Tuesday, January 3, 2012

അങ്കമാലി ലിറ്റില്‍ഫ്ളവറില്‍ നേഴ്സുമാര്‍ പണിമുടക്ക് തുടങ്ങി

മിനിമം വേതനവും ജോലിസ്ഥിരതയും ആവശ്യപ്പെട്ട് അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കരാര്‍ വ്യവസ്ഥ അവസാനിപ്പിക്കുക, മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കുക, ഒരുവര്‍ഷം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുക, ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നല്‍കുക, നേഴ്സുമാരെ പുറത്താക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജനുവരി 10 മുതല്‍ സമരം തുടങ്ങുമെന്ന് അറിയിച്ചായിരുന്നു അസോസിയേഷന്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നോട്ടീസ് കിട്ടിയതോടെ മാനേജ്മെന്റ് പ്രതികാരനടപടിക്കു മുതിര്‍ന്നതിനാലാണ് പണിമുടക്ക് നേരത്തെ തുടങ്ങിയതെന്ന് അസോസിയേഷന്‍ എല്‍എഫ് യൂണിറ്റ് ഭാരവാഹികളായ ബെല്‍ജോ ഏലിയാസും ബിന്റോ പോളും പറഞ്ഞു.

പണിമുടക്കിയ നേഴ്സുമാര്‍ ആശുപത്രിക്കുമുന്നില്‍ കുത്തിയിരിപ്പു നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി സുധീപ് കൃഷ്ണ, ജില്ലാ പ്രസിഡന്റ് ബെല്‍ജോ ഏലിയാസ്, ബിന്റോ പോള്‍ , ലീഗല്‍ അഡൈ്വസര്‍ അഡ്വ. ടി ബി മിനി, അഡ്വ. കെ കെ ഷിബു, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജി വര്‍ഗീസ്, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി റെജീഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി, അവനീഷ് കോയിക്കര, സിപിഐ മണ്ഡലം സെക്രട്ടറി ഇ ടി പൗലോസ്, അസോസിയേഷന്‍ തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജിനേഷ്, സംസ്ഥാന കമ്മിറ്റി അംഗം വിജിത്ത്, ഇന്ത്യന്‍ നേഴ്സിങ് പാരന്റ്സ് അസോസിയേഷന്‍ അങ്കമാലി യൂണിറ്റ് കണ്‍വീനര്‍ കെ സി ജയന്‍ , മീര (തൃശൂര്‍ എലൈറ്റ് ആശുപത്രി), ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും സമരത്തിന് പിന്തുണയും പ്രഖ്യാപിച്ചു. സിപിഐയും പിന്തുണ അറിയിച്ചു. അമൃത ആശുപത്രിയില്‍നിന്ന് വന്നവര്‍ പ്രകടനമായെത്തിയാണ് സമരത്തിന് പിന്തുണ അറിയിച്ചത്.

സമരവുമായി ബന്ധപ്പെട്ട് ഒട്ടിച്ചിരുന്ന പോസ്റ്ററുകളും ഫ്ളക്സുകളും നശിപ്പിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആശുപത്രി കോമ്പൗണ്ടില്‍ രാവിലെ നേഴ്സുമാര്‍ ഒത്തുകൂടി മുദ്രാവാക്യം വിളികളോടെയായിരുന്നു പണിമുടക്കിന് തുടക്കംകുറിച്ചത്. ആശുപത്രി അധികൃതര്‍ എത്തി സമരക്കാരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റിനു മുന്നിലായി സമരം. സമരത്തെ പിന്തുണച്ച് പുറത്തുനിന്ന് സംഘടനകളെത്തിയതോടെ സമരം ആശുപത്രി കോമ്പൗണ്ടിലേക്കുതന്നെ മാറ്റി. വെയില്‍കൊള്ളാതിരിക്കാന്‍ കെട്ടിയിരുന്ന ഷാമിയാന പൊലീസ് അഴിപ്പിച്ചു. വന്‍ പൊലീസ് സന്നാഹം ആശുപത്രിവളപ്പില്‍ ഉണ്ടായിരുന്നു. നോട്ടീസില്‍ നിന്ന് വിരുദ്ധമായി യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം നേഴ്സുമാര്‍ നേരത്തെ സമരം ആരംഭിച്ചത് നിയമവിരുദ്ധമാണെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 030112

1 comment:

  1. മിനിമം വേതനവും ജോലിസ്ഥിരതയും ആവശ്യപ്പെട്ട് അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ തിങ്കളാഴ്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കരാര്‍ വ്യവസ്ഥ അവസാനിപ്പിക്കുക, മൂന്നു ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കുക, ഒരുവര്‍ഷം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുക, ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങള്‍ നല്‍കുക, നേഴ്സുമാരെ പുറത്താക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

    ReplyDelete