Saturday, January 7, 2012

ടു ജി: ചിദംബരത്തിനെതിരെ കൂടുതല്‍ തെളിവ്

ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി വിശദമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്വാമിയുടെ തെളിവുകള്‍ സംബന്ധിച്ച വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 21 ലേക്ക് മാറ്റി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ പി സായിനിയാണ് ഉത്തരവിട്ടത്. ടു ജി ഇടപാടില്‍ തീരുമാനമെടുക്കുന്നതില്‍ ടെലകോം മന്ത്രി എ രാജയുടെ മേല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ സ്വാധീനമുണ്ടായിരുന്നുവെന്ന് സ്വാമി കോടതിയില്‍ പറഞ്ഞു. രാജയുടെ മാത്രം ഉത്തരവാദിത്വമല്ല. നധമന്ത്രിയുടെ അറിവും സമ്മതവും ഇടപാടിലുണ്ട്. അതിനാല്‍ ചിദംബരത്തെയും വിസ്തരിക്കണം. സ്പെക്ട്രം വിലയും ലൈസന്‍സും കമ്പനികള്‍ക്ക് നിശ്ചയിച്ചു നല്‍കുന്നതില്‍ ചിദംബരത്തിന്റെ ഇടപെടല്‍ വ്യക്തമാണ്. തീരുമാനം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. ധനമന്ത്രാലയത്തിന്റെ പൂര്‍ണ്ണമായ അറിവോടെയാണ് ടെലകോം മന്ത്രാലയം ടു ജി സ്പെക്ട്രം അനുവദിക്കാന്‍ തീരുമാനമെടുത്തതെന്ന് സ്വാമി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിദംബരം പ്രധാനമന്ത്രിക്കും രാജക്കുമയച്ച കത്തുകളുടെ കോപ്പിയും കോടതിയില്‍ സമര്‍പ്പിച്ചു. ചിദംബരത്തെയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട സ്വതന്ത്ര ഹര്‍ജിയാണ് സ്വാമി നല്‍കിയത്.

പാമോയില്‍ : ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തൃശൂര്‍ : പാമൊയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കിന് തെളിവില്ലെന്ന് വിജിലന്‍സ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ തുടരന്വേഷണറിപ്പോര്‍ട്ടില്‍ പറഞ്ഞു. വിജിലന്‍സ് എസ്പി വി എന്‍ ശശിധരനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കഴിഞ്ഞ ആഗസ്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പാമൊയില്‍ ഇടപാട് സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. മുന്‍ ഭക്ഷ്യ മന്ത്രി ടി എച്ച് മുസ്തഫയുടെ വെളിപ്പെടുത്തലോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തിരുവനന്തപുരം കോടതി വിധിയെത്തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ ജഡ്ജിക്കെതിരെ ആക്ഷേപമുന്നയിച്ചു. അതോടെ ജഡ്ജി ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി. പിന്നീടാണ് തൃശൂര്‍ കോടതിയിലേക്ക് മാറ്റിയത്.

deshabhimani news

1 comment:

  1. ടു ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനെതിരെ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി വിശദമായ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്വാമിയുടെ തെളിവുകള്‍ സംബന്ധിച്ച വിശദമായ വാദം കേള്‍ക്കുന്നതിന് കേസ് ഈ മാസം 21 ലേക്ക് മാറ്റി.

    ReplyDelete