Monday, January 16, 2012

യുഡിഎഫില്‍ വീണ്ടും പ്രതിസന്ധി

ആര്‍ ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറും തമ്മിലുള്ള പോര് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും ഉറക്കംകെടുത്തുന്നു. മകനെതിരായ പിള്ളയുടെ നീക്കങ്ങളും വേണ്ടിവന്നാല്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന ഗണേശിന്റെ ഭീഷണിയുമാണ്യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയത്. ഗണേശ്കുമാര്‍ കീഴടങ്ങിയില്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും എംഎല്‍എസ്ഥാനത്തുനിന്നും തെറിപ്പിക്കാന്‍പോലും പിള്ള മടിക്കില്ല. നാണംകെടുത്തിയെങ്കിലും കാര്യംനേടാന്‍ പിള്ള തുനിയുമെന്ന് ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ അറിയാം. നാണംകെട്ട് തുടരേണ്ടെന്ന് ഗണേശ്കുമാര്‍ തീരുമാനിച്ചാല്‍ അത് മന്ത്രിസഭയുടെ ഭാവി അവതാളത്തിലാക്കുമെന്ന് യുഡിഎഫ് ഭയക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന പ്രഖ്യാപനവുമായി ലീഗ് മന്ത്രി മുനീര്‍ രംഗത്തെത്തിയത് ഇതിനു തെളിവാണ്.

ഭരണപരവും രാഷ്ട്രീയവുമായ ഒട്ടേറെ പ്രശ്നങ്ങളില്‍പെട്ട് ആടിയുലയുന്ന സര്‍ക്കാര്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തിലും കടുത്ത പ്രതിസന്ധിയിലാണ്. 72 എംഎല്‍എമാരുടെ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. ഇതില്‍ ഒരാള്‍ സ്പീക്കര്‍ ആയതോടെ ഭൂരിപക്ഷം 71 ആയി. നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ 72 ആയെങ്കിലും ടി എം ജേക്കബ്ബിന്റെ നിര്യാണത്തോടെ ഭൂരിപക്ഷം വീണ്ടും 71 ആയി. 141 അംഗ സഭയില്‍ നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷം. പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് നേതൃത്വം ഭയപ്പാടോടെയാണ് കാണുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പരമാവധി നീട്ടിവയ്പിക്കാന്‍ ശ്രമിക്കുന്നത്. പിറവം സീറ്റ് യുഡിഎഫ് ഏതാണ്ട് കൈവിട്ട നിലയിലാണ്. പത്തനാപുരത്ത് കൂടി ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ അത് സര്‍ക്കാരിന്റെ സ്വാഭാവിക പതനത്തിന് ഇടയാക്കും.

ഈ നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ത്തന്നെ വോട്ടെടുപ്പില്‍ വിജയം നേടാന്‍ സര്‍ക്കാരിന് സ്പീക്കറെ കൊണ്ട് നാണംകെട്ട നാടകം കളിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന്, സഭയിലെ ഓരോ വോട്ടെടുപ്പും ഭരണപക്ഷത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു. സ്പീക്കറുടെ ഞാണിന്‍മേല്‍കളിയിലാണ് സഭ നടത്തിവരുന്നത്. അധികാരത്തില്‍വന്ന് എട്ട് മാസത്തിനിടെ സര്‍ക്കാര്‍ ഒട്ടേറെ വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെട്ടു. ഏറ്റവുമൊടുവില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദവും തിരിച്ചടിയായി. തുടക്കത്തിലേ ഇത്രയേറെ ജനരോഷം ഏറ്റുവാങ്ങിയ സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. ജനസമ്പര്‍ക്കമെന്നപേരില്‍ മുഖ്യമന്ത്രി നടത്തുന്ന റോഡ്ഷോ ഏകാംഗ നാടകമാണെന്നാണ് കെപിസിസിയുടെ പോലും പരാതി. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി തുടരുകയാണ്. ഇതിനുപുറമെ വി എം സുധീരന്‍ , എംഎല്‍എമാരായ വി ഡി സതീശന്‍ , ടി എന്‍ പ്രതാപന്‍ തുടങ്ങിയവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല. ഇതിനെല്ലാം പുറമെയാണ് പി സി ജോര്‍ജിന്റെ കളികള്‍ . ധനമന്ത്രി കെ എം മാണി ഒറ്റയാന്‍ ഭരണത്തിലാണ്. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പറയുന്നതൊന്നും അനുസരിക്കാന്‍ മാണി തയ്യാറാകുന്നില്ല.

മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും വകുപ്പുകളിലൊഴിച്ച് മറ്റെല്ലാറ്റിലും മുഖ്യമന്ത്രി ഭരണം നടത്തുന്നുവെന്ന പരാതിയും ശക്തമാണ്. മറ്റു മന്ത്രിമാര്‍ ഒന്നിനും കൊള്ളാത്തവരെന്നു വരുത്താന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനംപോലും പൂര്‍ത്തിയായിട്ടില്ല. ഘടക കക്ഷികള്‍ക്ക് വീതിച്ചുകൊടുത്ത പദവികളില്‍ നിയമനവും നടന്നിട്ടില്ല. കോണ്‍ഗ്രസിനകത്താണെങ്കില്‍ ഓരോ പദവിക്കും വേണ്ടിയുള്ള വിലപേശലും തമ്മിലടിയും തുടരുന്നു. ഇതിനിടയിലാണ് പിള്ള-ഗണേശ് പോര് കൂനിന്‍മേല്‍ കുരുവായത്.
(എം രഘുനാഥ്)

പിള്ള ഉറച്ചുതന്നെ ഗണേശ് വഴങ്ങില്ല

കെ ബി ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ആവര്‍ത്തിച്ചു. പാര്‍ടി പറഞ്ഞാലും രാജിവയ്ക്കില്ലെന്ന് ഗണേശ്കുമാറും വ്യക്തമാക്കി. പ്രത്യേക താല്‍പ്പര്യങ്ങളോടെ ഇരുവരും കള്ളക്കളി നടത്തുകയാണെന്ന ആരോപണം അനുയായികള്‍തന്നെ ഉയര്‍ത്തുന്നു. ഇതോടെ അച്ഛനും മകനും തമ്മിലുള്ള തര്‍ക്കം പാര്‍ടിയുടെ നിലനില്‍പ്പുതന്നെ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞാല്‍ മാത്രമേ മന്ത്രിസ്ഥാനം ത്യജിക്കൂവെന്ന് ഞായറാഴ്ച പത്തനാപുരത്തെ പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും കണ്ട ഗണേശ് ആവര്‍ത്തിച്ചു വ്യക്തമാക്കി. പന്ത് ഉമ്മന്‍ചാണ്ടിക്ക് കൈമാറിയ ഗണേശ്, അച്ഛനും പാര്‍ടിക്കും എതിരായ നിലപാടില്‍ മാറ്റമില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ കാലാകാലം പാര്‍ടിക്കായി വിയര്‍പ്പൊഴുക്കിയ മുതിര്‍ന്ന നേതാക്കളടക്കം തഴയപ്പെടുന്നുവെന്ന പരാതിയും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു.

ചിലര്‍ അഴിമതി നടത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന ഗണേശിന്റെ ആരോപണമാണ് പിള്ളയെ കൂടുതല്‍ ചൊടിപ്പിച്ചത്. ഈ ആരോപണശരം തനിക്കുനേരെ തിരിയുന്നതാണ് ശനിയാഴ്ച ഉച്ചയ്ക്കുശേഷം കടുത്ത ഭാഷയില്‍ മകനെതിരെ പ്രതികരിക്കാന്‍ പിള്ളയെ പ്രേരിപ്പിച്ചത്. ഭീഷണിയുടെ സ്വരത്തിലാണ് ഗണേശ് മറുപടി നല്‍കിയത്. തന്റെ രാജിക്കാര്യം പാര്‍ടിയല്ല, ഉമ്മന്‍ചാണ്ടിയാണ് തീരുമാനിക്കുകയെന്നായിരുന്നു മറുപടി. കോഴിക്കോട് ജില്ലക്കാരനായ പാര്‍ടി ജനറല്‍ സെക്രട്ടറിക്കെതിരെ ശക്തമായ ആക്ഷേപവും ഗണേശ് ഉന്നയിച്ചു. വിവാദ വ്യവസായിയുടെ ബന്ധുവും അടുത്തകാലത്ത് പാര്‍ടിയില്‍ എത്തിയതുമായ ഈ നേതാവാണ് ഇപ്പോഴത്തെ കഴുപ്പങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞു. താന്‍ ഒഴിയേണ്ടിവന്നാല്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. ഈ നേതാവും പിള്ളയും തമ്മിലുള്ള ബന്ധത്തിന്റെ അടുപ്പം കൃത്യമായി അറിയാവുന്ന ഗണേശന്‍ ഒരുമുഴം മുന്‍കൂട്ടിയെറിയുകയായിരുന്നു. പിള്ളയുടെ കേസ് നടത്തിപ്പിനും നിയമസഭാതെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലടക്കം പ്രചാരണത്തിനും ഈ നേതാവ് ഇടനിലക്കാരനായിനിന്ന് വന്‍തോതില്‍ ഫണ്ട് എത്തിച്ചിരുന്നുവെന്ന് പാര്‍ടിയിലെ ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപവും കൂട്ടിവായിക്കുമ്പോള്‍ ഗണേശന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. എന്നാല്‍ , ഗണേശന്റെ ഈ പ്രസ്താവന കോഴിക്കോട്, മലപ്പുറം ജില്ലയിലെ പാര്‍ടിക്കാരെ പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ടിയില്‍ തനിക്കാണ് മുന്‍കൈ എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമവും ഗണേശന്റെ വാക്കുകളില്‍ വ്യക്തം.

ഇന്നലെ സംസ്ഥാന നേതൃയോഗത്തില്‍നിന്ന് പിള്ള ഇറങ്ങിപ്പോയപ്പോള്‍ നിശ്ശബ്ദത പാലിച്ച അനുയായികള്‍ ഗണേശന്‍ ഇറങ്ങിയപ്പോള്‍ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കി. ഇത് ഗണേശന് പാര്‍ടിയിലുള്ള മുന്‍കൈയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പ്രചരിപ്പിക്കുന്നു. പാര്‍ടി സംഘടനാരീതിയനുസരിച്ച് 90 ശതമാനം നേതാക്കളും അണികളും തങ്ങളോടൊപ്പമാണെന്നാണ് പിള്ള വിഭാഗത്തിന്റെ അവകാശവാദം. ബോര്‍ഡ്-കോര്‍പറേഷന്‍ തലവന്മാരടക്കം ലഭിച്ച സ്ഥാനങ്ങള്‍ പാര്‍ടിയുമായി ആലോചിക്കാതെ അച്ഛനും മകനും പങ്കിട്ടെടുത്തെന്ന പരാതിയാണ് സംസ്ഥാന സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ഒരു വിഭാഗത്തിന്്. ചലച്ചിത്ര വികസന കോര്‍പറേഷന്‍ , ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളുടെ തലവന്മാരെ ഗണേശന്‍ തീരുമാനിച്ചു. പാര്‍ടിക്ക് ലഭിച്ച ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ്, ട്രാവന്‍കൂര്‍ ഷുഗേഴ്സ്, കേരള സോപ്സ് ആന്‍ഡ് ഓയില്‍സ് ലിമിറ്റഡ് എന്നിവയുടെ ചെയര്‍മാന്മാരെ പിള്ളയും തീരുമാനിച്ചു. പാര്‍ടിയില്‍ ഒരു ചര്‍ച്ചയും നടത്താതെ ഈ നിയമനങ്ങള്‍ നടത്തിയശേഷം ഇരുവരും കള്ളക്കളി നടത്തുകയാണെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നു.

deshabhimani 160112

1 comment:

  1. ആര്‍ ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറും തമ്മിലുള്ള പോര് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫിന്റെയും ഉറക്കംകെടുത്തുന്നു. മകനെതിരായ പിള്ളയുടെ നീക്കങ്ങളും വേണ്ടിവന്നാല്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന ഗണേശിന്റെ ഭീഷണിയുമാണ്യുഡിഎഫ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയത്. ഗണേശ്കുമാര്‍ കീഴടങ്ങിയില്ലെങ്കില്‍ മന്ത്രിസ്ഥാനത്തുനിന്നും എംഎല്‍എസ്ഥാനത്തുനിന്നും തെറിപ്പിക്കാന്‍പോലും പിള്ള മടിക്കില്ല. നാണംകെടുത്തിയെങ്കിലും കാര്യംനേടാന്‍ പിള്ള തുനിയുമെന്ന് ഉമ്മന്‍ചാണ്ടിക്കുള്‍പ്പെടെ അറിയാം. നാണംകെട്ട് തുടരേണ്ടെന്ന് ഗണേശ്കുമാര്‍ തീരുമാനിച്ചാല്‍ അത് മന്ത്രിസഭയുടെ ഭാവി അവതാളത്തിലാക്കുമെന്ന് യുഡിഎഫ് ഭയക്കുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുമെന്ന പ്രഖ്യാപനവുമായി ലീഗ് മന്ത്രി മുനീര്‍ രംഗത്തെത്തിയത് ഇതിനു തെളിവാണ്.

    ReplyDelete