Saturday, May 28, 2011

കൊള്ളക്കാരുടെ സംഘമോ?

അഴിമതിക്കുള്ള അവസരങ്ങള്‍ ഖനനംചെയ്തെടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഒരുഭാഗത്ത് സര്‍ക്കാര്‍വക മദ്യവില്‍പ്പന ശാലകള്‍ വേണ്ടെന്നുവച്ച് സ്വകാര്യ ബാറുകാരെ സേവിക്കുന്നു, പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ നോക്കുന്നു. മറ്റൊരു ഭാഗത്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍നിന്ന് പിരിവെടുക്കാന്‍ അരങ്ങൊരുക്കുന്നു. ഒന്നായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി മുറിച്ച് മൂന്നു മന്ത്രിമാര്‍ക്ക് പങ്കിട്ടുകൊടുത്തതും ഇത്തരം ചില ലക്ഷ്യങ്ങള്‍ കണ്ടുതന്നെ. അഞ്ചുകൊല്ലം ഭരണത്തിനു പുറത്തുനിന്നശേഷം കസേര തിരികെക്കിട്ടുമ്പോള്‍ ഒരുതരം ആര്‍ത്തിയോടെ കിട്ടുന്നിടത്തെല്ലാം കൈയിട്ടുവാരാനുള്ള സംഘടിത നീക്കത്തിലാണ് യുഡിഎഫ് മന്ത്രിമാര്‍ . ഭരണം ഒരാഴ്ച തികയ്ക്കുമ്പോള്‍തന്നെ ഇതാണ് അനുഭവമെങ്കില്‍ ഇനിയുള്ള നാളുകളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മെഡിക്കല്‍കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധം എല്‍ഡിഎഫ് സര്‍ക്കാര്‍ വെറുതെ എടുത്ത തീരുമാനമല്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും രോഗികള്‍ക്ക് ഗുണമേന്മ കൂടിയ ചികിത്സ ഉറപ്പുവരുത്തുന്നതിനും അനിവാര്യമായ ഒരു നടപടിയായാണ് സ്വകാര്യ പ്രാക്ടീസ് നിരോധിച്ചത്. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് നടത്തിയ മിക്ക പഠനങ്ങളും എത്തിച്ചേര്‍ന്ന പ്രധാന നിഗമനങ്ങളിലൊന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നതായിരുന്നു. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയത്തിലും 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷന്റെയും 2000ത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയുടെയും 2007ല്‍ ഡോ. ഇക്ബാല്‍ കമ്മിറ്റിയുടെയും റിപ്പോര്‍ട്ടുകളിലും സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാനുള്ള ശുപാര്‍ശകളാണ് അടങ്ങിയിട്ടുള്ളത്. സ്വകാര്യ പ്രാക്ടീസിന്റെ അതിപ്രസരം നിമിത്തം മെഡിക്കല്‍ കോളേജുകള്‍ കേവലം ചികിത്സാ കേന്ദ്രങ്ങളായി ചുരുങ്ങുകയും ആരോഗ്യവിദ്യാഭ്യാസത്തിന്റെ നിലവാരം അനുദിനം താഴ്ന്നുവരികയുമാണെന്ന വിമര്‍ശവും ശക്തമായി ഉയര്‍ന്നുവന്നു. സ്വകാര്യ പ്രാക്ടീസ് മൂലമുണ്ടാകുന്ന സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ചികിത്സയുടെ നിലവാരത്തെയും ബാധിച്ചു. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കേണ്ടിവരുമെന്നതിനാലാണ് മുന്‍കാലങ്ങളില്‍ ഇതേക്കുറിച്ച് ഗൗരവമായ ആലോചന നടക്കാതിരുന്നത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി എടുത്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്ടീസിങ് അലവന്‍സും നല്‍കാന്‍ ഏകദേശം പ്രതിവര്‍ഷം 65 കോടി രൂപയുടെ അധിക ബാധ്യത ഏറ്റെടുക്കാന്‍ തീരുമാനിച്ചു. യുജിസി നിരക്കില്‍ ശമ്പളം നല്‍കുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമെല്ലാം ഉള്‍പ്പെടെ പ്രതിവര്‍ഷം 120 കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

മെഡിക്കല്‍ -ഡെന്റല്‍ കോളേജ് അധ്യാപകര്‍ അധ്യാപനത്തിനുപുറമെ ആശുപത്രികളില്‍ ചികിത്സാ സേവനവും നല്‍കണമെന്നത് പരിഗണിച്ച് അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുക പേഷ്യന്റ് കെയര്‍ അലവന്‍സായി നല്‍കുന്നു. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം നോണ്‍ പ്രാക്ടീസിങ് അലവന്‍സ് അനുവദിക്കുന്നുണ്ട്. ഇങ്ങനെ പേഷ്യന്റ് കെയര്‍ അലവന്‍സ് നല്‍കുന്ന ആദ്യസംസ്ഥാനമാണ് കേരളം. ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്തശേഷം ഏര്‍പ്പെടുത്തിയ സ്വകാര്യപ്രാക്ടീസ് വിലക്ക് ചികിത്സാ രംഗത്ത് ഏതാണ്ട് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ആകെ നിലനില്‍ക്കുന്ന ഒരു പരാതി, രോഗികള്‍ക്ക് ഇഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നില്ല എന്നതാണ്. പ്രത്യേക ഡോക്ടറെത്തന്നെ കാണണമെന്നുള്ളവര്‍ക്ക് ഒപി ദിവസങ്ങളില്‍ പ്രത്യേക ഫീസ് ചുമത്തിയോ മറ്റോ ഇത് എളുപ്പത്തില്‍ സാധിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ ഇവിടെ പരിശോധിക്കില്ല എന്ന ബോര്‍ഡ് ഉള്‍പ്പെടെ വീട്ടില്‍ സ്ഥാപിക്കണം; താമസസ്ഥലത്തല്ലാതെ മറ്റൊരിടത്തും പ്രാക്ടീസ് ചെയ്യരുത്; മിനിമം ഉപകരണങ്ങളേ ഉപയോഗിക്കാവൂ; വാണിജ്യതാല്‍പ്പര്യംഅരുത്- ഇങ്ങനെയുള്ള നിരവധി നിബന്ധനകള്‍ സ്വകാര്യ പ്രാക്ടീസിനുണ്ട്. ഈ മാര്‍ഗനിര്‍ദേശം പാലിച്ചായിരുന്നില്ല നേരത്തെതന്നെ മെഡിക്കല്‍ കോളേജുകളിലെയും ആരോഗ്യ വകുപ്പിലെയും ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയത്. ഇപ്പോള്‍ അതിന് ഏറെക്കുറെ നിയന്ത്രണം വന്നിട്ടുണ്ട്. മഹാ ഭൂരിപക്ഷം ഡോക്ടര്‍മാരും സര്‍ക്കാര്‍ തീരുമാനത്തിന്റെ ഗുണവശം മനസിലാക്കാനും അത് അംഗീകരിക്കാനും തയ്യാറായിട്ടുണ്ട്. പ്രമാണിമാരായ ചില ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കാത്തതുകൊണ്ട് വലിയ "നഷ്ടം" ഉണ്ടാകുന്നു എന്നത് വസ്തുതയാണ്. കണക്കില്ലാതെ പണം സമ്പാദിക്കാനുള്ള അവസരംപോയ അത്തരക്കാര്‍ എന്തു വിലകൊടുത്തും സ്വകാര്യ പ്രാക്ടീസ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും.

യുഡിഎഫ് സര്‍ക്കാരില്‍ അത്തരക്കാരെ സ്വീകരിക്കാനും കാര്യം നടത്തിക്കൊടുക്കാനുമുള്ള സംവിധാനമുണ്ട്. ഇവിടെ സംഭവിക്കുന്നത് അതാണ്-അത്തരം ദല്ലാളന്‍മാര്‍ക്ക് അഞ്ചുവര്‍ഷം പുറത്തുനില്‍ക്കേണ്ടിവന്നുവെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ വരവില്‍ അവര്‍ സന്തുഷ്ടരാണ്. അവര്‍ നാടുനീളെ പിരിവിനിറങ്ങിയിരിക്കുന്നു. ആവശ്യക്കാരായ ഡോക്ടര്‍മാരില്‍നിന്ന് പണം സമാഹരിക്കാന്‍ അനുചരരെ പറഞ്ഞുവിട്ടിട്ട് ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലിരുന്ന് പുളയ്ക്കുന്നവരെയും സഹായികളെയും തുറന്നുകാട്ടാനും അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനും നാടിനെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകേണ്ടതുണ്ട്.

ദേശാഭിമാനി  മുഖപ്രസംഗം 280511

2 comments:

  1. അഴിമതിക്കുള്ള അവസരങ്ങള്‍ ഖനനംചെയ്തെടുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഒരുഭാഗത്ത് സര്‍ക്കാര്‍വക മദ്യവില്‍പ്പന ശാലകള്‍ വേണ്ടെന്നുവച്ച് സ്വകാര്യ ബാറുകാരെ സേവിക്കുന്നു, പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാന്‍ നോക്കുന്നു. മറ്റൊരു ഭാഗത്ത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ബന്ധപ്പെട്ട ഡോക്ടര്‍മാരില്‍നിന്ന് പിരിവെടുക്കാന്‍ അരങ്ങൊരുക്കുന്നു. ഒന്നായിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി മുറിച്ച് മൂന്നു മന്ത്രിമാര്‍ക്ക് പങ്കിട്ടുകൊടുത്തതും ഇത്തരം ചില ലക്ഷ്യങ്ങള്‍ കണ്ടുതന്നെ. അഞ്ചുകൊല്ലം ഭരണത്തിനു പുറത്തുനിന്നശേഷം കസേര തിരികെക്കിട്ടുമ്പോള്‍ ഒരുതരം ആര്‍ത്തിയോടെ കിട്ടുന്നിടത്തെല്ലാം കൈയിട്ടുവാരാനുള്ള സംഘടിത നീക്കത്തിലാണ് യുഡിഎഫ് മന്ത്രിമാര്‍ . ഭരണം ഒരാഴ്ച തികയ്ക്കുമ്പോള്‍തന്നെ ഇതാണ് അനുഭവമെങ്കില്‍ ഇനിയുള്ള നാളുകളില്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

    ReplyDelete
  2. പ്രധാന വകുപ്പുകളെല്ലാം കുഞ്ഞാലിക്കുട്ടി കൈയടക്കിയശേഷം ബാക്കിയുള്ള അപ്രധാന വകുപ്പുകളാണ് പാര്‍ട്ടിയിലെ മറ്റു മന്ത്രിമാര്‍ക്ക് നല്‍കിയതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍പറഞ്ഞു. ഏറെ തുട്ടു കിട്ടുന്ന നഗരവികസനം പോലുള്ള സുപ്രധാന വകുപ്പുകളാണ് കുഞ്ഞാലിക്കുട്ടി കയ്യടക്കി വച്ചിരിക്കുന്നത്. രാമനിലയത്തില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്. തനിക്ക് ലഭിച്ച വകുപ്പിനെക്കുറിച്ച് മന്ത്രി മുനീര്‍ പരാതിപ്പെട്ടിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനങ്ങുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അനങ്ങാതിരിക്കുന്നത് ശരിയല്ല. വകുപ്പുകള്‍ പല വിഭാഗങ്ങളാക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. സ്വകാര്യ പ്രാക്ടിസ് അനുവദിച്ചതിലും ഇതുതന്നെയാണ് അവസ്ഥ. ഭരണത്തില്‍ വന്നവര്‍ തുട്ടുകിട്ടാനുള്ള മാര്‍ഗമായാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete