Saturday, January 7, 2012

മാധ്യമങ്ങള്‍ സമ്മതിയുടെ നിര്‍മാണം നടത്തുന്നു: സെബാസ്റ്റ്യന്‍ പോള്‍

പുതിയകാലത്തെ മാധ്യമങ്ങള്‍ സമ്മതിയുടെ നിര്‍മാണമാണ് നിര്‍വഹിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞാറില്‍ നടത്തിയ "പുതിയകാലത്തെ മാധ്യമങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ആഗോളവല്‍ക്കരണത്തിന് അനുകൂലമായി മനസിനെ കീഴ്പ്പെടുത്തുന്നതിന് മാധ്യമങ്ങള്‍ക്ക് കഴിഞ്ഞതിനാലാണ് ആഗോളവല്‍ക്കരണത്തിന് നാം കീഴടങ്ങേണ്ടി വന്നത്. മാധ്യമങ്ങള്‍ക്ക് വേണ്ടത് വിശ്വസ്തതയാണ്. വിശ്വാസ്യതയില്ലാത്ത പത്രങ്ങള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടും. സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ പത്രം വെറും കടലാസായി മാറും. കാര്യങ്ങള്‍ അറിയാനും അറിയിക്കാനും മാധ്യമങ്ങളെ വിലയിരുത്താന്‍ കഴിയണം. സത്യം മാത്രം പറയാന്‍ ഒരു മാധ്യമത്തെയും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ പറയുന്നത് ആരെയും വേദനിപ്പിക്കാന്‍ പാടില്ല. മാധ്യമങ്ങള്‍ക്ക് നിക്ഷ്പക്ഷതയില്ല. എല്ലാ മാധ്യമങ്ങളും മൂലധനശക്തിയാല്‍ ബന്ധിതമാണ്. സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തില്‍ ഊഹാപോഹങ്ങള്‍ ഉണ്ടാകും.

മാധ്യമങ്ങള്‍ സിപിഐ എമ്മിനെ വേട്ടയാടുന്നതുപോലെ വാര്‍ത്തകള്‍ കൊടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും വേട്ടയാടപ്പെട്ട സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ന്യൂസ് മേക്കറായി മാറിയതും മാധ്യമരംഗത്തെ പ്രവണതയിലെ നല്ല വശങ്ങളാണെന്നും മംഗളം ജില്ലാ ബ്യൂറോ ചീഫ് സ്റ്റീഫന്‍ അരീക്കര പറഞ്ഞു. മാധ്യമങ്ങളെ ശരിയായി ഉപയോഗിച്ച പാര്‍ടിയാണ് സിപിഐ എം. സിപിഐ എം എടുക്കുന്ന നിലപാടുകള്‍ വിവാദമാകുന്നത് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നതിനാലാണെന്നും അദേഹം പറഞ്ഞു. ലാവ്ലിന്‍ , കിളിരൂര്‍ , കവിയൂര്‍ , മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കേസുകളില്‍ മാധ്യമങ്ങള്‍ പക്ഷപരമായി പ്രവര്‍ത്തിച്ചതും സിപിഐ എമ്മിനെ ആക്രമിച്ചതും ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ അഡ്വ. കെ അനില്‍കുമാര്‍ സംസാരിച്ചത്. കാഞ്ഞാര്‍ ഇന്ദിര റീജന്‍സി ഹാളില്‍ നടന്ന സെമിനാറില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ രാധാകൃഷ്ണന്‍ അധ്യക്ഷനായി. കാഞ്ഞാര്‍ ലോക്കല്‍ സെക്രട്ടറി അഡ്വ. കെ എന്‍ ഷിയാസ് സ്വാഗതവും ഏരിയ സെക്രട്ടറി കെ എല്‍ ജോസഫ് നന്ദിയും പറഞ്ഞു. സെമിനാറില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

deshabhimani 070112

1 comment:

  1. പുതിയകാലത്തെ മാധ്യമങ്ങള്‍ സമ്മതിയുടെ നിര്‍മാണമാണ് നിര്‍വഹിക്കുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കാഞ്ഞാറില്‍ നടത്തിയ "പുതിയകാലത്തെ മാധ്യമങ്ങള്‍" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

    ReplyDelete