Tuesday, January 3, 2012

സംസ്ഥാനത്ത് വന്‍ അഴിമതിക്ക് കളമൊരുങ്ങി: കോടിയേരി

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം അഴിമതിരാജിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതും സഹകരണമേഖലയിലെ എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് കൈമാറുന്നതും വന്‍ അഴിമതിക്ക് കളമൊരുക്കാനാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തീരുമാനിച്ചത്. അയ്യായിരം കോടി രൂപയുടെ പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കി കമീഷന്‍ തട്ടാനാണിത്. കേരളത്തിലെ ആറു മന്ത്രിമാര്‍ അഴിമതിക്കേസുകളില്‍ പ്രതികളാണ്. സഹകരണമേഖലയില്‍ വൈദ്യനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ 1063 സഹകരണ ബാങ്കുകള്‍ പൂട്ടും. എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് നല്‍കി വന്‍ കമീഷന്‍ തട്ടാനാണ് നീക്കം. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എടുത്ത താല്‍പ്പര്യം മുല്ലപ്പെരിയാര്‍വിഷയത്തില്‍ കണ്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലംപോലെ വന്‍ അഴിമതിയിലാണ് ഭരണം. അഴിമതിക്കെതിരായ ശക്തമായ പോരാട്ടത്തിന് സിപിഐ എം നേതൃത്വം നല്‍കും. കേരളത്തില്‍ മതന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പാര്‍ടി പ്രവര്‍ത്തിക്കും. അവരുടെ പ്രശ്നങ്ങളില്‍ പാര്‍ടി ഇടപെടല്‍ ശക്തമാകുന്നതോടെ ജാതീയസംഘടനകള്‍ ദുര്‍ബലമാകും. പിന്നോക്ക, പട്ടികവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പ്രശ്നങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. പരിസ്ഥിതിസംരക്ഷണവും മാലിന്യസംസ്കരണവും പ്രധാനമാണ്. തുടര്‍ച്ചയായ ഇടതുഭരണം ഉണ്ടാകാന്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

രംഗനാഥമിശ്ര കമീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണം: കോടിയേരി

തൃശൂര്‍ : മതന്യൂനപക്ഷങ്ങള്‍ക്ക് നീതിപൂര്‍വമായ സംവരണാനുകൂല്യം ലഭ്യമാക്കാന്‍ രംഗനാഥമിശ്ര കമീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവണം. നിലവിലുള്ള 27 ശതമാനം ഒബിസി സംവരണത്തില്‍നിന്ന് നാലുശതമാനം മതന്യൂനപക്ഷങ്ങള്‍ക്കു നല്‍കാനുള്ള തീരുമാനം ആര്‍ക്കും ഗുണം ചെയ്യില്ല. സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം കെ പത്മനാഭന്‍ നഗറില്‍ (ടാഗോര്‍ സെന്റിനറി ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

തങ്ങള്‍ മതന്യൂനപക്ഷസംരക്ഷകരാണെന്നു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ പൊടിയിടലാണ് നാലു ശതമാനം സംവരണം. മുസ്ലീങ്ങള്‍ക്ക് പത്തു ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചു ശതമാനവും സംവരണമാണ് രംഗനാഥമിശ്ര കമീഷന്‍ ശുപാര്‍ശ. ഇതു നടപ്പാക്കണമെന്നാണ് സിപിഐ എം നിലപാട്. ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭരണഘടനാ ഭേദഗതിക്ക് കോണ്‍ഗ്രസ് തയ്യാറാകണം. ലോക്പാല്‍ നിയമം പാസാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നടത്തിയ കള്ളക്കളി പുറത്തായിരിക്കുകയാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ അവര്‍തന്നെ പരാജയപ്പെടുത്തിയത് പാര്‍ലമെന്റ്ചരിത്രത്തില്‍ ആദ്യമാണ്. ലോക്സഭയില്‍ പാസാക്കിയ ബില്ലിന് ഭരണഘടനാ പദവി നല്‍കിയില്ല. രാജ്യസഭയില്‍ ബില്‍ പാസാക്കാതെ സര്‍ക്കാര്‍ ഒളിച്ചോടുകയും ചെയ്തു. ഇതെല്ലാം ഘടകകക്ഷികളുമായുള്ള കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലൊന്നും ലോകായുക്ത നിലവിലില്ല. അഴിമതിയെ ചെറുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരിക്കലും തയ്യാറായിട്ടില്ല. എല്‍ഡിഎഫിനു മാത്രമേ അഴിമതിവിരുദ്ധ സര്‍ക്കാരുകള്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് കേരളവും ബംഗാളും ത്രിപുരയും തെളിയിച്ചു. ശക്തമായ ലോക്പാല്‍ നിയമം നടപ്പാക്കുന്നതിനുള്ള പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കും.

തെരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനം അവസാനിപ്പിക്കുകയും അഴിമതിരഹിത ജൂഡീഷ്യല്‍ നിയമപരിഷ്കരണം നടപ്പാവുകയും വേണം. വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ പിടിച്ചെടുക്കണം. ഭക്ഷ്യസുരക്ഷയും നടപ്പാവണം. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളെല്ലാം ഭൂരിപക്ഷം ജനങ്ങള്‍ക്കും എതിരാണ്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദല്‍ രാഷ്ട്രീയനയം രാജ്യത്ത് ശക്തിപ്പെടണം. ഇതിനായി ഇടതുപക്ഷജനാധിപത്യ മതനിരപേക്ഷശക്തികളുടെ ഐക്യവും പ്രക്ഷോഭവും വിപുലമാക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളുമെന്നും കോടിയേരി പറഞ്ഞു.

deshabhimani 030112

2 comments:

  1. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളം അഴിമതിരാജിലേക്ക് നീങ്ങുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതും സഹകരണമേഖലയിലെ എഴുപതിനായിരം കോടിയുടെ നിക്ഷേപം സ്വകാര്യബാങ്കുകള്‍ക്ക് കൈമാറുന്നതും വന്‍ അഴിമതിക്ക് കളമൊരുക്കാനാണ്. സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

    ReplyDelete
  2. സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറിയായി എ സി മൊയ്തീനെ ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. 41 അംഗ ജില്ലാകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. മികച്ച സംഘാടകനായ എ സി മൊയ്തീന്‍ രണ്ടു തവണ വടക്കാഞ്ചേരി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. കേന്ദ്രകമ്മറ്റിയംഗം ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യജില്ലാകമ്മറ്റിയോഗം ഏകകണ്ഠമായാണ് ജില്ലാസെക്രട്ടറിയെ തെരഞ്ഞെടുത്തത്.

    ReplyDelete