Monday, January 9, 2012

കോര്‍പറേഷനെതിരെ കള്ളപ്രചാരണം: എല്‍ഡിഎഫ് റാലി നാളെ

കോഴിക്കോട്: കോര്‍പറേഷന്‍ ഭരണം അസ്ഥിരപ്പെടുത്തുന്നതിന് മാധ്യമങ്ങളുടെ സഹായത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന യുഡിഎഫ് നേതൃത്വത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിനും ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിനും 10ന് വൈകിട്ട് 6ന് മുതലക്കുളം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ബഹുജന റാലി നടത്തുന്നു. എളമരം കരീം, സത്യന്‍ മൊകേരി, സി കെ നാണു എംഎല്‍എ, കടന്നപ്പള്ളി രാമചന്ദ്രന്‍ , മുക്കം മുഹമ്മദ് എന്നിവര്‍ സംസാരിക്കും. എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയും മുന്‍ ഭരണസമിതിക്കെതിരെയും കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് നഗരത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മറച്ചുപിടിക്കാന്‍ യുഡിഎഫ് ഗൂഢശ്രമം നടത്തുകയാണ്. ഇത്തരം നീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുന്നതിന്റെ ഭാഗമായാണ് ബഹുജന റാലി.

നാടകോത്സവം: കോര്‍പറേഷനെതിരെ കള്ളപ്രചാരണവുമായി സാംസ്കാരിക മാഫിയ

അന്തര്‍ദേശീയ നാടകോത്സവത്തെ മുന്‍നിര്‍ത്തി കോഴിക്കോട് കോര്‍പറേഷനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വളര്‍ന്നുവരുന്ന സാംസ്കാരിക മാഫിയകളെ ഓര്‍മിപ്പിക്കുന്നു. മറ്റു കേന്ദ്രങ്ങളില്‍ വച്ചെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കോര്‍പറേഷനെ സമ്മര്‍ദത്തിലാക്കുന്ന രീതി ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തുക്കുന്നത് നന്ന്. തൃശൂരില്‍ ചലച്ചിത്രോത്സവത്തോട് സഹകരിക്കാന്‍ ചില രാഷ്ട്രീയ കാരണങ്ങളാലാണ് അവിടത്തെ കോര്‍പറേഷന്‍ നിര്‍ബന്ധിതമായത്. കോര്‍പറേഷന്റെ സംഭാവന 5 ലക്ഷം രൂപയാണ്. ബാക്കി തുകയത്രയും സ്പോണ്‍സര്‍മാരില്‍നിന്നാണ് സംഭരിക്കുന്നത്. ഗാനമേളകള്‍ക്കല്ലാതെ കോഴിക്കോട്ട് ആരാണ് സ്പോണ്‍സര്‍ ചെയ്യുക? സൂര്യ നൃത്ത-സംഗീതോത്സവത്തോട് ഭീമ ജ്വല്ലറി സഹകരിക്കുന്നത് മാത്രമാണ് എടുത്തുപറയാവുന്നത്.

കോഴിക്കോട് കോര്‍പറേഷന്‍ , സാംസ്കാരിക പരിപാടികളോട് മുഖംതിരിച്ചു നില്‍ക്കുന്നു എന്ന വാദം ശരിയല്ല. 2007, 2008, 2009 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ ചലച്ചിത്രോത്സവത്തിന് ടാഗോര്‍ തിയേറ്റര്‍ സൗജന്യമായി അനുവദിച്ചത് ആരോപണമുന്നയിക്കുന്നവര്‍ മറന്നുപോകുന്നു. പിആര്‍ഡിയുടെ ചലച്ചിത്രോത്സവം, ഭരത് മുരളി സ്മാരക ചലച്ചിത്രോത്സവം, സൂര്യ നൃത്തസംഗീതോത്സവം, ദേശീയ നാടകോത്സവം എന്നിവക്കൊക്കെ ടാഗോര്‍ തിയേറ്റര്‍ സൗജന്യമായി അനുവദിച്ചിട്ടുണ്ട്. 2010ല്‍ പ്രസ്ക്ലബും പിആര്‍ഡിയുമായി സഹകരിച്ച് കോര്‍പറേഷന്‍ കുട്ടികളുടെ ചലച്ചിത്രോത്സവം നടത്തിയതും ടാഗോര്‍ തിയേറ്ററിലാണ്. ഇതുകൂടാതെ കോര്‍പറേഷന്‍ നാടകോത്സവവും നടത്തുന്നുണ്ട്. ഓഡിറ്റിങ്ങിന് വിധേയമായാണ് കോര്‍പറേഷന്റെ കണക്കുകള്‍ എന്നിരിക്കെ, ആരുടെയെങ്കിലും ഇഷ്ടത്തിനോ സമ്മര്‍ദത്തിനോ വഴങ്ങാന്‍ കോര്‍പറേഷന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം.

വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന് ജവഹര്‍ നഗറില്‍ ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന ഒരേക്കര്‍ സ്ഥലം സൗജന്യമായി അനുവദിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത് ഉയര്‍ന്ന സാംസ്കാരിക ബോധമല്ലാതെ മറ്റെന്താണ്? ആ സ്ഥലം കോസ്റ്റ് ഗാര്‍ഡിന് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോഴവിടെ സ്മാരകം ഉയരുമായിരുന്നു. നാടകോത്സവവുമായി ബന്ധപ്പെട്ട് വേണ്ടത്ര ആയശവിനിമയം സംഘാടകരും കോര്‍പറേഷന്‍ അധികൃതരും തമ്മില്‍ നടന്നിട്ടില്ല എന്ന് മേയര്‍ പറഞ്ഞത് ചര്‍ച്ചചെയ്യപ്പെടേണ്ടതല്ലേ? എന്നിട്ടും ടാഗോര്‍ തിയേറ്റര്‍ വൈദ്യുതി ചാര്‍ജുപോലും ഒഴിവാക്കി നാടകോത്സവത്തിന് നല്‍കാന്‍ മേയര്‍ സൗമനസ്യം കാണിച്ചു. ടാഗോര്‍ ഹാള്‍ ഇന്നത്തെ നിലയില്‍ നവീകരിച്ചപ്പോള്‍ അതിനെ എതിര്‍ത്തവര്‍ , ഇപ്പോള്‍ ഇതേ ഹാള്‍ മാത്രമേ നാടകോത്സവം നടത്താന്‍ പറ്റിയതുള്ളൂ എന്ന് വിലപിക്കുന്നതിലെ വൈരുധ്യവും നാം തിരിച്ചറിയണം. കോഴിക്കോട്ടെ നാടകരംഗം മൊത്തത്തില്‍ വിലയ്ക്കെടുക്കാനുള്ള ചിലരുടെ ശ്രമങ്ങളും അതിന് ചൂട്ടുപിടിക്കുന്ന ചില ഉദ്യോഗസ്ഥരുടെ ശ്രമങ്ങളും വിലയിരുത്തപ്പെടുകതന്നെ വേണം.

കെ ജെ തോമസ് ഫെഡറല്‍ ബാങ്ക്, മിഠായിത്തെരു, കോഴിക്കോട്.

deshabhimani 090112

No comments:

Post a Comment