Tuesday, January 24, 2012

കുടുംബശ്രീ തെരഞ്ഞെടുപ്പിലും കോ-ലീ-ബി സഖ്യം

ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പിലും കോ-ലീ-ബി സഖ്യം. തിങ്കളാഴ്ച നടന്ന സിഡിഎസ് തെരഞ്ഞെടുപ്പിലാണ് വീണ്ടും കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന മുന്നണി മത്സരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതേ മുന്നണിയാണ് ആകെയുള്ള 17 വാര്‍ഡുകളില്‍ പത്തും നേടി പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിലെ സുമ ഭാസ്കരന്‍ പ്രസിഡന്റും ബിജെപിയിലെ എ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റുമാണ്.

കുടുംബശ്രീ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് പാനലിനെ പരാജയപ്പെടുത്താന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മാര്‍ഗം തന്നെയാണ് കോ-ലീ-ബി സഖ്യം ആസൂത്രണം ചെയ്തത്. സിഡിഎസിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും കോ-ലീ-ബി സഖ്യത്തിനും എട്ട് വാര്‍ഡുകള്‍ വീതമാണ് ലഭിച്ചത്. 15-ാം വാര്‍ഡില്‍ സമനില വന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. ചെയര്‍പേഴ്സണായി കോണ്‍ഗ്രസിലെ രജനി കുട്ടികൃഷ്ണനും വൈസ് ചെയര്‍പേഴ്സണായി ബിജെപിയിലെ സുപ്രിയ പ്രേമനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എഡിഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് പ്രതിനിധികളെ സ്വാധീനിക്കുന്നതിന് യുഡിഎഫും ബിജെപിയും ഭരണസ്വാധീനം ദുരുപയോഗിച്ചതായും പരാതിയുണ്ട്.

സിഡിഎസ് ഭാരവാഹികളില്‍ എല്‍ഡിഎഫ് ആധിപത്യം

തൃശൂര്‍ : ജില്ലയിലെ കുടുംബശ്രീ സിഡിഎസ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലുമടക്കമുള്ള കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളിലെ (സിഡിഎസ്) ചെയര്‍പേഴ്സണ്‍ , വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞടുപ്പില്‍ 90 ശതമാനത്തിലധികവും എല്‍ഡിഎഫ് അനുകൂലികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുള്ള തൃശൂര്‍ കോര്‍പറേഷനില്‍ തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പിലും ചാലക്കുടി ഇരിങ്ങാലക്കുട നഗരസഭകളിലും ഭരണകക്ഷി വിരുദ്ധ വിധിയെഴുത്താണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നില്ലെങ്കിലും കുടുംബശ്രീയെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരായ സ്ത്രീകളുടെ ശക്തമായ പ്രതികരണമാണ് എല്‍ഡിഎഫ് അനുകൂലികളെ വിജയിപ്പിച്ചതില്‍ പ്രതിഫലിച്ചത്.

ജില്ലയില്‍ ആറ് നഗരസഭകളിലും 88 പഞ്ചായത്തുകളിലുമായി 100 സിഡിഎസുകളാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലും ചാവക്കാട്, ചാലക്കുടി നഗരസഭകളിലും തൃശൂര്‍ കോര്‍പറേഷനിലും ഗുരുവായൂര്‍ , കുന്നംകുളം, കൊടുങ്ങല്ലൂര്‍ , ഇരിങ്ങാലക്കുട നഗരസഭകളില്‍ രണ്ടു വീതവുമാണ് സിഡിഎസുകള്‍ . ഇതില്‍ 96 എണ്ണത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഇതിനകം നടന്നു. മുല്ലശേരി, വെങ്കിടങ്ങ്, പുതുക്കാട് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. പഞ്ചായത്തുകളില്‍ തെരഞ്ഞടുക്കപ്പെട്ടവരില്‍ 88 ല്‍ 72ഉം നഗരസഭകളില്‍ എട്ടില്‍ ആറും എല്‍ഡിഎഫ് അനുഭാവികളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കക്ഷിരാഷ്ട്രീയത്തിനതീതമായി താഴേക്കിടയിലുള്ള കുടുംബങ്ങളിലെ സ്ത്രീ കൂട്ടായ്മയാണ് കുടുംബശ്രീ. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നതിയാണ് ലക്ഷ്യം. കേരളത്തില്‍ 1.84 ലക്ഷത്തില്‍പ്പരം അയല്‍ക്കൂട്ടങ്ങളിലായി 38 ലക്ഷം സ്ത്രീകളുടെ കൂട്ടായ്മയാണിത്. 2,220ലധികം കോടി രൂപയുടെ തൊഴിലധിഷ്ഠിത പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്നത്. 1998ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കൈയില്‍ തുടങ്ങിയ കുടുംബശ്രീ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വിലപ്പെട്ടതാണ്. എന്നാല്‍ രാഷ്ട്രീയ വിരോധംവച്ച് ഇതിനെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് എം എം ഹസന്റെ നേതൃത്വത്തില്‍ ജനശ്രീ രൂപീകൃതമായത്. ഇതേത്തുടര്‍ന്ന് കുടുംബശ്രീക്കുള്ള ഒട്ടേറെ സാമ്പത്തിക ആനുകൂല്യങ്ങളടക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ജനശ്രീയെ ഉപയോഗിച്ച് കുടുംബശ്രീയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളിലുള്ള സ്ത്രീകളുടെ പ്രതിഷേധമാണ് ജില്ലയില്‍ യുഡിഎഫ് അനുകൂലികളെ പരാജയപ്പെടുത്തിയ സിഡിഎസ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്.

സിഡിഎസ് തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന് വിജയം

പത്തനംതിട്ട: ജില്ലയിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍വിജയം. കോന്നി, തണ്ണിത്തോട്, പ്രമാടം പഞ്ചായത്തുകളില്‍ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. കോന്നിയില്‍ മാരിയത്ത് ഇബ്രാഹിം (ചെയര്‍പേഴ്സണ്‍), സുധ വിജയന്‍ (വൈസ് ചെയര്‍പേഴ്സണ്‍) എന്നിവരെയും പ്രമാടത്ത് ഉഷാശിവന്‍ (ചെയര്‍പേഴ്സണ്‍), ലിജ ശിവപ്രകാശ് (വൈസ് ചെയര്‍പേഴ്സണ്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഏഴംകുളം പഞ്ചായത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം. ആകെയുള്ള 20വാര്‍ഡില്‍ 17 ഇടത്തും എല്‍ഡിഎഫ് അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചെയര്‍പേഴ്സണായി നൂര്‍ജഹാനെയും വൈസ് ചെയര്‍പേഴ്സണായി ചന്ദ്രികാമ്മാളിനെയും തെരഞ്ഞെടുത്തു.

അടൂര്‍ നഗരസഭയിലും കടമ്പനാട് പഞ്ചായത്തിലും എല്‍ഡിഎഫിന് വിജയം. സഗരസഭയില്‍ 26 സിഡിഎസ് അംഗങ്ങളില്‍ 15പേര്‍ എല്‍ഡിഎഫിലും 11പേര്‍ യുഡിഎഫിലും പെട്ടവരാണ്. ചെയര്‍പേഴ്സണായി എല്‍ഡിഎഫിലെ അജിതകുമാരിയെയും വൈസ് ചെയര്‍പേഴ്സണായി വത്സലപ്രസന്നനെയും തെരഞ്ഞെടുത്തു. കടമ്പനാട് പഞ്ചായത്തില്‍ 17ല്‍ 15പേരും എല്‍ഡിഎഫിലാണ്. ചെയര്‍പേഴ്സണായി എല്‍ഡിഎഫിലെ സി സരോജിനിയെയും വൈസ് ചെയര്‍പേഴ്സണായി സി രാജമ്മയെയും തെരഞ്ഞെടുത്തു.

ആറന്മുള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. 18 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഐകകണ്ഠ്യേനയാണ് എഡിഎസ് ചെയര്‍പേഴ്സണെ തെരഞ്ഞടുത്തത്. ആറന്മുളയിലെ ഇടശ്ശേരിമലയില്‍ നിന്നുള്ള എ കെ രമണിയാണ് ചെര്‍പേഴ്സണ്‍ . ഇന്ദിര ബാബുവാണ് വൈസ് ചെയര്‍പേഴ്സണ്‍ . വെച്ചൂച്ചിറ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ രേണുകാമുരളീധരനാണ് യുഡിഎഫിന്റെ റോസമ്മ സക്കറിയയെ പരാജയപ്പെടുത്തിയത്. യുഡിഎഫ് ഭരിക്കുന്ന വെച്ചൂച്ചിറ പഞ്ചായത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് പ്രതിനിധി എഡിഎസായി വിജയിക്കുന്നത്. വള്ളംകുളം ഗവ. യുപിഎസില്‍നടന്ന തെരഞ്ഞെടുപ്പില്‍ പി കെ രമണി ചെയര്‍പേഴ്സണായും സരോജിനി രാജന്‍ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു..

deshabhimani 240112

1 comment:

  1. നൂല്‍പ്പുഴ പഞ്ചായത്തില്‍ കുടുംബശ്രീ തെരഞ്ഞെടുപ്പിലും കോ-ലീ-ബി സഖ്യം. തിങ്കളാഴ്ച നടന്ന സിഡിഎസ് തെരഞ്ഞെടുപ്പിലാണ് വീണ്ടും കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന മുന്നണി മത്സരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതേ മുന്നണിയാണ് ആകെയുള്ള 17 വാര്‍ഡുകളില്‍ പത്തും നേടി പഞ്ചായത്ത് ഭരിക്കുന്നത്. യുഡിഎഫിലെ സുമ ഭാസ്കരന്‍ പ്രസിഡന്റും ബിജെപിയിലെ എ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റുമാണ്.

    ReplyDelete