സാമ്രാജ്യത്വത്തിനും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ അധികാരികളുടെയും എതിരാളികളുടെയും ആക്രമണത്തില്‍ പിടഞ്ഞുമരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത്ത് നഗറില്‍ മുതിര്‍ന്ന പ്രതിനിധിയും പാര്‍ടി ജില്ലാ കമ്മിറ്റി അംഗവുമായ എം വാമനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വിവിധ ഘട്ടങ്ങളില്‍ എതിരാളികള്‍ കൊലപ്പെടുത്തിയ സിപിഐ എമ്മിന്റെയും വര്‍ഗ-ബഹുജന പ്രസ്ഥാനങ്ങളുടെയും ധീര രക്തസാക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം സമ്മേളനത്തിന് കൂടുതല്‍ കരുത്തും ആവേശവും പകര്‍ന്നു.
പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടി ചാത്തു താല്‍ക്കാലിക അധ്യക്ഷനായി. കെ വി രാമകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും പി കെ ശശി അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം എ ബേബി, പി കരുണാകരന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജില്ലാ സെക്രട്ടറി പി ഉണ്ണി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചക്കുശേഷം പൊതുചര്‍ച്ച ആരംഭിച്ചു. ടി കെ നാരായണദാസ്, ടി ചാത്തു, എം ഹംസ, കെ ശാന്തകുമാരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
അനശ്വര രക്തസാക്ഷികള്‍ക്ക് റെഡ് സല്യൂട്ട്
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ (വടക്കഞ്ചേരി): കൊടുങ്കാറ്റിനുനേരെ കവചങ്ങളില്ലാതെ യാത്ര പോയവരാണ് രക്തസാക്ഷികള്‍ . ഇവരുടെ ചോര തുടിക്കുന്ന ഓര്‍മകളാണ് ഇന്നും അനീതിക്കെതിരെ വിരല്‍ ചൂണ്ടാന്‍ പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും കരുത്തു പകരുന്നത്. വടക്കഞ്ചേരിയില്‍ തുടങ്ങിയ സിപിഐ എം ജില്ലാ സമ്മേളനത്തില്‍ സമ്മേളന നഗറില്‍ സ്ഥാപിച്ച ജില്ലയിലെ രക്തസാക്ഷികളുടെ ചിത്രങ്ങള്‍ ആരുടെയും സിരകളെ ചൂടു പിടിപ്പിക്കുന്നതാണ്. പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് നേതാക്കളും രക്തസാക്ഷികളുടെ ഫോട്ടോ വീക്ഷിച്ചു. അവസാനചൂഷകന്റെയും രക്തംമ കാണുന്നതിനായി സമരവീഥികളിലും പാടങ്ങളിലുമായി ചോര ചിന്തിയവരുടെ സ്മരണകളിലായിരുന്നു ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നത്.
1957 ഒക്ടോബര്‍ ഒന്നിനുണ്ടായ വെടിവയ്പില്‍ മരിച്ച അരണ്ടപ്പള്ളം ആറു മുതല്‍ 39പേരുടെ ഫോട്ടോകളാണ് സമ്മേളന നഗറില്‍ ഒരുക്കിയത്. വെടിയേറ്റ് മരിച്ചുകിടക്കുന്ന ആറുവിന്റേത് അപൂര്‍വ ഫോട്ടോയാണ്. വിവിധ കാലങ്ങളിലായി ആര്‍എസ്എസ്-ബിജെപി,കോണ്‍ഗ്രസ്-ഐഎന്‍ടിയുസി, കെഎസ്യു, കേരള കോണ്‍ഗ്രസ്,ലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ധീര സഖാക്കളുടെ ഫോട്ടോകളാണ് ഇവിടെ ഒരുക്കിയത്. ചെങ്കൊടിക്ക്കീഴില്‍ തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിലായിരുന്നു ഇവര്‍ മറ്റുള്ളവര്‍ക്കായി ജീവന്‍ ത്യജിച്ചത്. ജന്മിത്തം കൊടികുത്തിവാണ കാലത്ത് പകലന്തിയോളം മണ്ണില്‍ പണിയെടുത്ത പട്ടിണിപ്പാവങ്ങളുടെ മണ്ണും വിളവും സംരക്ഷിക്കുന്നതിനായിരുന്നു ജില്ലയില്‍ പലരും ചുടുചോര ചിന്തിയത്. ജന്മിത്തത്തിന് ചൂട്ടു പിടിച്ച പിണിയാളുകളെയും പൊലീസിനെയും നെഞ്ചൂക്കോടെ നേരിട്ട ധീരരക്തസാക്ഷികളെ ഇരുട്ടിന്റെ മറവിലാണ് ശത്രുവര്‍ഗക്രിമിനലുകള്‍ വകവരുത്തിയത്.
1970ല്‍ വിളയൂരിലെ ചെള്ളി എന്ന പാവപ്പെട്ട കര്‍ഷകന്റെ ഭൂമി സംരക്ഷിക്കാന്‍ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തിലാണ് സെയ്താലിക്കുട്ടി രക്തസാക്ഷിയായത്. സെയ്താലിക്കുട്ടിയുടെ ഫോട്ടോ ഇല്ലാത്തതിനാല്‍ അന്നത്തെ വര്‍ഷവും തീയതിയുമാണ് ഫ്രെയിം ചെയ്തുവച്ചത്. ചിറ്റൂരില്‍ കൃഷ്ണനുണ്ണിക്കുറുപ്പും കര്‍ഷകര്‍ക്ക്വേണ്ടിയുള്ള പോരാട്ടത്തിലാണ് ജീവന്‍ വെടിഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകനായിരിക്കെ, കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സെയതാലിയുടെ ഓര്‍മകള്‍ക്കും ഇന്നും മരണമില്ല. അട്ടപ്പള്ളത്തെ മില്‍ത്തൊഴിലാളികളായ കെ ചന്ദ്രനും കെ നാരായണനും 1987 സെപ്തംബര്‍ 28നായിരുന്നു ആര്‍എസ്എസ്ക്രിമിനലുകളുടെ കൊലക്കത്തിക്കിരയായത്. എറവക്കാട് സി പി മുഹമ്മദുണ്ണി, കെ നാകു, കെ വീമ്പന്‍ , പി കെ രാജന്‍ , പുല്ലത്ത് അബ്ദുള്‍ഗഫൂര്‍ , ബിജു, ശിവന്‍ , രാജന്‍ , സദാനന്ദന്‍ കല്ലേപ്പുള്ളി, ശിവരാജന്‍ കെട്ടേക്കാട് തുടങ്ങിയ അനശ്വര രക്തസാക്ഷികളുടെ രക്തംകിനിയുന്ന ഓര്‍മകള്‍ ഇന്നും പാര്‍ടിക്ക് അനീതികളെ ചെറുത്ത് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുകയാണ്.
മുല്ലപ്പെരിയാര്‍ : യുഡിഎഫ് പലതും മറയ്ക്കുന്നു- പിണറായി
വടക്കഞ്ചേരി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യുഡിഎഫ്് പലതും ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം പാലക്കാട് ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണ്. എന്നാല്‍ , അതിന്റെ പേരില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ കള്ളക്കളിക്ക് കൂട്ടുനില്‍ക്കാന്‍ പ്രതിപക്ഷത്തെ കിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെയോ മറച്ചുവയ്ക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ നിലപാടാണ്. എന്നാല്‍ , യുഡിഎഫിന് എല്ലാ കാര്യത്തിലും കെടുകാര്യസ്ഥത കൂടപ്പിറപ്പാണ്. അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി ഡാം താങ്ങുമെന്ന് പറഞ്ഞു. ഇതിനെ വെറും അബദ്ധമായി കാണാന്‍ കഴിയില്ല. അഡ്വക്കറ്റ് ജനറലിന്റെ പ്രസ്താവനയും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ കേരളവിരുദ്ധ നിലപാടും ആന്റണിയുടെ നിസ്സഹായാവസ്ഥയുമെല്ലാം കാണിക്കുന്നത് കോണ്‍ഗ്രസിന്റെ കള്ളക്കളിയാണ്. ഉന്നതാധികാരസമിതി പരിശോധിക്കുകയും പുതിയ ഡാം എന്നത് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് ധൃതിയില്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സര്‍വകക്ഷിയോഗം ചേര്‍ന്ന് ആലോചിക്കാതെയാണ് മന്ത്രിസഭാ യോഗത്തിന്റെ പ്രഖ്യാപനം. കേന്ദ്രനിലപാട് പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. മുല്ലപ്പെരിയാര്‍വിഷയത്തില്‍ കേരളീയര്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ പ്രതീക്ഷിച്ചു. എന്നാല്‍ , ചിദംബരം കേരളതാല്‍പ്പര്യത്തിന് വിരുദ്ധമായി പ്രഖ്യാപനം നടത്തിയതോടെ പ്രധാനമന്ത്രി ഇടപെടില്ലെന്ന് തെളിഞ്ഞു. ഒടുവില്‍ മന്ത്രിസഭയുടെ തീരുമാനംകൂടി വന്നപ്പോള്‍ എല്ലാം രഹസ്യ അജന്‍ഡയുടെ ഭാഗമായാണെന്നു വ്യക്തമായി. ഇതിനോട് യോജിക്കാന്‍ കഴിയില്ല.
പിറവം ഉപതെരഞ്ഞെടുപ്പുവരെ മാത്രമേ യുഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയൂ. അതിനുശേഷം കുഴപ്പം മൂര്‍ഛിക്കും. ഇപ്പോള്‍ത്തന്നെ ഭിന്നതയാണ്. ഉദ്യോഗാര്‍ഥികളെ മന്ത്രിസഭാ യോഗസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിക്ക് ലഡു നല്‍കിയതുകൊണ്ട് പിറവത്തേക്ക് സുഗമമായി പോകാമെന്ന് കരുതേണ്ട. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ശിക്ഷാനടപടി സ്വാഗതാര്‍ഹമാണെന്നും പിണറായി പറഞ്ഞു.
അര്‍ഥപൂര്‍ണമായ സെമിനാര്‍
വടക്കഞ്ചേരി: സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി വടക്കഞ്ചേരിയില്‍ നടന്ന സെമിനാര്‍ വിഷയത്തിന്റെ പ്രത്യേകതയാലും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് കല്യാണമണ്ഡപ മൈതാനിയില്‍ നടന്ന സെമിനാര്‍ കേള്‍ക്കാന്‍ ആയിരത്തോളംപേര്‍ എത്തി. "സാമ്രാജ്യത്വവിരുദ്ധ പോരാട്ടവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും" എന്നവിഷയത്തില്‍ നടന്ന സെമിനാര്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ആഭ്യന്തരനയം നിര്‍മിക്കുന്നത് സാമ്രാജ്യത്വ ഏജന്റുമാരാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കുന്നതുതന്നെ സാമ്രാജ്യത്വ ഏജന്‍സികളുടെ നിര്‍ദ്ദേശപ്രകാരമാണ്. കൊള്ളലാഭമുണ്ടാക്കുന്ന എല്ലാ മേഖലകളും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വിറ്റു. സേവനമേഖലകളടക്കം അവര്‍ കൈയടക്കി. കഴിഞ്ഞ കാലയളവില്‍ 13 ലക്ഷം കോടിരൂപയാണ് കോര്‍പറേറ്റുകള്‍ക്ക് സഹായമായി നല്‍കിയത്. മൂന്നാംലോക രാജ്യങ്ങളിലെ ആഭ്യന്തര നയങ്ങളിലേക്ക് സാമ്രാജ്യത്വം കടന്നതാണ് രണ്ട് ദശാബ്ദകാലത്തെ ലോകാവസ്ഥ. ലാഭത്തിനപ്പുറത്തെ ഊഹലാഭത്തിലേക്ക് മുതലാളിത്തം കടന്നതാണ് ജനങ്ങളുടെ ജീവിതദുരിതം വര്‍ധിക്കാനിടയാക്കിയത്. അതിരുകളില്ലാത്ത ചൂഷണ സമ്പ്രദായങ്ങള്‍ ധനമുതലാളിത്തം ലോകത്ത് അടിച്ചേല്‍പ്പിച്ചു. ഒരുശതമാനം വരുന്ന മുതലാളിത്തം 99 ശതമാനം പേരെ ചൂഷണം ചെയ്യുന്നുവെന്ന് കമ്യൂണിസ്റ്റ്കാര്‍ പറഞ്ഞത് ഇന്ന് സത്യമായതായി ലോകത്തിന് ബോധ്യപ്പെട്ടു. കൊള്ളലാഭത്തിനെതിരെയും ജീവിതദുരിതങ്ങള്‍ സംഭാവനചെയ്യുന്ന നയങ്ങള്‍ക്കെതിരെയും ഇന്ന് ലോകത്താകെ സമരങ്ങള്‍ രൂപപ്പെടുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലൊക്കെ സമരങ്ങള്‍ പടരുന്നു. റോഡുകളാകെ നിറഞ്ഞ പ്രകടനങ്ങളാണ് എല്ലാ രാജ്യങ്ങളിലും നടക്കുന്നത്. ഇറ്റലിയില്‍ പ്രധാനമന്ത്രിക്ക് പുറത്തിറങ്ങാന്‍പോലും കഴിയാത്തവിധം ബഹുജനപ്രക്ഷോഭം പടര്‍ന്നു. ഇന്ത്യയിലും പ്രക്ഷോഭങ്ങള്‍ തുടങ്ങി. ഇത് വലിയ ജനകീയപോരാട്ടമായി മാറും, മാര്‍ക്സിസമാണ് യാഥാര്‍ഥ്യമെന്ന് ലോകം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ശതകോടീശ്വരന്മാരുടെ തണലിലാണ് കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് സെമിനാറില്‍ സംസാരിച്ച കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി പറഞ്ഞു. രാജ്യത്തിലെ കേര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് അഴിമതിനടത്താനുള്ള സൗകര്യം നയപരമായിതന്നെ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്്. ലോക്പാല്‍ ബില്‍ നടപ്പാക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം കണക്കാക്കിയാണെന്നും പി കരുണാകരന്‍ എംപി പറഞ്ഞു.
ലോകത്താകമാനം മാര്‍ക്സിസം ചര്‍ച്ചചെയ്യപ്പെടുകയും അത് കൂടുതല്‍ ആളുകള്‍ വായിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സെമിനാറില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 1917ല്‍ റഷ്യന്‍ വിപ്ലവം നടന്ന വര്‍ഷം ജനിച്ചതുകൊണ്ട് ഇന്ദിരാഗാന്ധിയോട് അഭിമാനംകൊള്ളാന്‍ പറഞ്ഞതാണ് നെഹ്റു. മാര്‍ക്സിസം വായിക്കാനും പഠിക്കാനും അദ്ദേഹം ഇന്ദിരാഗാന്ധിയെ ഉപദേശിക്കുകയും ചെയ്തു. കേണ്‍ഗ്രസുകാര്‍ ഇത് വായിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇ എം എസിന്റെ പുസ്തകം കത്തിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇനി നെഹ്റുവിന്റെ പുസ്തകവും കത്തിക്കുമോയെന്നാണ് സംശയം. മുതലാളിത്തം പരസ്പരം ലാഭം കൊയ്യാന്‍ കടുത്ത മത്സരം നടത്തുന്നു. അതിനാല്‍ സാമ്പത്തിക കുഴപ്പം രൂക്ഷമായി. അമേരിക്കയിലും ബ്രിട്ടനിലും സമരം പൊട്ടിപ്പുറപ്പെട്ടു. ദാസ് ക്യാപ്പിറ്റലിന് ചെലവേറി. മാര്‍ക്സിസമാണ് ഏറ്റവും പ്രസക്തമെന്ന നിലയിലേക്ക് ലോകം എത്തുകയാണെന്നും ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സെമിനാറില്‍ പ്രൊഫ. കെ വാസുദേവന്‍പിള്ള സ്വാഗതവും വി എ ശിവദാസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ "രണ്ടിടങ്ങഴി" നാടകവും അരങ്ങേറി.
പോരാട്ടഭൂമിയില്‍ പുതുചരിത്രം രചിക്കാന്‍
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍ (വടക്കഞ്ചേരി): കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ ഉജ്വല പാരമ്പര്യമുള്ള വടക്കഞ്ചേരിയില്‍ തുടങ്ങിയ ജില്ലാ സമ്മേളനം സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ പുതിയ ചരിത്രം രചിക്കും. പാര്‍ടിയുടെയും വര്‍ഗ- ബഹുജന പ്രസ്ഥാനങ്ങളുടെയും പോരാട്ടചരിത്രത്തില്‍ രക്തസാക്ഷികളായവരുടെ ഉജ്വല സ്മരണയിലാണ് സമ്മേളനം തുടങ്ങിയത്. സമ്മേളന നഗറില്‍ ജില്ലയിലെ രക്തസാക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം സമ്മേളനത്തിന് ആവേശം പകര്‍ന്നു. ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കിയ പ്രധാനികളില്‍ ഒരാളായ ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ കര്‍മഭൂമി ആവേശത്തോടെയാണ് ജില്ലാ സമ്മേളനത്തെ വരവേറ്റത്. ജില്ലാ സെക്രട്ടറി പി ഉണ്ണി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച ശനിയാഴ്ചയും തുടരും. എ പ്രഭാകരന്‍ കണ്‍വീനറായ പ്രമേയ കമ്മിറ്റിയില്‍ പി മമ്മിക്കുട്ടി, എന്‍ ഉണ്ണികൃഷ്ണന്‍ , വി ചെന്താമരാക്ഷന്‍ , ഗിരിജാസുരേന്ദ്രന്‍ , കെ കെ ദിവാകരന്‍ എന്നിവര്‍ അംഗങ്ങളാണ്. മിനുട്ട്സ് കമ്മിറ്റിയില്‍ ആര്‍ ചിന്നക്കുട്ടന്‍ (കണ്‍വീനര്‍), കെ ജനാര്‍ദനന്‍ , എസ് ബി രാജു, ആര്‍ എ ഉണ്ണിത്താന്‍ , സുദര്‍ശനകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ക്രഡന്‍ഷ്യല്‍ കമ്മിറ്റിയില്‍ പി കെ സുധാകരന്‍ (കണ്‍വീനര്‍), വി കെ ജയപ്രകാശ്, കെ ജയദേവന്‍ , വി കെ ചന്ദ്രന്‍ , അഡ്വ. പ്രേമന്‍ എന്നിവര്‍ അംഗങ്ങളാണ്. ഉദ്ഘാടന സമ്മേളനത്തില്‍ പി കെ ബിജു എംപിയും പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ ജനമുന്നേറ്റങ്ങളും മാര്‍ക്സിസത്തിന്റെ പ്രസക്തിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ശനിയാഴ്ച പന്ത്രണ്ടാം പദ്ധതിയും ഇടതുപക്ഷ ബദലും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ എം എ ബേബി, പി കെ ശ്രീമതി, എ കെ ബാലന്‍ , പികെ ബിജു എംപി എന്നിവര്‍ സംസാരിക്കും. ഞായറാഴ്ച ചുവപ്പ്വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടക്കും. തുടര്‍ന്ന് വടക്കഞ്ചേരി ബസ്സ്റ്റാന്‍ഡ് മൈതാനത്ത് ജ്യോതിബസു നഗറില്‍ പൊതുസമ്മേളനം നടക്കും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം എ ബേബി, പി കരുണാകരന്‍ , പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ശിവദാസമേനോന്‍ , വി വി ദക്ഷിണാമൂര്‍ത്തി, എ കെ ബാലന്‍ എന്നിവര്‍ സംസാരിക്കും.
deshabhimani 070112


സാമ്രാജ്യത്വത്തിനും വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ അധികാരികളുടെയും എതിരാളികളുടെയും ആക്രമണത്തില്‍ പിടഞ്ഞുമരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ തുടിച്ചുനിന്ന അന്തരീക്ഷത്തില്‍ സിപിഐ എം പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത്ത് നഗറില്‍ മുതിര്‍ന്ന പ്രതിനിധിയും പാര്‍ടി ജില്ലാ കമ്മിറ്റി അംഗവുമായ എം വാമനന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വിവിധ ഘട്ടങ്ങളില്‍ എതിരാളികള്‍ കൊലപ്പെടുത്തിയ സിപിഐ എമ്മിന്റെയും വര്‍ഗ-ബഹുജന പ്രസ്ഥാനങ്ങളുടെയും ധീര രക്തസാക്ഷികളുടെ ഫോട്ടോ പ്രദര്‍ശനം സമ്മേളനത്തിന് കൂടുതല്‍ കരുത്തും ആവേശവും പകര്‍ന്നു.
ReplyDelete