Wednesday, January 11, 2012

മുന്നേറ്റത്തിന്റെ വിളംബരം


സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ പോരാട്ടത്തിലൂടെ തൊഴിലാളിവര്‍ഗ മുന്നേറ്റചരിത്രത്തില്‍ ചുവന്ന അധ്യായം കുറിച്ച വിപ്ലവഭൂമി പുതിയ പോരാട്ടത്തിന് കരുത്തോടെ മുന്നേറുമെന്ന വിളംബരം സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു അരുണശോഭ പകര്‍ന്നു. കഴിഞ്ഞകാല സമരപോരാട്ടങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചും പുതിയ മുന്നേറ്റത്തിനു കാഹളമുയര്‍ത്തിയും സമ്മേളനം ജില്ലയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി മാറുകയാണ്. നാലുവര്‍ഷം നീണ്ട സമരസംഘടന പ്രവര്‍ത്തനാനുഭവങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും കൂടുതല്‍ കരുത്തോടെ വിപ്ലവപ്രസ്ഥാനത്തെ നയിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം മുന്നേറുന്നത്. 13 വര്‍ഷത്തിനുശേഷം ആലപ്പുഴയിലെത്തിയ സമ്മേളനം നഗരഹൃദയത്തെ വിപ്ലവാവേശത്താല്‍ വിസ്മയമാക്കി. രക്തസാക്ഷി സ്മരണകളിരമ്പിയ സമ്മേളനനഗരിയില്‍ ഉശിരന്‍ മുദ്രാവാക്യം വിളികളോടെ രക്തപതാക ഉയര്‍ന്നു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ ഗുണ്ടാ പൊലീസ് മര്‍ദനമേറ്റുവാങ്ങിയ നിരവധി പ്രവര്‍ത്തകര്‍ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളനം അച്ചടക്കത്തോടെയും ചിട്ടയോടെയും നടത്തുന്നതിന് ചുവപ്പുസേനാ വളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വിപ്ലവാചാര്യന്മാരായ മാര്‍ക്സിന്റെയും ലെനിന്റെയും അര്‍ധകായ ശില്‍പം സമ്മേളന നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. സമ്മേളനനഗറില്‍ ദേശാഭിമാനി പുസ്തകമേളയും ഒരുക്കിയിട്ടുണ്ട്. കൂടാതെ മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കുന്നു.

രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കും പതാകഉയര്‍ത്തലിനും ശേഷം പ്രതിനിധി സമ്മേളനം തുടങ്ങി. ലോകസാമ്രാജ്യത്വം അഭിമുഖീകരിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ വിശദീകരിച്ചും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധത തുറന്നുകാട്ടിയും പ്രൗഢമായ പ്രസംഗത്തോടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും അനുഭാവികളും എത്തിയിരുന്നു. നാടും നഗരവും ഇളക്കിമറിച്ചുള്ള പ്രചാരണം സമ്മേളന സന്ദേശം ജനങ്ങളിലെത്തിച്ചു. പ്രധാന ജങ്ഷനുകള്‍ തോരണങ്ങളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ച് അലങ്കരിച്ചും രക്തസാക്ഷി മണ്ഡപങ്ങള്‍ കൊടിതോരണങ്ങളാല്‍ അലംകൃതമാക്കിയും പാര്‍ടി ഓഫീസുകള്‍ കമനീയമാക്കിയും പ്രധാന കേന്ദ്രങ്ങളിലെല്ലാം പുല്‍ക്കുടിലുകളും വിവിധ ശില്‍പങ്ങളും ഒരുക്കി സമ്മേളനത്തെ ജനകീയമാക്കി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സെമിനാറുകള്‍ സമ്മേളനത്തിന് ആശയഗാംഭീര്യം പകര്‍ന്നു.

രാജ്യം നിലനില്‍ക്കുന്നത് ഊഹക്കച്ചവടക്കാരെ ആശ്രയിച്ച്

ആലപ്പുഴ: ഊഹക്കച്ചവടക്കാരെ ആശ്രയിച്ച് നിലനില്‍ക്കേണ്ട ഗതികേടിലേക്ക് രാജ്യം എത്തിയതാണ് ആഗോളവല്‍ക്കരണനയം രണ്ടുദശകം പിന്നിടുമ്പോഴത്തെ ഇന്ത്യയുടെ സ്ഥിതിയെന്ന് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നഗരചത്വരത്തില്‍ സംഘടിപ്പിച്ച "ആഗോളവല്‍ക്കരണത്തിന്റെ രണ്ടുദശകം; ഒരു ബാക്കിപത്രം" എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു.

പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ കടിച്ചുതൂങ്ങിയാല്‍ ആഗോള സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ കഴിയില്ലെന്നും പുതിയ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്നവിധം സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തണമെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചതോടെ സാമ്പത്തിക പ്രതിസന്ധി അടുത്തവര്‍ഷം രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കും. ബാങ്കിങ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ന്നു. ഇതുപോലെ മറ്റ് പൊതുമേഖലയിലും സ്വകാര്യ പങ്കാളിത്തനിരക്ക് ഉയര്‍ന്നു. ഈ കോര്‍പറേറ്റുകള്‍ രാജ്യത്തു നിക്ഷേപിച്ച കോടിക്കണക്കിനുരൂപ പിന്‍വലിക്കുന്ന സാഹചര്യം വളര്‍ന്നുവരികയാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കും. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിലേക്കാണ് ഇതെത്തിയത്. ഇതുവഴി വന്‍തോതില്‍ അഴിമതിക്കുള്ള സാധ്യതയും തുറന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് കോടിരൂപ പ്രതിസന്ധിയിലകപ്പെട്ട കുത്തകകള്‍ക്ക് നികുതിയിളവായി നല്‍കിയതാണ് ആഗോളവല്‍ക്കരണ കാലത്തിന്റെ ബാക്കിപത്രം. പതിന്നാലു ലക്ഷത്തിലധികം കോടിരൂപയാണ് നികുതിയിളവായി കുത്തകകള്‍ക്കുനല്‍കിയത്. പ്രത്യക്ഷ നികുതിയിളവായി മൂന്നുലക്ഷത്തിലധികം കോടിരൂപയും നല്‍കി.

ധനമുതലാളിത്ത പ്രതിസന്ധി പരിഹരിക്കാന്‍ ഭരണകൂടം കുത്തകകള്‍ക്ക് കോടികള്‍ നല്‍കിയപ്പോള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കുന്നവിധമുള്ള ബദല്‍ നയം ആവിഷ്കരിച്ചു നടപ്പാക്കി. ഇത് രാജ്യമാകെ മാതൃകയാക്കേണ്ടതാണ്. ആഗോളവല്‍ക്കരണ നയം രാജ്യത്തെ അസമത്വം വര്‍ധിപ്പിച്ചു. ചെറിയ വിഭാഗം സമ്പന്നര്‍ക്ക് നേട്ടം ഉണ്ടായപ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചില്ല. മാത്രമല്ല ഇവരുടെ ജീവിത നിലവാരം താഴ്ന്നതായും സെമിനാര്‍ വിലയിരുത്തി.

ധനമുതലാളിത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ബദല്‍നയം ആവിഷ്കരിക്കുന്നതിനുപകരം ഇതില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ളസൂത്രപ്പണികളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ പറഞ്ഞു. ചെറുകിടക്കാരെയും കൃഷിക്കാരെയും ധനമൂലധനത്തിന്റെ കടന്നുവരവ് ദോഷകരമായി ബാധിച്ചതായി വിഷയം അവതരിപ്പിച്ച സിപിഐ എം കേന്ദ്രകമ്മറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. 2 ലക്ഷത്തിലധികം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യചെയ്തത് ഈ നയം തുടരുന്ന കാലത്താണ്. കിട്ടാക്കടവും ധനക്കമ്മിയും വന്‍തോതില്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ രാജ്യം വലിയ വിപത്തിലേക്കു നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആഗോളവല്‍ക്കരണ നയം സമസ്ത മേഖലയിലെയും ആളുകളെയും കൂലി അടിമകളാക്കുമെന്ന് സെമിനാറില്‍ അധ്യക്ഷനായ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. ശമ്പളത്തിന്റെ അളവ് കൂടിയതുകൊണ്ട് ഈ അടിമത്തം ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ജോണ്‍ , ഡോ. ജെ പ്രഭാഷ് എന്നിവരും സംസാരിച്ചു. എ എം ആരിഫ് എംഎല്‍എ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാകമ്മറ്റിയുടെ വെബ് സൈറ്റ് എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാകായിക സാംസ്കാരിക മത്സരവിജയികര്‍ക്ക് ജി സുധാകരന്‍ എംഎല്‍എ സമ്മാനദാനം നടത്തി.

സാമൂഹ്യമോചനത്തിനായി ദളിതര്‍ ഒന്നിക്കണം: സെമിനാര്‍

മാവേലിക്കര: ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ ജീവിത സാഹചര്യങ്ങളിലുണ്ടായ വളര്‍ച്ച ഇടതുപക്ഷ ഭരണത്തിന്റെ സൃഷ്ടിയാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോഴെല്ലാം ഇത് അട്ടിമറിക്കപ്പെടുന്നതായും സിപിഐ എം ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി മാവേലിക്കരയില്‍ നടന്ന "സാമൂഹ്യനീതിയും ദളിത് അവകാശങ്ങളും" എന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി-പിന്നോക്ക ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ഇന്ത്യയില്‍ നീക്കിവയ്ക്കുന്ന തുക തുലോം കുറവാണ്. അത് തന്നെ പൂര്‍ണമായി ഈ വിഭാഗത്തിന് ലഭിക്കുന്നില്ല. പട്ടികജാതി-പിന്നോക്ക ജനവിഭാഗത്തിന് അനുവദിക്കുന്ന ഫണ്ട് നല്ല നിലയില്‍ അവര്‍ക്കായി ചെലവഴിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന കാലത്ത് മാത്രമാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഇനത്തിലുള്ള തുകയുടെ 94 ശതമാനവും ചെലവഴിച്ചു. യുഡിഎഫ് കാലത്ത് അതിന് കഴിയാതിരിക്കുന്നത് ആ വിഭാഗത്തോട് പ്രതിബദ്ധതയില്ലാത്തതിനാലാണ്. എക്കാലത്തും ദളിത് അവകാശങ്ങളും സാമൂഹ്യനീതിയും ഈ അവശജനവിഭാഗത്തിന് അനുവദിച്ച് നല്‍കിയിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാരുകളാണ്. എയ്ഡഡ് സ്കൂളുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കുന്നത് അനിവാര്യമാണ്. എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കാനുള്ള ശ്രമം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്നു. ദളിത്-പിന്നോക്ക വിഭാഗത്തിന്റെ മുന്നേറ്റത്തിന് വിദ്യാഭ്യാസ പുരോഗതി അനിവാര്യമാണ്. വിവിധ ജാതി-സാമുദായിക സംഘടനകളുടെ പേരില്‍ ദളിത്-പിന്നോക്ക സമൂഹം ഭിന്നിച്ചുനില്‍ക്കുകയാണ്. ഈ വിഭാഗത്തിന്റെ മുന്നേറ്റത്തിന് ഇത് സഹായകരമല്ല. ഒറ്റക്കെട്ടായി മുന്നേറുന്നതിലൂടെ മാത്രമേ സാമൂഹ്യമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയൂ എന്നും സെമിനാര്‍ വിലയിരുത്തി.

മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാഹാളില്‍ നടന്ന സെമിനാര്‍ കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ രാജേഷ് എംഎല്‍എ അധ്യക്ഷനായി. കെഎസ്കെടിയു ജില്ലാസെക്രട്ടറി ഡി ലക്ഷ്മണന്‍ , സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം സി എസ് സുജാത, സിപിഐ നേതാവ് പ്രൊഫ. ചന്ദ്രശേഖരന്‍നായര്‍ , കെ ഒ അബ്ദുള്‍ഷുക്കൂര്‍ , എന്‍ രാമകൃഷ്ണന്‍നായര്‍ , മുരളി തഴക്കര, കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം മാവേലിക്കര ഏരിയസെക്രട്ടറി കെ മധുസൂദനന്‍ സ്വാഗതം പറഞ്ഞു.

മേദിനിക്ക് ആദരം

ഇ ബാലാനന്ദന്‍ നഗര്‍ (ആലപ്പുഴ ടൗണ്‍ഹാള്‍): റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട് രക്തസാക്ഷി ഗ്രാമങ്ങളേ... പുന്നപ്ര-വയലാര്‍ ഗ്രാമങ്ങളേ... പുളകങ്ങളേ... സമരപുളകങ്ങളേ... വിപ്ലവഗായിക പി കെ മേദിനിയുടെ "യുവത്വം തുളുമ്പുന്ന" ശബ്ദമാധുരിയില്‍ ഉയര്‍ന്ന വിപ്ലവഗാനത്തോടെയാണ് സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന നടപടികള്‍ ആരംഭിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പിച്ചവച്ചകാലത്ത് പാര്‍ടിയോഗങ്ങള്‍ക്കുമുമ്പ് ഉയര്‍ന്നുകേട്ട അതേശബ്ദം സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാസമ്മേളനവേദിയിലും ഉയര്‍ന്നു. ആ ശബ്ദമാധുരിയില്‍ പ്രതിനിധികള്‍ ആവേശപുളകിതരായി. എഴുപതുകളിലും വിപ്ലവാവേശം ഒട്ടും ചോരാതെ തന്റെ ശബ്ദസൗകുമാര്യം വിപ്ലവഗാനങ്ങള്‍ക്കായി മാറ്റിവച്ച മേദിനി ചേച്ചിയെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ വാനമ്പാടിക്കു അംഗീകാരത്തിന്റെ മറ്റൊരു പൊന്‍തൂവലായി ഈ ആദരം. പുരോഗമന കലാസാഹിത്യസംഘം പാതിരപ്പള്ളി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗായകസംഘത്തിന്റെ സ്വാഗതഗാനവും സമ്മേളനത്തിനു ആവേശംപകര്‍ന്നു.

deshabhimani 110112

2 comments:

  1. സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ പോരാട്ടത്തിലൂടെ തൊഴിലാളിവര്‍ഗ മുന്നേറ്റചരിത്രത്തില്‍ ചുവന്ന അധ്യായം കുറിച്ച വിപ്ലവഭൂമി പുതിയ പോരാട്ടത്തിന് കരുത്തോടെ മുന്നേറുമെന്ന വിളംബരം സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു അരുണശോഭ പകര്‍ന്നു. കഴിഞ്ഞകാല സമരപോരാട്ടങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചും പുതിയ മുന്നേറ്റത്തിനു കാഹളമുയര്‍ത്തിയും സമ്മേളനം ജില്ലയുടെ ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമായി മാറുകയാണ്. നാലുവര്‍ഷം നീണ്ട സമരസംഘടന പ്രവര്‍ത്തനാനുഭവങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തിയും പോരായ്മകള്‍ പരിഹരിച്ചും കൂടുതല്‍ കരുത്തോടെ വിപ്ലവപ്രസ്ഥാനത്തെ നയിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം മുന്നേറുന്നത്. 13 വര്‍ഷത്തിനുശേഷം ആലപ്പുഴയിലെത്തിയ സമ്മേളനം നഗരഹൃദയത്തെ വിപ്ലവാവേശത്താല്‍ വിസ്മയമാക്കി. രക്തസാക്ഷി സ്മരണകളിരമ്പിയ സമ്മേളനനഗരിയില്‍ ഉശിരന്‍ മുദ്രാവാക്യം വിളികളോടെ രക്തപതാക ഉയര്‍ന്നു.

    ReplyDelete
  2. ആലപ്പുഴ: സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സി ബി ചന്ദ്രബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. 43 അംഗ ജില്ലാ കമ്മറ്റിയെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. മനു സി പുളിക്കല്‍ , ജലജ ചന്ദ്രന്‍ , എ മഹേന്ദ്രന്‍ , കോശി അലക്സ് എന്നിവരാണ് പുതിയതായി ജില്ലാ കമ്മറ്റിയിലെത്തിയത്. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജി സുധാകരന്‍ , സി എസ് സുജാത, സി കെ സദാശിവന്‍ എന്നിവരെ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി.

    ReplyDelete