Friday, January 13, 2012

"ചിദംബരത്തെ കുറ്റപ്പെടുത്തിയ കത്ത് പ്രണബ് കണ്ടു"

 2 ജി സ്പെക്ട്രം അഴിമതി മന്ത്രി പി ചിദംബരത്തിന് വേണമെങ്കില്‍ തടയാമായിരുന്നെന്ന ധനമന്ത്രാലയത്തിന്റെ കത്ത് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചുകൊടുക്കുന്നതിന് മുമ്പ് മന്ത്രി പ്രണബ് മുഖര്‍ജി കണ്ടിരുന്നുവെന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്കു (ജെപിസി) മുമ്പാകെ വെളിപ്പെടുത്തല്‍ . പ്രധാനമന്ത്രി കാര്യാലയത്തിന്റെ അറിവോടെയാണ് കുറിപ്പ് തയ്യാറാക്കിയതെന്നും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. കുറിപ്പിലെ ഉള്ളടക്കത്തെക്കുറിച്ച് പ്രണബ് മുഖര്‍ജിക്ക് അറിയാമെന്നാണ് കത്ത് "കണ്ടുവെന്ന" പരാമര്‍ശത്തിന് അര്‍ഥമെന്ന് കേന്ദ്ര നിയമമന്ത്രാലയം വിശദീകരണം നല്‍കിയെന്ന് ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

"കത്ത് ധനമന്ത്രി കണ്ടു" എന്ന പരാമര്‍ശത്തിന്റെ അര്‍ഥമെന്താണെന്ന് ജെപിസി നേരത്തെ നിയമമന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. മാര്‍ച്ച് 25ന് പ്രധാനമന്ത്രി കാര്യാലയത്തിന് നല്‍കിയ കത്ത് ധനമന്ത്രി കണ്ടു എന്നതിന് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് കത്ത് കൈമാറിയത് എന്ന് അര്‍ഥമില്ലെന്നാണ് സാമ്പത്തികവിഭാഗം സെക്രട്ടറി ആര്‍ ഗോപാലന്‍ മൊഴി നല്‍കിയത്. പ്രധാനമന്ത്രി കാര്യാലയ ജോയിന്റ് സെക്രട്ടറി ടെലിഫോണില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് ധനമന്ത്രാലയം പ്രധാനമന്ത്രിക്ക് നല്‍കിയത്. ക്യാബിനറ്റ് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് കത്ത് തയ്യാറാക്കിയതെന്നും ആര്‍ ഗോപാലന്‍ ജെപിസിയെ അറിയിച്ചു.

മുന്‍ ധനകാര്യ സെക്രട്ടറി ആര്‍ എസ് ഗുജ്റാളും ജെപിസിക്ക് മുമ്പില്‍ ഹാജരായി. ധനമന്ത്രാലയത്തിന്റെ കത്ത് അപ്രധാനമാണെന്ന് പറഞ്ഞ ചാക്കോ മാധ്യമങ്ങളില്‍ അത് വിവാദമായ സഹാഹചര്യത്തില്‍ മാത്രമാണ് ജെപിസി ചര്‍ച്ചചെയ്തതെന്നു പറഞ്ഞു. സ്പെക്ട്രം ലൈസന്‍സ് ലേലത്തിലൂടെ നല്‍കണമെന്നാണ് ധനമന്ത്രാലയത്തിന്റെ സമീപനമെന്നും എന്നാല്‍ , അത് അംഗീകരിക്കപ്പെട്ടില്ലെന്നും ചാക്കോ പറഞ്ഞു. ജെപിസിയുടെ രണ്ടു ദിവസത്തെ യോഗം വ്യാഴാഴ്ച സമാപിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അടുത്ത യോഗം നീളുമെന്നും ചാക്കോ സൂചിപ്പിച്ചു.

deshabhimani 130112

No comments:

Post a Comment