ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപ്ലവസ്മരണകളിരമ്പുന്ന ഒരു മുറിയുണ്ട്. എട്ടാം ബ്ലോക്കിലെ ഏറ്റവും അറ്റത്തുള്ള 23-ാം നമ്പര്‍ മുറി. ഒരു പ്രിയപ്പെട്ട തടവുകാരനെകുറിച്ചുള്ള ഓര്‍മ കെടാതെ സൂക്ഷിക്കുന്ന ഇടമാണിത്. എ കെ ജി എന്ന വലിയ തടവുകാരന്‍ പാര്‍ത്ത ഈ ചെറിയ മുറി ഇന്ന് ജയില്‍വളപ്പിലെ പവിത്രസ്ഥാനമാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമോ ഉദ്യോഗസ്ഥരുടെ നിര്‍ദേശമോ കൂടാതെ പാവങ്ങളുടെ പടത്തലവന് ജയിലിനുള്ളില്‍ ഉയര്‍ന്ന സ്മാരകം. എ കെ ജി പാര്‍ത്ത മുറി തടവുകാര്‍ ഇപ്പോഴും പൊന്നുപോലെയാണ് പരിപാലിക്കുന്നത്. പത്തിരുപത് വര്‍ഷമായി ഇവിടെ മറ്റു തടവുകാരെ പാര്‍പ്പിക്കാറില്ല. തടവുകാരും ഉദ്യോഗസ്ഥരും ഈ മുറിക്ക് മുമ്പിലെത്തിയാല്‍ ഒരു നിമിഷം എ കെ ജി സ്മരണകളില്‍ മുഴുകും. എ കെ ജിയുടെ ചരമദിനത്തില്‍ മുറിക്ക് മുമ്പില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് ആ ധീരസ്മരണയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നവരും ഏറെയാണ്.
എ കെ ജിക്ക് കിടക്കാനായി പണിത സിമന്റ് തിട്ട ഇപ്പോഴും അതേപടിയുണ്ട്. പണ്ട് ജയിലില്‍ കട്ടില്‍ നല്‍കാന്‍ നിയമം അനുവദിച്ചില്ല. കടുത്ത നടുവേദനയുള്ളതിനാല്‍ എ കെ ജിക്ക് നിലത്ത് കിടക്കാനും ബുദ്ധിമുട്ട്. ഇതറിഞ്ഞ ജയില്‍ ഉദ്യോഗസ്ഥര്‍ പൊക്കത്തില്‍ സിമന്റ് തിട്ട പണിയാന്‍ അനുവാദം നല്‍കുകയായിരുന്നു. അന്നത്തെ തടവുകാര്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.
1970ല്‍ മുടവന്‍മുഗള്‍ മിച്ചഭൂമി പിടിച്ചെടുക്കല്‍ സമരത്തെതുടര്‍ന്നാണ് എ കെ ജിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1970 മെയ് 25ന് രാത്രി പതിനൊന്നുമണിക്കാണ് എ കെ ജിയെ ജയിലില്‍ എത്തിച്ചത്. രാത്രി സെന്‍ട്രല്‍ ജയിലില്‍ കഴിച്ചുകൂട്ടിയ അദ്ദേഹത്തെ പിറ്റേന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കി. വീണ്ടും റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. ഇതിനിടെ ജയിലിലെ ജലക്ഷാമത്തിനെതിരെ എ കെ ജി ജയിലില്‍ സമരം നയിച്ചു. ജലക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം, മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന് കത്തെഴുതിയെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് അദ്ദേഹം ജയില്‍മുറിയില്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചത് മറ്റു തടവുകാര്‍ ഏറ്റുവിളിച്ചു. ജൂണ്‍ അഞ്ചിന് കോടതിയില്‍ ഹാജരാക്കിയ വേളയില്‍ ജയിലില്‍ വെള്ളമില്ലെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചു. ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മജിസ്ട്രേട്ട് നിര്‍ദേശിച്ചു.
എ കെ ജി സ്മാരകമായി അടച്ചിട്ടിരിക്കുന്ന മുറിയില്‍ എ കെ ജിക്ക് മുമ്പ് ഇ എം എസ്, പട്ടം താണുപിള്ള, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരെയും പാര്‍പ്പിച്ചിട്ടുണ്ട്. എ കെ ജിക്കും ഇ എം എസിനും പുറമെ വി എസ് അച്യുതാനന്ദന്‍ , കോടിയേരി ബാലകൃഷ്ണന്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ഇവിടെ രാഷ്ട്രീയത്തടവുകാരായി കഴിഞ്ഞിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായ വൈക്കം മുഹമ്മദ് ബഷീര്‍ തടവുകാരിയായ നാരായണിയുമായി അപ്പുറത്തും ഇപ്പുറത്തും നിന്ന് ഹൃദയം പങ്കിട്ട ജയിലിലെ മതില്‍ "ബഷീര്‍ മതില്‍" എന്നാണ് അറിയപ്പെടുന്നത്. എ കെ ജിയെ പാര്‍പ്പിച്ച മുറിക്ക് പുറത്ത് "എ കെ ജി കിടന്ന മുറി" എന്ന് ഏതോ തടവുകാരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത് ഇപ്പോഴും മാഞ്ഞിട്ടില്ല.
(കെ ശ്രീകണ്ഠന്‍)
deshabhimani 080112
ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപ്ലവസ്മരണകളിരമ്പുന്ന ഒരു മുറിയുണ്ട്. എട്ടാം ബ്ലോക്കിലെ ഏറ്റവും അറ്റത്തുള്ള 23-ാം നമ്പര്‍ മുറി. ഒരു പ്രിയപ്പെട്ട തടവുകാരനെകുറിച്ചുള്ള ഓര്‍മ കെടാതെ സൂക്ഷിക്കുന്ന ഇടമാണിത്. എ കെ ജി എന്ന വലിയ തടവുകാരന്‍ പാര്‍ത്ത ഈ ചെറിയ മുറി ഇന്ന് ജയില്‍വളപ്പിലെ പവിത്രസ്ഥാനമാണ്. സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലമോ ഉദ്യോഗസ്ഥരുടെ നിര്‍ദേശമോ കൂടാതെ പാവങ്ങളുടെ പടത്തലവന് ജയിലിനുള്ളില്‍ ഉയര്‍ന്ന സ്മാരകം. എ കെ ജി പാര്‍ത്ത മുറി തടവുകാര്‍ ഇപ്പോഴും പൊന്നുപോലെയാണ് പരിപാലിക്കുന്നത്. പത്തിരുപത് വര്‍ഷമായി ഇവിടെ മറ്റു തടവുകാരെ പാര്‍പ്പിക്കാറില്ല. തടവുകാരും ഉദ്യോഗസ്ഥരും ഈ മുറിക്ക് മുമ്പിലെത്തിയാല്‍ ഒരു നിമിഷം എ കെ ജി സ്മരണകളില്‍ മുഴുകും. എ കെ ജിയുടെ ചരമദിനത്തില്‍ മുറിക്ക് മുമ്പില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് ആ ധീരസ്മരണയ്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നവരും ഏറെയാണ്.
ReplyDeletenice one.........
ReplyDeletevery interesting.informative......