കോഴിക്കോട് കല്ലായി റോഡിലെ കമ്യൂണുമായി ബന്ധപ്പെട്ടിരുന്ന അന്നത്തെ പതിനഞ്ചുകാരന്‍ എന്‍ ഇ ബാലകൃഷ്ണമാരാര്‍ക്ക് അതേക്കുറിച്ച് ചില ഓര്‍മകളുണ്ട്. അദ്ദേഹം നാടുവിട്ട് ഇങ്ങോട്ടുവന്നകാലം. ദേശാഭിമാനി പത്രവില്‍പ്പനക്കുശേഷം കമ്യൂണിലെത്തും. നേര്‍ത്ത കഞ്ഞിയോ വറ്റെണ്ണാവുന്ന ചോറോ ആയിരിക്കും വിഭവം. ചേമ്പിന്റെ കറിയുണ്ടായാല്‍ ധാരാളം. അതും കിട്ടിയില്ലെങ്കില്‍ മാരാര്‍ പാളയത്തെ നമ്പീശന്‍സ് ഡയറിയില്‍നിന്ന് തൈര് വാങ്ങി എത്തിക്കും. താമസത്തിനുമുണ്ട് നിബന്ധനകള്‍ . വിവാഹിതരാണെങ്കില്‍ കുടുസുമുറി. അവിവാഹിതര്‍ വരാന്തയിലോ നിലത്തോ. കീറിയ പായയും പപ്പടംപോലെയായ തലയണയും കിട്ടിയാലായി. ഓരോരുത്തര്‍ക്കും രണ്ടോ മൂന്നോ സെറ്റ് വസ്ത്രം മാത്രം. പി കൃഷ്ണപിള്ള, ഇ എം എസ്, എ വി കുഞ്ഞമ്പു, ടി സി നാരായണന്‍നമ്പ്യാര്‍ , എം എസ് ദേവദാസ്, ഐസിപി നമ്പൂതിരി, തങ്കമ്മ കൃഷ്ണപിള്ള, പ്രിയദത്ത, ചെനാല്‍ ലക്ഷ്മിക്കുട്ടിയമ്മ, കെ ദേവയാനി തുടങ്ങിയവരായിരുന്നു കോഴിക്കോട് കമ്യൂണില്‍ . ഇപ്പോഴത്തെ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനു പിറകിലെ ഇരുനിലകെട്ടിടത്തിലായിരുന്നു കമ്യൂണ്‍ .
വളരെ അച്ചടക്കമുള്ളതായിരുന്നു ജീവിതം. കാലത്ത് നാല് മണിക്ക് എഴുന്നേറ്റ് എല്ലാവരും പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ വ്യായാമം ചെയ്യും. അതുകഴിഞ്ഞാണ് ചായ. കുളികഴിഞ്ഞ് എട്ടു മണിക്ക് കഞ്ഞി. ഓരോ മാസവും ഒരോരുത്തര്‍ക്കാണ് കമ്യൂണിന്റെ ഭരണച്ചുമതല. ഞായറാഴ്ച സ്ക്വാഡായി വീടുകള്‍ കയറിയിറങ്ങി പാര്‍ടി സാഹിത്യങ്ങള്‍ വില്‍ക്കും. വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായ അവസരങ്ങളില്‍ വിവാഹച്ചടങ്ങുകളില്‍ ക്ഷണിക്കാതെപോയി പാട്ടുപാടി സംഭാവനകള്‍ സ്വീകരിച്ചതിന്റെ അനുഭവം കെ ദേവയാനി പറഞ്ഞുവെച്ചിട്ടുണ്ട്. ഫണ്ട് ശേഖരണത്തിനും മാതൃകയായിരുന്നു കമ്യൂണുകള്‍ .
കുട്ടികളും സ്ത്രീകളുമടക്കം നൂറ്റമ്പതിലധികം പേരായിരുന്നു ബോംബെ കമ്യൂണിലെങ്കില്‍ ഇവിടെ എണ്ണം കുറവായിരുന്നു. സെഡ് എ അഹമ്മദ്, പി സുന്ദരയ്യ, ജി അധികാരി, പി സി ജോഷി, ബി ടി രണദിവെ, വിമലാ രണദിവെ, ഇഎംഎസ്, ആര്യ അന്തര്‍ജനം, ഒ ടി ശാരദാകൃഷ്ണന്‍ , നര്‍ഗീസ് ബാട്ട്ലിവാല, ഹജ്റാബീഗം, മണികുന്ദളസെന്‍ , രേണു ചക്രവര്‍ത്തി, കല്പനാ ദത്ത തുടങ്ങിയവര്‍ ബോംബെയില്‍ ഒന്നിച്ചുകഴിഞ്ഞത് പ്രസ്ഥാനത്തിന് ഏറെ ആവേശകരമായി. ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ പ്രതികളിലൊരാളായിരുന്നു കല്പന. വിഖ്യാത കവി കൈഫി ആസ്മിക്ക് ശബാന ആസ്മി ജനിക്കുന്നത് ബോംബെ കമ്യൂണിലായിരുന്നു. ലീല, പി സുന്ദരയ്യയുടെ ജീവിതത്തിലെത്തുന്നത് ഇവിടത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ്. മുംബൈയില്‍ 1942 കാലത്തായിരുന്നു കമ്യൂണ്‍ പരീക്ഷണം. മീററ്റ് ഗൂഢാലോചനാകേസിനെ തുടര്‍ന്നുള്ള ജയില്‍വാസക്കാലത്ത് ലഭിച്ച നീളംകുറഞ്ഞ വസ്ത്രങ്ങളായിരുന്നു യൂണിഫോം. ചുമര്‍പത്രം, ചര്‍ച്ച, ഗാനങ്ങള്‍ , വായന തുടങ്ങിയവക്കൊപ്പം സാര്‍വദേശീയ- ദേശീയ സ്ഥിതിഗതികളെക്കുറിച്ചുള്ള ചൂടേറിയ സംവാദങ്ങള്‍ . ചൊങ്കൊടിയുയര്‍ത്തിക്കൊണ്ടായിരിക്കും പ്രഭാത പരിപാടികള്‍ ആരംഭിക്കുക. ഇന്റര്‍നാഷണല്‍ പാടി ഉറങ്ങാന്‍ പോകും.
(അനില്‍കുമാര്‍ എ വി)
deshabhimani 040112
No comments:
Post a Comment