Monday, January 9, 2012

സര്‍ക്കാര്‍ സര്‍വീസില്‍ തസ്തിക വെട്ടിക്കുറയ്ക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെട്ടിക്കുറയ്ക്കേണ്ട തസ്തികകളുടെ എണ്ണം കണക്കാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ തുടക്കമിട്ട തസ്തിക വെട്ടിക്കുറയ്ക്കലിന്റെയും നിയമന നിരോധനത്തിന്റെയും തുടര്‍ച്ചയെന്നോണം പതിനായിരക്കണക്കിന് തൊഴില്‍രഹിതരുടെ പ്രതീക്ഷയാണ് സര്‍ക്കാര്‍ കൊട്ടിയടയ്ക്കുന്നത്. സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു.

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്തതിനാല്‍ പുതിയ നിയമനങ്ങള്‍ ആവശ്യമില്ലെന്ന് ധനവകുപ്പ് ഉത്തരവില്‍ പറയുന്നു. അധികമുള്ളതും അനാവശ്യവുമായ തസ്തികകള്‍ ഒഴിവാക്കുകയോ പുനര്‍വിന്യാസം നടത്തുകയോ ചെയ്യണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടു. ഇതിന്റെ മുന്നോടിയായി ഏതൊക്കെ തസ്തികകളാണ് നിര്‍ത്തലാക്കേണ്ടതെന്ന കണക്കെടുക്കാനാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും അതതു വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

ഡിസംബര്‍ 15ന് തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ ധനവകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളിലെ ഫിനാന്‍സ് ഓഫീസര്‍മാരുടെയും യോഗത്തില്‍ , തസ്തിക വെട്ടിക്കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍നയം വ്യക്തമാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതേരീതിയില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ അടിയന്തരമായി കേരളത്തിലും നടപ്പാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും യോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതാധികാര സമിതിയെ നിയോഗിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

2001-2006ല്‍ സംസ്ഥാന സര്‍വീസിലും പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലുമായി 34,087 ജീവനക്കാരുടെ തസ്തിക യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കിയിരുന്നു. സംസ്ഥാന സര്‍വീസില്‍മാത്രം 13,767 തസ്തിക ഇല്ലാതാക്കി. നിയമന നിരോധനവും ഏര്‍പ്പെടുത്തി. 2001ല്‍ എല്‍ഡിഎഫ് അധികാരം ഒഴിയുമ്പോള്‍ ജീവനക്കാരുടെ എണ്ണം 5,21,087 ആയിരുന്നത് 2006ല്‍ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോള്‍ 4,87,000 ആയി കുറഞ്ഞിരുന്നു.

2006ല്‍ വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് നിയമന നിരോധനം പിവലിച്ചത്. 33,000 പുതിയ തസ്തിക സൃഷ്ടിച്ചു. 1.75 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖല-സ്വയംഭരണ സ്ഥാപനങ്ങളിലുമായി നിയമനം നല്‍കി. യുഡിഎഫ് അധികാരമേറിയതോടെ ഇതെല്ലാം തകര്‍ക്കുന്ന നിലപാട് ആവര്‍ത്തിക്കുകയാണ്. അപ്രഖ്യാപിത നിയമന നിരോധനം ഇപ്പോള്‍ത്തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മറച്ചുവയ്ക്കാനും ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍ പൊടിയിടാനുമാണ് റാങ്ക് ലിസ്റ്റ് നീട്ടുകയെന്ന തന്ത്രം പയറ്റുന്നത്. മുമ്പ് രണ്ടുവട്ടം നീട്ടിയ റാങ്ക്ലിസ്റ്റുകളില്‍നിന്ന് ഒറ്റ നിയമനംപോലും നടത്തിയിട്ടില്ലെന്ന വസ്തുത മറച്ചുവച്ചാണ് പിഎസ്സിയെ പ്രതിക്കൂട്ടിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
(ജി രാജേഷ്കുമാര്‍)

deshabhimani 090112

1 comment:

  1. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും തസ്തിക വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വെട്ടിക്കുറയ്ക്കേണ്ട തസ്തികകളുടെ എണ്ണം കണക്കാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ തുടക്കമിട്ട തസ്തിക വെട്ടിക്കുറയ്ക്കലിന്റെയും നിയമന നിരോധനത്തിന്റെയും തുടര്‍ച്ചയെന്നോണം പതിനായിരക്കണക്കിന് തൊഴില്‍രഹിതരുടെ പ്രതീക്ഷയാണ് സര്‍ക്കാര്‍ കൊട്ടിയടയ്ക്കുന്നത്. സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് നിര്‍ബന്ധിത സ്വയംവിരമിക്കല്‍ പദ്ധതി നടപ്പാക്കാനും ലക്ഷ്യമിടുന്നു.

    ReplyDelete