഡാമിന് സംയുക്തനിയന്ത്രണമാകാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ വെളിച്ചത്തായത് യുഡിഎഫിന്റെ കള്ളക്കളി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ മുഖ്യമന്ത്രി മറുകണ്ടം ചാടിയെങ്കിലും മാധ്യമങ്ങളിലൂടെ മന്ത്രി തിരുവഞ്ചൂരടക്കം സംയുക്തനിയന്ത്രണത്തെ ന്യായീകരിച്ചത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്.
ReplyDelete