ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി നിരാകരിച്ചു. മലപ്പുറത്തെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ മഅ്ദനിക്ക് ചികിത്സയ്ക്ക് സൗകര്യമൊരുക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബംഗളൂരുവിലെ ശാഖയില്‍ മഅ്ദനിക്ക് ചികിത്സ ലഭ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാം. വിചാരണനടപടികള്‍ വേഗത്തിലാക്കണമെന്നും വാദത്തിനിടെ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ പി സദാശിവം, ജെ ചെലമേശ്വര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചായിരുന്നു മഅ്ദനിയുടെ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ചിരുന്നത്. ഇവരില്‍ ജസ്റ്റിസ് കട്ജു മഅ്ദനിക്ക് ജാമ്യം നല്‍കണമെന്ന നിലപാട് സ്വീകരിച്ചു. ദേശീയസുരക്ഷ കണക്കിലെടുത്ത് ജാമ്യാപേക്ഷ തള്ളണമെന്ന അഭിപ്രായമായിരുന്നു ജസ്റ്റിസ് മിശ്രയ്ക്ക്. ജഡ്ജിമാര്‍ തമ്മില്‍ തര്‍ക്കം വന്നതിനെതുടര്‍ന്ന് വിഷയം പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. മഅ്ദനിയുടെ ശാരീരികാവശതകളും മറ്റും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷയാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുശീല്‍കുമാര്‍ മുന്നോട്ടുവച്ചത്. സ്ഫോടനക്കേസില്‍ മഅ്ദനിക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാന്‍ കര്‍ണാടക പൊലീസിനായിട്ടില്ല. മുഖ്യപ്രതി തടിയന്റവിട നസീറിനും കൂട്ടുപ്രതിക്കും താമസമൊരുക്കിയ കുറ്റമാണ് മഅ്ദനിക്കെതിരെ ചുമത്തിയത്. ഇത് ഗൂഢാലോചനയായി കാണാനാകില്ല-സുശീല്‍കുമാര്‍ വാദിച്ചു.
കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്തു. മഅ്ദനി സുരക്ഷാപരമായി വലിയ ഭീഷണിയാണെന്ന് കര്‍ണാടകം വാദിച്ചു. മഅ്ദനിക്ക് ജാമ്യം നല്‍കുന്നില്ലെങ്കില്‍ മലപ്പുറം കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സാസൗകര്യം ഒരുക്കണമെന്ന് സുശീല്‍കുമാര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ , കര്‍ണാടകം ഇതിനെയും എതിര്‍ത്തു. ചികിത്സയ്ക്ക് കേരളത്തില്‍ പോകേണ്ട കാര്യമില്ലെന്നും ബംഗളൂരുവിലെതന്നെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കേന്ദ്രത്തില്‍ ചികിത്സ ഒരുക്കാമെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദം പരിഗണിച്ച കോടതി ചികിത്സ ബംഗളൂരുവില്‍തന്നെ മതിയെന്ന് നിര്‍ദേശിച്ചു.
സുപ്രീംകോടതി വിധി വേദനാജനകമെന്ന് പിഡിപി
കൊല്ലം: മഅ്ദനിക്ക് ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധി വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് പിഡിപി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ഒന്നരവര്‍ഷമായി മഅ്ദനിയെ പീഡിപ്പിക്കുകയാണ്. ബംഗളൂരു സ്ഫോടനക്കേസുമായി മഅ്ദനിക്ക് ഒരു ബന്ധവുമില്ല. കോയമ്പത്തൂര്‍ ജയിലില്‍നിന്ന് ഇറങ്ങിയ ദിവസം മുതല്‍ പൊലീസ് കാവലുള്ള മഅ്ദനി എങ്ങനെ ബംഗളൂരു സ്ഫോടനക്കേസില്‍ ഗൂഢാലോചന നടത്തുമെന്ന് സിറാജ് ചോദിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷം മഅ്ദനി നരകയാതന അനുഭവിച്ചു. മഅ്ദനിയെ നശിപ്പിച്ച് ജയിലില്‍തന്നെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിറാജ് ആരോപിച്ചു. ജാമ്യം നിഷേധിച്ച വിഷയത്തില്‍ വിധി പഠിച്ച ശേഷം നിയമജ്ഞരുമായി ആലോചിച്ച് നിയമപോരാട്ടവുമായി മുന്നോട്ടുനീങ്ങും. പാര്‍ടിയുടെ ഭാവി പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ അഞ്ചിന് എറണാകുളത്ത് അടിയന്തര സംസ്ഥാന നേതൃയോഗം ചേരും. ജാമ്യം ലഭിക്കുന്ന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടാകുന്നില്ല. ജാമ്യം നിഷേധിച്ച സംഭവത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണമെന്ന് പൂന്തുറ സിറാജ് ആവശ്യപ്പെട്ടു.
deshabhimani 040112
No comments:
Post a Comment