Monday, January 9, 2012

കെഎസ്എഫ്ഡിസി വന്‍ പ്രതിസന്ധിയില്‍

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത ഡെപ്യൂട്ടേഷന്‍നിയമനങ്ങള്‍ . സെക്രട്ടറിയറ്റിലെ സെക്ഷന്‍ ഓഫീസറായ അക്കൗണ്ടിങ് ജോലി അറിയാത്തയാളെ കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജരായി നിയമിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ , അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ , സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയ തസ്തികകളിലും ഡെപ്യൂട്ടേഷന്‍ നിയമനം നടന്നു. ഇപ്പോഴുള്ള ജോലികള്‍ കോര്‍പറേഷനില്‍ നിലവിലുള്ള ജീവനക്കാരെക്കൊണ്ടുതന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നിരിക്കെ അനാവശ്യ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സ്ഥാപനത്തിന് ബാധ്യതയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ചിത്രാഞ്ജലി തിയറ്ററുകളുടെ ശീതീകരണ പദ്ധതിക്കായി നല്‍കിയ പ്ലാന്‍ ഫണ്ടുപോലും ചെലവാക്കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ , ഈ ഫണ്ടില്‍നിന്ന് ശമ്പളം നല്‍കാനായി പത്ത് ലക്ഷം രൂപയോളം ചെലവാക്കി. നിലവിലുള്ള ഫണ്ട് പോലും ചെലവഴിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് പുതിയ ചെയര്‍മാനും ഭാരവാഹികളും. എന്നാല്‍ , പ്രഖ്യാപനങ്ങളല്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നുമില്ല.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലാന്‍ ഫണ്ടില്‍ വന്‍ വര്‍ധന വരുത്തിയിരുന്നു. കൊച്ചിയില്‍ പുതിയ സ്റ്റുഡിയോ നിര്‍മിച്ചതും ചിത്രാഞ്ജലിയില്‍ പുതിയ ഡബ്ബിങ് സ്റ്റുഡിയോ നിര്‍മിച്ചതും തിയറ്ററുകളില്‍ പുതിയ ശബ്ദസംവിധാനം കൊണ്ടുവന്നതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഫിലിം സിറ്റി പദ്ധതിക്കായി കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റില്‍ പ്രാരംഭ ജോലികള്‍ക്കായി ഒരു കോടി രൂപ നീക്കിവച്ചിരുന്നു. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തുകയുംചെയ്തു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഫിലിം സിറ്റിയുടെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. തിരുവനന്തപുരത്തെ കലാഭവന്‍ തിയറ്റര്‍ രണ്ടാക്കി വിഭജിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. മുന്‍കാലങ്ങളില്‍നിന്ന് വിരുദ്ധമായി വാണിജ്യ സിനിമകളില്‍നിന്നുള്ള പ്രതിനിധികളാണ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഏറെയും ഉള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിഷേന്‍ മുന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ ചെയര്‍മാനായ ഭരണസമിതിയില്‍ കാലടി ഓമന, സീമ ജി നായര്‍ , ബൈജു ദേവരാജ്, ക്യാപ്റ്റന്‍ രാജു, മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് ഡയറക്ടര്‍മാര്‍ . ഇടവേള ബാബുവിനെ കോര്‍പറേഷന്റെ വൈസ് ചെയര്‍മാനാക്കിയതിനെതിരെ ചലച്ചിത്രരംഗത്തു നിന്നുതന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു.

deshabhimani 090112

1 comment:

  1. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത ഡെപ്യൂട്ടേഷന്‍നിയമനങ്ങള്‍ . സെക്രട്ടറിയറ്റിലെ സെക്ഷന്‍ ഓഫീസറായ അക്കൗണ്ടിങ് ജോലി അറിയാത്തയാളെ കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജരായി നിയമിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ , അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ , സെക്യൂരിറ്റി ഓഫീസര്‍ തുടങ്ങിയ തസ്തികകളിലും ഡെപ്യൂട്ടേഷന്‍ നിയമനം നടന്നു. ഇപ്പോഴുള്ള ജോലികള്‍ കോര്‍പറേഷനില്‍ നിലവിലുള്ള ജീവനക്കാരെക്കൊണ്ടുതന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നിരിക്കെ അനാവശ്യ ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ സ്ഥാപനത്തിന് ബാധ്യതയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

    ReplyDelete