Saturday, January 7, 2012

മുസ്ലിംലീഗിന്റെ ക്രിമിനല്‍മുഖം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇന്ന് എല്ലാ തിന്മകളുടെയും കൂടാരമാണ്. വര്‍ഗീയപാര്‍ടിയെന്ന് അതിനെ വിളിക്കുന്നവരുണ്ട്. എന്നാല്‍ , അതിലുമുപരിയായി ക്രിമിനലുകളുടെ അഭയസ്ഥാനമായി ആ പാര്‍ടി മാറിയിരിക്കുന്നു. പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്നവര്‍ ഒട്ടേറെയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലീഗേത് എന്‍ഡിഎഫ് ഏത് എന്നു തിരിച്ചറിയാനാകാത്തവിധം ഇരുകൂട്ടരും ഒന്നിച്ചുനില്‍ക്കുന്നു. ലീഗ് പ്രതിനിധിയായി സംസ്ഥാന മന്ത്രിസഭയിലേക്കെത്തിയ ഒരു മന്ത്രി അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് തന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു മന്ത്രി എന്‍ഡിഎഫിന്റെ സംരക്ഷകനാണെന്നത്രേ. മറ്റു പാര്‍ടികളെപ്പോലെയല്ല ലീഗ്. സ്വയം പ്രതിസന്ധി നേരിടുന്ന ഏതുഘട്ടത്തിലും വര്‍ഗീയതയുടെ ആയുധം എടുത്തുപ്രയോഗിക്കാന്‍ മടിച്ചുനില്‍ക്കാറില്ല. ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെടുമ്പോഴും ഒറ്റപ്പെടുമ്പോഴും അനുയായികളുടെ മതവികാരം ഊതിക്കത്തിക്കുകയും അക്രമത്തിനൊരുമ്പെടുകയും ലീഗിന്റെ പതിവുസമ്പ്രദായമാണ്.

നാദാപുരത്തും കാസര്‍കോട്ടും തളിപ്പറമ്പിലുമടക്കം ലീഗ് അങ്ങനെ അക്രമം നടത്തിയ അനുഭവം നമുക്കുമുന്നിലുണ്ട്. നന്ദികേടിന്റെയും നെറികേടിന്റെയും ഭാഷ ലീഗിന്റെ കൂടപ്പിറപ്പാണ്. തലശേരിപ്രദേശം കത്തിക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തില്‍ വര്‍ഗീയകലാപത്തിന് തീകൊളുത്തിയപ്പോള്‍ സ്വന്തം ജീവന്‍ കൊടുത്തും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്നു പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത് സിപിഐ എമ്മാണ്. അന്ന് മെരുവമ്പായി പള്ളിയും മുസ്ലിംഭവനങ്ങളും ഉറക്കമിളച്ച് കാവല്‍നിന്ന് സംരക്ഷിച്ച ഒരു സ്ക്വാഡിനെ നയിച്ച സിപിഐ എം മാങ്ങാട്ടിടം ലോക്കല്‍ കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് ആക്രമിച്ച് കൊലപ്പെടുത്തി. തലശേരിക്കലാപത്തിലെ ആ ഏക രക്തസാക്ഷിയുടെ ജീവാര്‍പ്പണത്തെപ്പോലും പരിഹസിച്ച്, കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടത് കള്ളുഷാപ്പില്‍ തല്ലുണ്ടാക്കിയിട്ടാണെന്നു പറയാന്‍ ലജ്ജകാട്ടാത്തവരാണ് ലീഗ് നേതൃത്വം. കള്ളം പറയുകയും അഴിമതി നടത്തുകയും അക്രമം കാട്ടുകയും അതിനെയെല്ലാം അധികാരംകൊണ്ട് മറയിടുകയും ചെയ്യുന്ന ലീഗ് ശീലമാണ് കാസര്‍കോട്ടെ ലീഗ് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമീഷനെത്തന്നെ ഇല്ലാതാക്കിയപ്പോള്‍ കണ്ടത്. ലീഗിന്റെ സമുന്നതനേതാവ് കേസില്‍പ്പെട്ടപ്പോള്‍ , അദ്ദേഹത്തിന് നാടുനീളെ സ്വീകരണം നല്‍കാനും അതിനോടനുബന്ധമായി അക്രമം നടത്താനുമാണ് ആ പാര്‍ടി മുതിര്‍ന്നത്. രാഷ്ട്രീയ എതിരാളികളെയെന്നില്ല; മുന്നില്‍ കാണുന്ന ആരെയും അവര്‍ ആക്രമിക്കുന്നു. പാഠപുസ്തകം കത്തിക്കാനും സ്കൂളില്‍ കയറി അധ്യാപകനെ ചവിട്ടിക്കൊല്ലാനും മടിച്ചിട്ടില്ലാത്തവര്‍ക്ക് മാധ്യമപ്രവര്‍ത്തകരോടും സഹിഷ്ണുത കാണിക്കാനാകില്ലതന്നെ.

2004 നവംബര്‍ ഒന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വീകരണപരിപാടി റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 15 മുസ്ലിംലീഗുകാര്‍ക്ക് ഒരുവര്‍ഷം തടവും 3500 രൂപ പിഴയും ശിക്ഷ വിധിച്ചത് ലീഗിന്റെ സ്വഭാവം അറിയാവുന്നവര്‍ക്ക് വിശേഷമായ വാര്‍ത്തയല്ല. എന്നാല്‍ , ഈ വിധി ലീഗിന് ഒരു മുന്നറിയിപ്പാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളില്‍ ഇത്രയധികംപേര്‍ക്ക് ശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്. അന്ന് കരിപ്പൂരില്‍ ലീഗ് അക്രമിസംഘം കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ഓര്‍ക്കുന്നവര്‍ക്ക് ഈ വിധി കുറഞ്ഞുപോയെന്നേ തോന്നൂ. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഒരു ഇര പരസ്യമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ് പ്രകോപനത്തിനാധാരമായത്. ഉംറ നിര്‍വഹിച്ച് മടങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്‍കി ആരോപണത്തെ മറികടക്കാനാണ് ലീഗ് തയ്യാറായത്. വിമാനത്താവളപരിസരം ലീഗുകാര്‍ കൈയടക്കി. ടെര്‍മിനലിലേക്ക് അതിക്രമിച്ചുകടന്ന അവര്‍ കെട്ടിടത്തിന് മുകളില്‍ ദേശീയ പതാകയ്ക്കുപകരം പച്ചക്കൊടിനാട്ടി. ലീഗ് വിളയാട്ടം പൊലീസ് നോക്കിനിന്നു. റിപ്പോര്‍ട്ടുചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിച്ചു. വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഗ് കാട്ടാളക്കൂട്ടത്തിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായി. 11 മാധ്യമപ്രവര്‍ത്തകരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധിക്കാനെത്തിയ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെയും ആക്രമിച്ചു. മുസ്ലിംലീഗിന്റെ ചുമട്ടുതൊഴിലാളി യൂണിയന്‍ (എസ്ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഞ്ചേരി മുനിസിപ്പല്‍ ലീഗ് സെക്രട്ടറിയുമായ മഞ്ചേരി തുറക്കല്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (42) എന്ന ഒന്നാംപ്രതിയുള്‍പ്പെടെയാണ് ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത്. മുസ്ലിംലീഗ് നേതൃത്വത്തിന്റെ പങ്കാളിത്തത്തോടുകൂടിയാണ് അക്രമം നടന്നതെന്നതില്‍ സംശയമില്ല. യഥാര്‍ഥ ശിക്ഷ അര്‍ഹിക്കുന്നത് ആ നേതാക്കളാണ്. ദൗര്‍ഭാഗ്യവശാല്‍ അവര്‍ ഇന്ന് അധികാരത്തിന്റെ ഉന്നതശ്രേണിയിലാണ്. ജാതി- മത- സങ്കുചിത വികാരങ്ങള്‍ മുതലെടുത്ത് നേടിയ നേരിയ ഭൂരിപക്ഷമാണ് ആ സര്‍ക്കാരിനുള്ളത് എന്നതിനാല്‍ ലീഗിന്റെ സ്വാധീനം പഴയതിലേറെ ഉയര്‍ന്നിരിക്കുന്നു.

മാധ്യമപ്രവര്‍ത്തനം സര്‍വതന്ത്ര സ്വതന്ത്രമായും നിഷ്പക്ഷമായും നടക്കുന്ന നാടല്ല കേരളം. ഉപജാപങ്ങളും പക്ഷപാതങ്ങളും വ്യാജവാര്‍ത്താ സൃഷ്ടിയും പര്‍വതീകരണത്തിനും തമസ്കരണത്തിനുമെല്ലാമുള്ള പ്രതിഫലംപറ്റലും ഇവിടെ നിര്‍ബാധം നടക്കുന്നു. അത്തരം വൃത്തികേടുകള്‍ ചെയ്യുന്നവരെപ്പോലും തല്ലി നന്നാക്കാന്‍ ആര്‍ക്കും അധികാരമില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ മിനിമം മര്യാദ ഉറപ്പാക്കാന്‍ മാധ്യമസമൂഹത്തിന് ബാധ്യതയുണ്ട്. അത് പ്രതീക്ഷിക്കാന്‍ പൊതുസമൂഹത്തിന് അര്‍ഹതയുമുണ്ട്. എന്നാല്‍ , മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ മുസ്ലിംലീഗിന് ആരാണ് അധികാരം കൊടുത്തത്? അത്തരം നീക്കങ്ങള്‍ പൊറുത്തുകൂടാ. മഞ്ചേരി കോടതിയുടെ വിധി അതുകൊണ്ടുതന്നെ ഒരു മുന്നറിയിപ്പാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലീഗ് നേതൃത്വം മാധ്യമസമൂഹത്തോടും ജനങ്ങളോടും നിരുപാധികം മാപ്പുപറയണം. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അക്രമവും കള്ളവോട്ടും കൈയാങ്കളിയും കാട്ടി അധികാരമുറപ്പിക്കുന്ന ലീഗിന്റെ കെട്ടപാരമ്പര്യത്തെ ഒരിക്കല്‍ക്കൂടി തുറന്നുകാട്ടാന്‍ ഈ വിധി സഹായകമാകുമെന്ന് പ്രത്യാശിക്കാം.

deshabhimani editorial 070112

1 comment:

  1. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഇന്ന് എല്ലാ തിന്മകളുടെയും കൂടാരമാണ്. വര്‍ഗീയപാര്‍ടിയെന്ന് അതിനെ വിളിക്കുന്നവരുണ്ട്. എന്നാല്‍ , അതിലുമുപരിയായി ക്രിമിനലുകളുടെ അഭയസ്ഥാനമായി ആ പാര്‍ടി മാറിയിരിക്കുന്നു. പകല്‍ ലീഗും രാത്രി എന്‍ഡിഎഫുമായി നടക്കുന്നവര്‍ ഒട്ടേറെയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ലീഗേത് എന്‍ഡിഎഫ് ഏത് എന്നു തിരിച്ചറിയാനാകാത്തവിധം ഇരുകൂട്ടരും ഒന്നിച്ചുനില്‍ക്കുന്നു. ലീഗ് പ്രതിനിധിയായി സംസ്ഥാന മന്ത്രിസഭയിലേക്കെത്തിയ ഒരു മന്ത്രി അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത് തന്റെ സഹപ്രവര്‍ത്തകനായ മറ്റൊരു മന്ത്രി എന്‍ഡിഎഫിന്റെ സംരക്ഷകനാണെന്നത്രേ. മറ്റു പാര്‍ടികളെപ്പോലെയല്ല ലീഗ്. സ്വയം പ്രതിസന്ധി നേരിടുന്ന ഏതുഘട്ടത്തിലും വര്‍ഗീയതയുടെ ആയുധം എടുത്തുപ്രയോഗിക്കാന്‍ മടിച്ചുനില്‍ക്കാറില്ല. ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടപ്പെടുമ്പോഴും ഒറ്റപ്പെടുമ്പോഴും അനുയായികളുടെ മതവികാരം ഊതിക്കത്തിക്കുകയും അക്രമത്തിനൊരുമ്പെടുകയും ലീഗിന്റെ പതിവുസമ്പ്രദായമാണ്.

    ReplyDelete