കണ്ണൂര്‍ സൈനിക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ നോര്‍ത്ത് ആര്യാട് വെളിയില്‍ ഹൌസില്‍ ടി.കെ.സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന് ഏക്കര്‍ സ്ഥലം അനുവദിച്ച് കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റി ഉത്തരവായത് 1977 ഏപ്രില്‍ 16 നാണ്. കെ.കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് മൂന്ന് ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരമായിരുന്നു ഭൂമി അനുവദിച്ചത്.
ഇതിന്റെ ഉത്തരവുമായി ടി.കെ. സോമന്‍ അന്ന് കാസര്‍കോട് ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയുടെ കളക്ടറെ സമീപിച്ചു. കളക്ടര്‍ നടപടി ആരംഭിച്ചു. എന്നാല്‍ കാസര്‍കോട്ടുകാരനായ കെ.ശങ്കരനാരായണഭട്ടും മറ്റ് മൂന്നുപേരും ഈ ഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്നുപറഞ്ഞ് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഇതെത്തുടര്‍ന്ന് ഈ കേസ് കഴിഞ്ഞശേഷം കരം അടച്ചാല്‍ മതിയെന്ന് 1977 സെപ്തംബര്‍ അഞ്ചിന് സ്പെഷ്യല്‍ തഹസീല്‍ദാര്‍ ഉത്തരവ് നല്‍കി. 1979 ജനുവരി 30ന് കളക്ടറെ നേരില്‍ കണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഇതിനിടെ സോമന് പട്ടാള ആസ്ഥാനത്തേയ്ക്ക് സ്ഥലംമാറ്റമായി. അതുകൊണ്ടുതന്നെ 1979 ല്‍ നാരായണഭട്ടിന്റെ കേസ് തള്ളിയത് സോമന്‍ അറിഞ്ഞില്ല. 2005ല്‍ കാസര്‍കോട്ടെ അഡ്വ. സദാനന്ദന്‍ മുഖേന കോടതിക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ഈ വിധിയുടെ വിവരം അറിഞ്ഞത്.
തുടര്‍ന്ന് 2006 ജനുവരി 14ന് ഹെഡ്ക്വാര്‍ട്ടേഴ്സ് തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി.
അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെങ്കിലും ഒന്നുമുണ്ടായില്ല. 2007 ജൂണ്‍ 26ന് ആലപ്പുഴ ഗസ്റ്റ്ഹൌസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദനെ സോമന്‍ കണ്ട് പരാതിപ്പെട്ടു. വി. എസ്സിന്റെ ബന്ധുകൂടിയാണ് സോമന്‍. കാസര്‍കോട് കളക്ടര്‍ക്ക് പരാതി നല്‍കാന്‍ വി. എസ് നിര്‍ദ്ദേശിച്ചു. 'മുഖ്യമന്ത്രി വിളിച്ചത് ഓര്‍ക്കുമല്ലോ' എന്ന് ആമുഖത്തില്‍ രേഖപ്പെടുത്തി അന്നുതന്നെ സോമന്‍ കാസര്‍കോട് കളക്ടര്‍ ആനന്ദ്സിംഗിന് പരാതി നല്‍കി.
ഫയല്‍ പരിശോധിച്ച കളക്ടര്‍ സോമന് അനുവദിച്ച മൂന്ന് ഏക്കര്‍ വേറെ കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. ഇതിനുപകരം അതേവില്ലേജിലെ രണ്ട് ഏക്കര്‍ 33 സെന്റ് സ്വീകരിക്കാമോ എന്ന് കളക്ടര്‍ ആരാഞ്ഞു. പരാതിക്കാരന്‍ സമ്മതിച്ചു. ഇതെത്തുടര്‍ന്ന് 2010 ജൂണ്‍ നാലിന് ഈ ഭൂമി സോമന് പതിച്ചുനല്‍കി. അതിന്റെ വിലയായി 73,051 രൂപ ഒടുക്കി. കരമായി 96 രൂപയും നല്‍കിയതോടെ പട്ടയവും കിട്ടി.
പട്ടയഭൂമി 25 വര്‍ഷത്തേയ്ക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 2009ല്‍ വി. എസ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നു. മൂന്നാറിലെ വ്യാപകമായ ഭൂമി കൈയേറ്റം തടയുന്നതിനായിരുന്നു ഇത്.
1977ല്‍ അനുവദിച്ച ഭൂമി തന്റേതല്ലാത്ത കാരണത്താല്‍ അനുവദിക്കാന്‍ വൈകിയതിനാല്‍ കൈമാറ്റ വ്യവസ്ഥയിലെ 25 വര്‍ഷം എന്നതിന്് ഇളവ് നല്‍കണമെന്ന് അപേക്ഷിച്ച് 2010 ആഗസ്റ്റ് 30ന് സോമന്‍ റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും കൈമാറി. മുഖ്യമന്ത്രിക്ക് കിട്ടിയ അപേക്ഷ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് കഴിഞ്ഞ ഡിസംബര്‍ 15ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ. ആര്‍.മുരളീധരന് കൈമാറി.
ഇത് ഒരു പ്രത്യേകകേസായി പരിഗണിച്ച് അനുകൂല തീരുമാനമെടുക്കാവുന്നതാണെന്നും ഇതിനനുസൃതമായി ഉത്തരവ് പുറപ്പെടുവിക്കാന്‍ 1964ലെ ഭൂമി പതിവ് ചട്ടം 24ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കമ്മിഷണര്‍ ഫയലില്‍ രേഖപ്പെടുത്തി റവന്യൂമന്ത്രി കെ.പി.രാജേന്ദ്രന് സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കൈമാറി. അവര്‍ ആ ഫയല്‍ 2011 ജനുവരി 29ന് റവന്യൂവിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിതാ പി.ഹരന് സമര്‍പ്പിച്ചു. അതില്‍ ' ഈ ഫയല്‍ താങ്കള്‍ കാണണമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു' എന്ന് ഷീലാതോമസ് രേഖപ്പെടുത്തിയിരുന്നു. നിവേദിത പി.ഹരന്‍ ആ ഫയല്‍ ജില്ലാ കളക്ടര്‍ക്ക് അയച്ചു.
ഇതിനിടെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സമര്‍പ്പിച്ച ഫയല്‍ 2011 ഫെബ്രുവരി 16ന് മന്ത്രി രാജേന്ദ്രന്‍ അജണ്ടയിലില്ലാത്ത ഇനമായി മന്ത്രിസഭാ യോഗത്തില്‍ വച്ചു. മന്ത്രിസഭായോഗം കൈമാറ്റാവകാശം നല്‍കാന്‍ തീരുമാനിച്ചു. ഈ ഫയല്‍ ചെന്നപ്പോള്‍ ഇങ്ങനെ ഇളവ് നല്‍കുന്നത് ചട്ടപ്രകാരമല്ലെന്ന് നിവേദിത പി. ഹരന്‍ അതില്‍ രേഖപ്പെടുത്തി. എന്നാല്‍, ഈ കേസ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്നും ഇത് ഭേദഗതി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നാണ് തന്റെ വ്യക്തമായ അഭിപ്രായമെന്നും ഫയലില്‍ എഴുതി മന്ത്രി കെ.പി.രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 'കണ്ടു, ഉത്തരവ് പുറപ്പെടുവിക്കുക' എന്നെഴുതി ഫെബ്രുവരി 24ന് വി. എസ് ഫയല്‍ മടക്കി.
ഇതിനിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഫയല്‍ മാര്‍ച്ച് 15ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനിനെറ്റോയ്ക്ക് നല്‍കി. വോട്ടെടുപ്പിനുശേഷം ഉത്തരവ് പുറപ്പെടുവിക്കാന്‍ ആ മാസം 20ന് അവര്‍ അനുവദിച്ചു. മന്ത്രി രാജേന്ദ്രന്‍ ഏപ്രില്‍ 26ന് കുറിപ്പുകൊടുത്ത് ഈ ഫയല്‍ വിളിപ്പിച്ചു. ഈ തീരുമാനത്തിനുമേല്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ മേയ് ഏഴിന് മന്ത്രി രാജേന്ദ്രന്‍ ഫയലില്‍ നിര്‍ദ്ദേശിച്ചു.
അതുവരെ ഈ കേസില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടന്ന് വ്യക്തമാക്കിയ മന്ത്രി, ഫെബ്രുവരി 16ന്റെ മന്ത്രിസഭായോഗ തീരുമാനത്തിന് സര്‍ക്കാരിന് അധികാരമില്ലെന്നാണ് നിയമോപദേശമെങ്കില്‍ ആ തീരുമാനം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാനും ഫയലില്‍ രേഖപ്പെടുത്തി. വി. എസ് സര്‍ക്കാര്‍ അധികാരമൊഴിയുംവരെ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ല.
തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജൂണ്‍ ഏഴിന് ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്തു. സോമന് ഭൂമി പതിച്ചുനല്‍കിയതും 2011 ഫെബ്രുവരി 16ന് ഭൂമി കൈമാറ്റത്തിന് അനുമതി നല്‍കിയ മന്ത്രിസഭായോഗ തീരുമാനവും റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്താനായിരുന്നു അടുത്ത തീരുമാനം.
ഭൂമി കൈമാറ്റത്തിന് എല്‍.ഡി. എഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാത്ത ഉത്തരവിന്റെ പേരിലുള്ള വിജിലന്‍സ് അന്വേഷണം കേരളത്തില്‍ ആദ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തനിക്ക് അര്‍ഹതപ്പെട്ട ഭൂമി റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ സോമന്‍ ഹൈക്കോടതിയെ സമീപിച്ചു. ഭൂമി പതിച്ചു നല്‍കിയത് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം ജസ്റ്റിസ് ആന്റണി ഡൊമിനിക് ആഗസ്റ്റ് 10ന് റദ്ദാക്കി. ഇക്കാര്യത്തില്‍ സോമന് നോട്ടീസ് നല്‍കി അയാളുടെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു. സോമന്റെ ഭാഗം കേട്ടെങ്കിലും സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.
എം.ബി. സന്തോഷ് Courtesy: Kerala kaumudi
കണ്ണൂര്‍ സൈനിക ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന ആലപ്പുഴ നോര്‍ത്ത് ആര്യാട് വെളിയില്‍ ഹൌസില്‍ ടി.കെ.സോമന് കാസര്‍കോട് മൈറേ വില്ലേജില്‍ മൂന്ന് ഏക്കര്‍ സ്ഥലം അനുവദിച്ച് കണ്ണൂര്‍ ലാന്‍ഡ് അസൈന്‍മെന്റ് അതോറിറ്റി ഉത്തരവായത് 1977 ഏപ്രില്‍ 16 നാണ്. കെ.കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. പട്ടാളത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് മൂന്ന് ഏക്കര്‍ അനുവദിക്കാനുള്ള നിയമപ്രകാരമായിരുന്നു ഭൂമി അനുവദിച്ചത്.
ReplyDelete