Monday, January 9, 2012

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പ്രശ്നാധിഷ്ഠിത ബദല്‍ : യെച്ചൂരി

ചിക്ബല്ലാപുര്‍ (കര്‍ണാടകം): ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പ്രശ്നാധിഷ്ഠിത ബദല്‍ രൂപീകരിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് ചിക്ബല്ലാപുരിലെ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (ചിക്ബല്ലാപുര്‍ ജൂനിയര്‍ കോളേജ്) പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

ദേശീയസമ്പത്തും നികുതിപ്പണവും കൊള്ളയടിക്കുന്ന രണ്ടു പാര്‍ടികളുടെയും നയം ജനവിരുദ്ധമാണ്. ഈ നയം തിരുത്തിക്കാനുള്ള പ്രക്ഷോഭത്തിന് ആക്കംകൂട്ടാന്‍ വേണ്ടിയായിരിക്കും സിപിഐ എമ്മിന്റെ മുന്‍കൈയില്‍ ബദല്‍ രൂപീകരിക്കുക. താല്‍ക്കാലികമായി മുറിച്ചൊട്ടിക്കുന്ന ബദലായിരിക്കില്ല ഇത്. ശതകോടീശ്വരന്മാരുടെ വളര്‍ച്ചയാണ് വികസനമെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി രാജ്യത്തെ അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി മിണ്ടുന്നില്ല. അരവയര്‍ നിറയാത്ത ലക്ഷക്കണക്കിനാളുകളെ മറക്കുകയും ഇടവേളകളില്ലാതെ അഴിമതി പ്രോത്സാഹിപ്പിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ . കോര്‍പറേറ്റ് മാഫിയ, കുംഭകോണക്കാര്‍ എന്നിവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് സഹായകമായ നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. വ്യവസായവല്‍ക്കരണത്തിനായി ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതില്‍ വിവേചനം കാട്ടുകയാണ്. തുച്ഛവിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന വന്‍കിടക്കാര്‍ പതിന്മടങ്ങ് ലാഭം കൊയ്യുമ്പോള്‍ സിപിഐ എം ആവശ്യപ്പെടുന്നത് പുതിയ ഭൂമി ഏറ്റെടുക്കല്‍നിയമമാണ്. ഭൂമി മൂല്യം വര്‍ധിക്കുന്നതിന് അനുസൃതമായി കുറഞ്ഞത് 20 വര്‍ഷത്തേക്ക് വര്‍ധനയുടെ വിഹിതം കര്‍ഷകര്‍ക്ക് നല്‍കണമെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ ഉറപ്പുവരുത്തിയായിരിക്കണം പുതിയ നിയമം.

രാജ്യത്തെ കൊള്ളയടിക്കുന്ന നയങ്ങള്‍ക്കെതിരെ വന്‍പ്രക്ഷോഭത്തിന് കോഴിക്കോട്ട് നടക്കുന്ന പാര്‍ടി കോണ്‍ഗ്രസ് രൂപംനല്‍കും. ചില്ലറവില്‍പ്പനയിലെ വിദേശനിക്ഷേപത്തിനെതിരെയും ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പ്രക്ഷോഭം ശക്തമാക്കും. ഇന്ത്യയെ അമേരിക്കയാക്കുമെന്നാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എന്നാല്‍ , രൂക്ഷമായ തൊഴിലില്ലായ്മയും സാമ്പത്തികമാന്ദ്യവും അമേരിക്കയെ ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയിലെത്തിച്ചിരിക്കയാണ്. കമ്യൂണിസം തിരിച്ചടി നേരിടുകയാണെന്ന പ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണ് യൂറേഷ്യന്‍ യൂണിയന്‍ രൂപീകരണമെന്നും യെച്ചൂരി പറഞ്ഞു.
(എന്‍ എസ് സജിത്)

deshabhimani 090112

1 comment:

  1. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ പ്രശ്നാധിഷ്ഠിത ബദല്‍ രൂപീകരിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം കര്‍ണാടക സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് ചിക്ബല്ലാപുരിലെ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ (ചിക്ബല്ലാപുര്‍ ജൂനിയര്‍ കോളേജ്) പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു യെച്ചൂരി.

    ReplyDelete