Tuesday, January 17, 2012

കൊച്ചിയില്‍ ടെലികോം ഹബ്ബ്: കരാര്‍ ഒപ്പുവച്ചു

രാജ്യത്തെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തതോടെയുള്ള ടെലികോം കേന്ദ്രം കിന്‍ഫ്ര പാര്‍ക്കില്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ എസ് രാമനാഥനും പാര്‍ക്കിന്റെ നടത്തിപ്പുകാരായ മോബ്മി വയര്‍ലസ് സൊലൂഷന്റെ സി ഇ ഒ സഞ്ജയ് വിജയകുമാറും ഒപ്പുവച്ചു. ടെലികോം മേഖലയിലെ ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് സംരഭകരാക്കുകയും ഈ മേഖലയില്‍ അന്തര്‍ദേശീയ വ്യവസായ വളര്‍ച്ച കൈവരിക്കുകയുമാണ് ലക്ഷ്യം. ആദ്യഘട്ടമായി 15000 ചതുരശ്ര അടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സംരംഭക വികസന ബോര്‍ഡും ശാസ്ത്രസാങ്കേതിക വകുപ്പും തിരുവനന്തപുരം ടെക്‌നോപാര്‍ക്കും മോബ്മി വയര്‍ലസ് സൊലൂഷനും ചേര്‍ന്നാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. സ്റ്റാര്‍ട്ട് അപ് വില്ലേജ് ഇന്ത്യന്‍ ടെലികോം ഇന്നവേഷന്‍ ഹബ്ബ് എന്നാണ് പദ്ധതിയുടെ പേര്.

ടെലികോം മേഖലയില്‍ വളര്‍ന്നുവന്ന വ്യവസായ സാധ്യതകള്‍ മുതലെടുത്ത് ഇന്ത്യയെ ലോകത്തിന്റെ തന്നെ ടെലികോം കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യമെന്ന് കിന്‍ഫ്രാ പാര്‍ക്കുകളുടെ മാനേജിംഗ് ഡയറക്ടര്‍ രാമനാഥന്‍ പറഞ്ഞു. ഫെബ്രുവരി മാസത്തില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും.

യുവ ടെലികോം സംരംഭകരെ പ്രോത്സാഹിപ്പിച്ച് ഈ മേഖലയില്‍ വ്യവസായ സംരഭകത്വം നടപ്പാക്കുകയാണ് ഇന്ത്യന്‍ ടെലികോം ഇന്‍ക്യുബേഷന്‍ ഹബ്ബിന്റെ ലക്ഷ്യം. പബ്ലിക് പ്രൈവറ്റ് സഹകരണത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ ബിസിനസ് ഇന്‍കുബേറ്ററായിരിക്കും പുതിയ കേന്ദ്രം.

ടെലികോം മേഖലയില്‍ ഏറ്റവും മികച്ച രീതിയില്‍ വളര്‍ന്നുവരുന്ന മോബ്മിയുടെ പുതിയ സംരംഭത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക സംരംഭക വികസന ബോര്‍ഡിന്റെ ഉപദേശകന്‍ എച്ച് കെ മിത്തല്‍ പറഞ്ഞു. വേഗത്തില്‍ വളര്‍ന്നു വരുന്ന ഇന്ത്യയിലെ 50 കമ്പനികളുടെ പട്ടികയില്‍ സോഫ്റ്റ് വയര്‍ കമ്പനികളുടെ ദേശീയ സംഘടനയായ നാസ്‌കോം മോബ്മിയെ തിരഞ്ഞെടുത്തു.

കോളജ് കാമ്പസുകളില്‍ ഉണ്ടാകുന്ന ടെലികോം മേഖല ടെക്‌നോളജി ആശയങ്ങള്‍ പ്രോത്സാഹിപ്പിച്ച് സംരംഭകത്വത്തിലെത്തിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. 10 വര്‍ഷത്തിനുള്ളില്‍ 1000 കമ്പനികള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മോബ്മി വയലസ്സ് സി ഇ ഒ സന്‍ജയ് വിജയകുമാര്‍ പറഞ്ഞു. കൊച്ചി ആസ്ഥാനമായി ടെലികോം ഇന്നവേഷന്‍ കേന്ദ്രം സ്ഥാപിക്കാനാണ് ഉദ്ദേശ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കേന്ദ്രം നിര്‍മ്മിക്കുന്നത് പാര്‍ക്കിനുള്ളില്‍ 4 ജി സംവിധാനം ലഭ്യമാക്കും. ടെലികോം ലാബുകള്‍, നിയമോപദേശങ്ങള്‍, ടെലിഫോണ്‍ ലൈനുകള്‍, കമ്പ്യൂട്ടറുകള്‍, വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം, ഇന്റര്‍നെറ്റ്, സര്‍വ്വര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും സന്‍ജയ് വിജയകുമാര്‍ പറഞ്ഞു

janayugom news

No comments:

Post a Comment