കാരക്കസ്: നിര്‍ണായകമായ സാര്‍വദേശീയ സാഹചര്യത്തില്‍ ഇറാന്‍ പ്രസിഡന്റ് മെഹമൂദ് അഹ്മദിനെജാദ് നാലുദിവസത്തെ ലാറ്റിനമേരിക്കന്‍ പര്യടനം ആരംഭിച്ചു. വെനസ്വേല തലസ്ഥാനമായ കാരക്കസിലെ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈസ്പ്രസിഡന്റ് ഏലിയാസ് ജാവുവയുടെ നേതൃത്വത്തില്‍ നെജാദിനെ വരവേറ്റു. ഏറെക്കാലമായി ഉറ്റബന്ധമുള്ള വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെ സന്ദര്‍ശിക്കുന്ന അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. ക്യൂബ, നിക്കരാഗ്വ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കുന്ന അഹ്മദിനെജാദ് ഇവിടങ്ങളിലെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ഭരണത്തലവന്മാരുമായി ചര്‍ച്ച നടത്തും. അമേരിക്കയുടെ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ അഹ്മദിനെജാദിന്റെ പര്യടനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
ഞായറാഴ്ച കിഴക്കന്‍ വെനസ്വേലയില്‍ പര്യടനത്തിലായിരുന്ന ഷാവേസ് ഇറാനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന അമേരിക്കയുടെ ആഹ്വാനം തള്ളി. ലോകത്ത് ആധിപത്യമുറപ്പിക്കുന്നതിന് അമേരിക്കയ്ക്ക് അതിയായ ആഗ്രഹമുണ്ട്. അത് നടക്കാത്തതിലുള്ള നിരാശയിലാണ് ഇപ്പോള്‍ അവര്‍ . ദീര്‍ഘദൂര മിസൈലുകളടക്കമുള്ള സന്നാഹങ്ങള്‍ സ്വായത്തമാക്കിയ ഇറാന്റെ സൈനികശേഷിയെ ഷാവേസ് പ്രകീര്‍ത്തിച്ചു. ഇതാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തെ വിറളിപിടിപ്പിക്കുന്നതെന്നും ഷാവേസ് പറഞ്ഞു. നിക്കരാഗ്വയില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡാനിയല്‍ ഒര്‍ട്ടേഗയുടെ സ്ഥാനാരോഹണം ചൊവ്വാഴ്ചയാണ്. അഹ്മദിനെജാദും ഷാവേസും ചടങ്ങില്‍ പങ്കെടുക്കാന്‍ നിക്കരാഗ്വയിലേക്ക് പോകും. ആണവപദ്ധതിയുടെ പേരില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്കയും കൂട്ടാളികളും നടത്തിയ നീക്കങ്ങള്‍ മേഖലയെ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന പശ്ചാത്തലത്തിലാണ് നെജാദിന്റെ ലാറ്റിനമേരിക്കന്‍ പര്യടനം. ഇസ്രയേലില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കം ഇറാനെതിരെ അവര്‍ സൈനികാക്രമണത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
അമേരിക്കന്‍ ഭീഷണി തള്ളി നെജാദും ഷാവേസും
കാരക്കസ്: "അമേരിക്ക പറയുന്നത് ഇറാനില്‍ അണുബോംബുണ്ടെന്നാണ്. എത്ര പരിഹാസ്യമാണ് ഈ വാദം. ഞങ്ങള്‍ എന്തെങ്കിലും ബോംബ് നിര്‍മിക്കുന്നുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ബോംബാണ്" അമേരിക്കയുടെ ഭീഷണിയെ പരിഹസിച്ചുതള്ളി ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദിന് നല്‍കിയ സ്വീകരണത്തില്‍ വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പറഞ്ഞു. അഹ്മദിനെജാദിന്റെ ലാറ്റിനമേരിക്കന്‍ പര്യടനത്തിന് ആവേശകരമായ തുടക്കമാണ് വെനസ്വേല നല്‍കിയത്. "ചില അഹങ്കാരികള്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാക്കാലവും നമ്മള്‍ ഒന്നിച്ചായിരിക്കും"- ഷാവേസിനെ ആലിംഗനംചെയ്ത് അഹ്മദിനെജാദ് പറഞ്ഞു.
ഏറെക്കാലമായി ദര്‍ശിക്കാത്ത തരത്തില്‍ സാമ്രാജ്യത്വ ഭ്രാന്ത് ഉറഞ്ഞുതുള്ളുകയാണെന്ന് പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഷാവേസ് പറഞ്ഞു. "മിറാഫ്ളോറസ് കൊട്ടരത്തിനു മുന്നിലെ കുന്നിനുതാഴെയും ബോംബുണ്ടെന്നാണ് അമേരിക്ക പറയുന്നത്. കുന്ന് തുറന്നുവരുമെന്നും വലിയ അണുബോംബ് പുറത്തുവരുമെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഞാനും അഹ്മദിനെജാദും ഇപ്പോള്‍ ഭൂഗര്‍ഭഅറയിലേക്ക് പോകുമെന്നും വാഷിങ്ടണിലേക്ക് മിസൈലുകള്‍ തൊടുക്കുമെന്നും പറയുന്നതു കേട്ട് ചിരിക്കാനേ കഴിയൂ"- അമേരിക്കയെ ഷാവേസ് പരിഹസിച്ചു.
ഇറാന്റെ കെട്ടിടനിര്‍മാതാക്കള്‍ അടുത്തിടെ വെനസ്വേലയില്‍ 14000 വീടുകള്‍ പണിതുനല്‍കിയത് ഷാവേസ് അനുസ്മരിച്ചു. ഇറാന്‍ പ്രസിഡന്റിന് ആതിഥ്യമരുളുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെ വെനസ്വേലയ്ക്കു പിന്നാലെ ഇക്വഡോറും തള്ളി. ഇറാനെതിരായ ഉപരോധം തങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയാണെന്ന് ഇക്വഡോര്‍ വിദേശമന്ത്രി റിക്കാര്‍ഡോ പാറ്റിനോ മാധ്യമങ്ങളോട് പറഞ്ഞു. "ഞങ്ങള്‍ പരമാധികാര രാഷ്ട്രമാണ്. ഞങ്ങളെ ശിക്ഷിക്കാനും മൂലയില്‍ ഒതുക്കിനിര്‍ത്താനും ഡാഡിമാരില്ല. ഞങ്ങളോട് ആജ്ഞാപിക്കുന്നതിനു പകരം ഇറാനുമായി വന്‍ വ്യാപാരം നടത്തുന്ന അമേരിക്കന്‍ കമ്പനികളെ വിലക്കാന്‍ അമേരിക്കയ്ക്ക് ശ്രമിക്കാം"- അദ്ദേഹം പറഞ്ഞു.
deshabhimani 110112
No comments:
Post a Comment