Saturday, January 7, 2012

പാമൊലിന്‍ : ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സ്

പാമൊലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസം 27ന് ജഡ്ജി വി ഭാസ്കരന്‍ പരിഗണിക്കും. പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ സമര്‍പ്പിച്ച 89 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, വിജിലന്‍സ് മുമ്പ് ഉന്നയിച്ച വാദമുഖങ്ങള്‍പോലും പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് മുമ്പ് വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാനമായ പലകാര്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.

തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം നടത്തിയത്. 1992ല്‍ സിങ്കപ്പൂരില്‍ നിന്നും പാമൊലിന്‍ ഇറക്കുമതി ചെയ്തതുവഴി സംസ്ഥാന ഖജനാവിന് 2.32 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് കേസ്. മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ , ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് ഇറക്കുമതി തീരുമാനമെടുത്തതെന്നും ഉമ്മന്‍ചാണ്ടിക്ക് ഇതില്‍ പങ്കില്ലെന്നുമാണ് വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്. 2011 മാര്‍ച്ചില്‍ വിജിലന്‍സിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തുടരന്വേഷണം തിരുവനന്തപുരം വിജിലന്‍സ് കോടതി അനുവദിച്ചത്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് അപേക്ഷ നല്‍കിയത്. ഇതേതുടര്‍ന്ന് മെയ് 13ന് നല്‍കിയ റിപ്പോര്‍ട്ടില്‍ വേറെ ആരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടി. ഇത് തള്ളിക്കളഞ്ഞ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇതിനെതിരെ യുഡിഎഫ് നേതാക്കള്‍ വന്‍ പ്രചരണമാണ് അഴിച്ചുവിട്ടത്. സര്‍ക്കാര്‍ ചീഫ് വിപ്പ് ജഡ്ജിക്കെതിരെ വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതില്‍ നിന്നും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. 2011 ഒക്ടോബറില്‍ ഹൈക്കോടതി കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.

കേസിലെ രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ, നാലാം പ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയാ മാത്യു എന്നിവര്‍ സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയിലെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നാലു കാരണമാണ് തുടരന്വേഷണത്തിന് ആധാരമായി വിജിലന്‍സ് തിരുവനന്തപുരത്തെ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇരുപതാം സാക്ഷിയായ മുന്‍ സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക് നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിക്കു മുന്നില്‍ നല്‍കിയ മൊഴി, പാമൊലിന്‍ ഇടപാടിനെക്കുറിച്ച് എല്ലാ കാര്യവും തനിക്ക് അറിയാമെന്ന ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍ , ഏറ്റവുമൊടുവില്‍ നിയമസഭയുടെ മേശപ്പുറത്തുവച്ച പാമൊലിന്‍ ഫയല്‍ - ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നു പറഞ്ഞ വിജിലന്‍സ് ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ തീരുമാനം സുപ്രധാനമാകും. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചാല്‍ അത് പുതിയ നിയമയുദ്ധത്തിന് വഴിതുറക്കും.

അന്വേഷണം പ്രഹസനമാക്കി

മൂന്നു മാസത്തിനുള്ളില്‍ വീണ്ടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടതെങ്കിലും ആസൂത്രിതമായ നീക്കത്തിലൂടെ അന്വേഷണംതന്നെ വിജിലന്‍സ് പ്രഹസനമാക്കി. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുക്കി തെരഞ്ഞെടുപ്പ് ഫലം വന്ന 2011 മെയ് 13ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. ഇത് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരു തവണയേ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഫയല്‍ കണ്ടിട്ടുള്ളൂവെന്നാണ് വിജിലന്‍സിന്റെ പുതിയ കണ്ടെത്തല്‍ . ഉമ്മന്‍ചാണ്ടിയെ 23-ാം സാക്ഷിയാക്കി രേഖപ്പെടുത്തിയ മൊഴിയിലും തുടരന്വേഷണത്തിന്റെ ഭാഗമായി 2011 ഏപ്രില്‍ 29ന് അദ്ദേഹത്തില്‍നിന്ന് എടുത്ത മൊഴിയിലും പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വിജിലന്‍സ് പറയുന്നത്.

1991 നവംബര്‍ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്പാണ് വിഷയം ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതെന്നാണ് വിജിലന്‍സ് വാദം. എന്നാല്‍ , ഏപ്രില്‍ 29ന് വിജിലന്‍സ് എസ്പിക്ക് നല്‍കിയ മൊഴിയില്‍ പാമൊലിന്‍ ഇറക്കുമതി ഫയല്‍ ഭക്ഷ്യമന്ത്രി തനിക്ക് നല്‍കിയെന്നും അത് അജന്‍ഡയ്ക്കു പുറത്തുള്ള വിഷയമായി മന്ത്രിസഭാ യോഗത്തില്‍ വയ്ക്കുന്നതിന് താന്‍ സമ്മതിച്ചെന്നുമാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. അന്നത്തെ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്ന് തീരുമാനമെടുത്തശേഷമാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ചതെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളത്. പാമൊലിന്‍ ഇറക്കുമതി നടന്നത് ഉമ്മന്‍ചാണ്ടിയുടെ അംഗീകാരത്തോടെയാണെന്ന സിവില്‍ സപ്ലൈസ് സെക്രട്ടറി ജോസ് സിറിയക്കിന്റെ മൊഴിയെക്കുറിച്ച് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുന്നു. പാമൊലിന്‍ ഇറക്കുമതി അടിയന്തരാവശ്യമുള്ള കാര്യമായിരുന്നില്ലെന്ന ടി എച്ച് മുസ്തഫയുടെ മൊഴിയെക്കുറിച്ചും പരാമര്‍ശിക്കുന്നില്ല. ഇറക്കുമതിയെക്കുറിച്ച് ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്ക് നേരത്തെ അറിവുണ്ടായിരുന്നെന്ന് ധനവകുപ്പിലെയും ഭക്ഷ്യവകുപ്പിലെയും മുന്‍ ഉദ്യോഗസ്ഥരുടെ മൊഴിയും അവഗണിച്ചു. പാമൊലിന്‍ ഇറക്കുമതി ചെയ്യുന്നത് പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴിയാണെന്നും 15 ശതമാനം അവര്‍ക്ക് കമീഷന്‍ നല്‍കണമെന്നും ഫയലില്‍ പറഞ്ഞിട്ടുള്ളതായി തനിക്ക് അറിയാമായിരുന്നൂവെന്ന ഉമ്മന്‍ചാണ്ടിയുടെ പഴയ മൊഴിയും വിജിലന്‍സ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് എസ്പി വി എന്‍ ശശിധരന് പിന്നീട് ഐപിഎസ് നല്‍കാന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തു. അന്വേഷണകാലത്ത് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡസ്മണ്ട് നെറ്റോ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ദേശീയ ഗെയിംസ് ഡയറക്ടറുടെ പദവിയില്‍ നിയമിച്ചു.
(കെ ശ്രീകണ്ഠന്‍)

കോടതിയില്‍ പോകും: വി എസ്

പാലക്കാട്: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സമിതിയായി വിജിലന്‍സ് മാറി. ഇവര്‍ പാമൊലിന്‍കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ആശ്രിതരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ വിധിപ്രസ്താവിച്ച വിജിലന്‍സ് ജഡ്ജി ഹനീഫയെ ചീഫ് വിപ്പിനെക്കൊണ്ട് ചീത്ത പറയിച്ചും, പാകിസ്ഥാന്‍ ചാരന്‍ എന്ന് വിളിപ്പിച്ചും അപമാനിച്ചു- വിഎസ് പറഞ്ഞു.

deshabhimani 080112

1 comment:

  1. പാമൊലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളപൂശി വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തമാസം 27ന് ജഡ്ജി വി ഭാസ്കരന്‍ പരിഗണിക്കും. പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയുടേതാണെന്നും ഉമ്മന്‍ചാണ്ടിക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി വി എന്‍ ശശിധരന്‍ സമര്‍പ്പിച്ച 89 പേജുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേസമയം, വിജിലന്‍സ് മുമ്പ് ഉന്നയിച്ച വാദമുഖങ്ങള്‍പോലും പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് മുമ്പ് വിജിലന്‍സ് നല്‍കിയ ഹര്‍ജിയില്‍ സുപ്രധാനമായ പലകാര്യങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല.

    ReplyDelete