Thursday, January 12, 2012

വിലാപമല്ല, പ്രവൃത്തിയാണാവശ്യം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞത്, സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ശ്രമഫലമായി രാജ്യത്ത് പട്ടിണിമരണങ്ങള്‍ അവസാനിച്ചു എന്നാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക് രാജ്യത്ത് പട്ടിണിയോ ദാരിദ്ര്യമോ ഉണ്ടെന്ന് സങ്കല്‍പ്പിക്കാന്‍തന്നെ ആവില്ല. പക്ഷേ, യാഥാര്‍ഥ്യം മറ്റൊന്നാണ്.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നാലുമാസംകൊണ്ട് 450 കുഞ്ഞുങ്ങള്‍ പട്ടിണിയും പോഷകാഹാരക്കുറവുംമൂലം മരിച്ചുവെന്നാണ് കഴിഞ്ഞ സെപ്തംബറില്‍ വെളിപ്പെടുത്തിയ ഔദ്യോഗിക കണക്ക്. കര്‍ണാടകത്തിലെ റെയ്ച്ചൂര്‍ ജില്ലയില്‍ പട്ടിണിമൂലം ഏഴു മാസം പ്രായമുള്ള കുട്ടിയടക്കം അഞ്ചുപേര്‍ രണ്ടു മാസത്തിനിടെ മരിച്ചു എന്ന വാര്‍ത്തയും വന്നിരിക്കുന്നു. റെയ്ച്ചൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോഷകാഹാരക്കുറവുമൂലം നരകിക്കുന്ന കുട്ടികളുടെ എണ്ണം കൂടിയെന്നും കര്‍ണാടക വനിത-ശിശുക്ഷേമ വകുപ്പിന്റെ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നു. രണ്ടുവര്‍ഷത്തിനിടെ റെയ്ച്ചൂര്‍ ജില്ലയില്‍ മൂവായിരത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരിച്ചെന്ന റിപ്പോര്‍ട്ടും ഈയിടെ പുറത്തുവന്നതാണ്. റെയ്ച്ചൂര്‍ , ബിജാപുര്‍ , യാദ്ഗിര്‍ , ബാഗല്‍കോട്ട് ജില്ലകളില്‍ 11,36,545 കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം രോഗികളാണെന്നും സര്‍വേ റിപ്പോര്‍ട്ടുണ്ട്. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. രാജ്യത്താകെയുള്ള സ്ഥിതി അതീവ ദയനീയമായി തുടരുന്നു.

ഒടുവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ പറയുകയാണ്, "വന്‍ സാമ്പത്തികശക്തിയായി മാറുന്ന രാജ്യത്തിന് പോഷകാഹാരക്കുറവ് ദേശീയ അപമാനമാണ്" എന്ന്. ഈ അപമാനം രാഷ്ട്രത്തിനുമേല്‍ വച്ചുകെട്ടേണ്ടതല്ല. കേന്ദ്ര ഭരണാധികാരികള്‍ സ്വയം പേറേണ്ടതാണ്. വിശപ്പും പോഷകാഹാരക്കുറവും സംബന്ധിച്ച് 112 ഗ്രാമീണ ജില്ലകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ടിലുള്ളതും അത് പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞതുമായ കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തഃസത്തയെത്തന്നെയാണ് നിരാകരിക്കുന്നത്; ആര്‍ക്കുവേണ്ടിയാണ് ഭരണം എന്ന ചോദ്യമാണുയര്‍ത്തുന്നത്.

ഇവിടെ ജനിക്കുന്ന 42 ശതമാനം കുട്ടികള്‍ക്കും ഭാരക്കുറവുണ്ട്. 92 ശതമാനം അമ്മമാരും പോഷകാഹാരം എന്ന് വാക്ക് പോലും കേട്ടിട്ടില്ല. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ഉപകരണം സംയോജിത ശിശുവികസന പദ്ധതി(ഐസിഡിഎസ്)തന്നെയായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. ഈ പദ്ധതിയോട് കടുത്ത അവഗണനയാണ് യുപിഎ സര്‍ക്കാര്‍ കാണിക്കുന്നത് എന്ന യാഥാര്‍ഥ്യം പ്രധാനമന്ത്രി കൗശലപൂര്‍വം മറച്ചുവയ്ക്കുകയാണുണ്ടായത്. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം രാജ്യത്ത് 14 ലക്ഷം അങ്കണവാടികള്‍ തുറക്കേണ്ടതുണ്ട്. ഇപ്പോഴുള്ളത് 12.8 ലക്ഷം മാത്രമാണ്. ഉള്ളവയിലാകട്ടെ എഴുപതിനായിരത്തിലേറെ വര്‍ക്കര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭൂരിപക്ഷത്തിന്റെയും സ്ഥിതി പരമദയനീയമാണ്. മിക്കതിനും സ്വന്തം കെട്ടിടമില്ല. ബിഹാറില്‍ 80,211 അങ്കണവാടികളുള്ളതില്‍ 73,375ഉം സ്വന്തം കെട്ടിടമില്ലാത്തവയാണ്. പീടികത്തിണ്ണയിലും തുറസ്സായ സ്ഥലങ്ങളിലുമാണ് പലതും പ്രവര്‍ത്തിക്കുന്നത്. ശുചിയായ പരിസരങ്ങളില്ല. പാതിയോളം കേന്ദ്രങ്ങളില്‍ കുടിക്കാന്‍ ശുദ്ധവെള്ളമില്ല; ശൗച്യാലയങ്ങളില്ല. പോഷകാഹാരം ആവശ്യത്തിന് കൊടുക്കുന്നില്ലെന്നതോ പോകട്ടെ, മിക്ക സംസ്ഥാനങ്ങളിലും ഭക്ഷ്യയോഗ്യമായ ഒന്നും കുട്ടികള്‍ക്ക് കിട്ടുന്നില്ല എന്നതാണ് വാസ്തവം. കേന്ദ്രം ഇന്ന് നല്‍കുന്ന ഫണ്ടിന്റെ അപര്യാപ്തതയാണ് ഈ രംഗത്തെ മുഖ്യ പ്രശ്നം. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വാരിക്കൊടുക്കുന്ന സൗജന്യങ്ങളുടെ ചെറിയൊരംശം മതി അങ്കണവാടികള്‍ നേരേചൊവ്വേ നടത്താന്‍ . ഇവിടെ വിലാപമേയുള്ളൂ; പ്രവൃത്തിയില്ല. നേരിയ അളവിലെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മന്‍മോഹന്‍സിങ് ദേശീയ നാണക്കേടിനെക്കുറിച്ച് പറയുകയില്ല, ആ "നാണക്കേട്" മാറ്റാന്‍ എന്തെങ്കിലും ചെയ്തുകാണിക്കുമായിരുന്നു.

യുപിഎ സര്‍ക്കാര്‍ മുറുകെപ്പിടിക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ സൃഷ്ടിയാണ് ഈ അവസ്ഥ. നാണയപ്പെരുപ്പവും ഭക്ഷ്യസാധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വന്‍വിലക്കയറ്റവും നിയന്ത്രിക്കുന്നതിലുള്ള കഴിവില്ലായ്മയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഈടുവയ്പായ കുഞ്ഞുങ്ങളില്‍ പാതിയോളം പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുമ്പോഴാണ് അതിരൂക്ഷമായ വിലക്കയറ്റം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത്. ധാന്യങ്ങള്‍ , പയറുവര്‍ഗങ്ങള്‍ , പാല്‍ , പഞ്ചസാര എന്നിവയുടെ വിലയ്ക്കൊപ്പം ഭക്ഷ്യേതര സാധനങ്ങളുടെയും വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇടത്തരക്കാരുടെ ജീവിതംപോലും ദുരിതമയമാകുന്നു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുപകരം അവശ്യ സാധനങ്ങളുടെ വ്യാപാരത്തില്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും പ്രോത്സാഹിപ്പിക്കുകയാണ്.

എല്ലാ തലത്തിലും ജനദ്രോഹം തുടരുകയും ഇടയ്ക്ക് വെളിപാടെന്നപോലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ദൗര്‍ലഭ്യത്തെക്കുറിച്ച് ദുഃഖിക്കുകയും ചെയ്യുന്നതില്‍ എന്ത് ഔചിത്യം? സോണിയയും മന്‍മോഹനും രാജ്യത്ത് പട്ടിണി മാറ്റുകയല്ല, കുരുന്നുകളെപ്പോലും പട്ടിണിമരണത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കയാണെന്ന യാഥാര്‍ഥ്യം ഏതു വിധത്തിലാണ് മൂടിവയ്ക്കാന്‍ കഴിയുക? മുതലക്കണ്ണീരൊഴുക്കാതെ ഉത്തരവാദിത്തം നിര്‍വഹിച്ച് കാണിക്കൂ എന്ന് ജനങ്ങളുടെ സംഘടിതശക്തി ഈ സര്‍ക്കാരിനോട് ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴാതിരിക്കാനുള്ള സമരംകൂടിയാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം എന്ന തിരിച്ചറിവ് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഏറിയിരിക്കുന്നു.

deshabhimani editorial 120112

1 comment:

  1. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞത്, സോണിയ ഗാന്ധിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും ശ്രമഫലമായി രാജ്യത്ത് പട്ടിണിമരണങ്ങള്‍ അവസാനിച്ചു എന്നാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോണ്‍ഗ്രസ് ഇതുവരെ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നവര്‍ക്ക് രാജ്യത്ത് പട്ടിണിയോ ദാരിദ്ര്യമോ ഉണ്ടെന്ന് സങ്കല്‍പ്പിക്കാന്‍തന്നെ ആവില്ല. പക്ഷേ, യാഥാര്‍ഥ്യം മറ്റൊന്നാണ്.

    ReplyDelete