ഏറെ കൊട്ടിഘോഷിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ തയാറാക്കുന്ന ഘട്ടത്തിലും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോഴും മല എലിയെ പ്രസവിച്ചതുപോലെയായി. ഗവണ്മെന്റ് 1968ല്‍ ഒരു ലോക്പാല്‍ ബില്‍ ഭരണപരിഷ്കാര കമ്മീഷെന്റ ശുപാര്‍ശപ്രകാരം ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കി. എന്നാല്‍ രാജ്യസഭ പാസാക്കും മുമ്പ് ലോക്സഭ പിരിച്ചുവിടപ്പെട്ടതിനാലും ഗവണ്മെന്റ് അത് വീണ്ടും കൊണ്ടുവരാതിരുന്നതിനാലും ആ ബില്‍ അസാധുവായി. പിന്നീട് 1971 മുതല്‍ ഒമ്പതുതവണ ലോക്പാല്‍ ബില്‍ ഓരോരോ രൂപത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അത് ഒരിക്കലും പാസാക്കപ്പെട്ടില്ല. അങ്ങനെയാണ് പതിനൊന്നാംതവണ പുതിയ രൂപത്തില്‍ ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടതും മുമ്പത്തെ ബില്ലുകളുടെ അനുഭവം ഇതിനും ഉണ്ടായതും. രാജ്യസഭയില്‍ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കുമെന്ന് യുപിഎ സര്‍ക്കാരിെന്റ വക്താക്കള്‍ പറയുന്നുണ്ട്. ഇതേവരെ ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അത് വിശ്വസിക്കുക പ്രയാസമാണ്. ബില്‍ സഭയില്‍ വീണ്ടും കൊണ്ടുവരുന്നതിനേക്കാള്‍ പ്രധാനം അതിന്റെ ഉള്ളടക്കമാണ്.
1968ല്‍ ഭരണപരിഷ്കാര കമ്മീഷെന്റ നിര്‍ദ്ദേശപ്രകാരം ലോക്പാല്‍ ബില്‍ തയ്യാറാക്കിയപ്പോഴത്തെ അന്തരീക്ഷമല്ല അഴിമതിയെ സംബന്ധിച്ച് രാജ്യത്ത് ഇന്നുള്ളത്. അന്ന് അതൊരു ചെറു മുള്‍ച്ചെടി ആയിരുന്നെങ്കില്‍ ഇന്ന് സമൂഹത്തെയാകെ മറച്ചുനില്ക്കുന്ന ഭീമാകാരമുള്ള വിഷവൃക്ഷമായി അത് മാറിയിരിക്കുന്നു. അന്ന് പ്രധാനമന്ത്രി, മറ്റ് മന്ത്രിമാര്‍ , എംപിമാര്‍ എന്നിവരെ ബില്ലിെന്റ പരിധിയില്‍ കൊണ്ടുവരുന്നതിന് കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍പെടുത്തുന്ന കാര്യത്തില്‍ ബില്‍ തയ്യറാക്കുന്ന ഘട്ടംമുതല്‍ ലോക്സഭയില്‍ അവതരിപ്പിച്ചശേഷവും കോണ്‍ഗ്രസ് നേതൃത്വം തര്‍ക്കിച്ചുനിന്നു. മറ്റൊരു പോംവഴിയും കാണാതെയാണ് ചില നിബന്ധനകള്‍ക്ക് വിധേയമായി പ്രധാനമന്ത്രിയെ ബില്ലിെന്റ പരിധിയില്‍പെടുത്തിയത്. അപ്പോഴും എംപിമാരെ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് തയ്യാറായില്ല. ആഗോളവല്‍ക്കരണത്തിന്റെ ആദ്യനാളുകള്‍ ആയപ്പോഴേക്ക് വന്‍കിട മുതലാളിമാര്‍ , രാഷ്ട്രീയനേതാക്കള്‍ , ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവരുടെ മുക്കൂട്ടുമുന്നണി അഴിമതി നടത്തുന്ന കാര്യത്തില്‍ രൂപപ്പെട്ടിരുന്നു. അതില്‍ കോണ്‍ഗ്രസ് മാത്രമല്ല, അതത് കാലത്ത് ഭരണത്തില്‍ വരുന്ന ബിജെപിയും മറ്റ് ബൂര്‍ഷ്വാ പാര്‍ടികളും ഉണ്ട് എന്നാണ് അനുഭവം. അവരെയും ഉദ്യോഗസ്ഥ പ്രമാണികളെയും കൂട്ടുപിടിച്ച് അഴിമതി നടത്തുന്നതും അതുകൊണ്ടുള്ള മെച്ചം ഏറ്റവും അധികം നേടുന്നതും സമ്പന്നവര്ഗ്ഗങ്ങളാണ്, കുത്തകകളാണ്. ഇക്കാര്യം 2 ജി സ്പെക്ട്രം കേസില്‍ പകല്‍പോലെ വ്യക്തമായി. അതിനാല്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഒപ്പം സ്വകാര്യ മുതലാളിമാരെയും ലോക്പാല്‍ ബില്ലിെന്റ പരിധിയില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. അത് പരിഗണിക്കുന്നതിന് യുപിഎ നേതൃത്വം മാത്രമല്ല, ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികളും ഒട്ടും താല്പര്യം കാണിച്ചില്ല. ഉദ്യോഗസ്ഥപ്രമുഖരെ അഴിമതി സംബന്ധിച്ച കേസില്‍പെടുത്താന്‍ ഇപ്പോള്‍തന്നെ നിയമമുണ്ട്. ഭരണാധികാരികള്‍ക്ക് മുഖംനോക്കാതെ അഴിമതിക്കേസെടുക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ അഴിമതിക്കാരായ പല ഉദ്യോഗസ്ഥരും അന്നന്ന് വാഴുന്നവരെ കൂട്ടുപിടിച്ച് അഴിമതിക്കേസുകളില്‍നിന്ന് രക്ഷപ്പെടാറുണ്ട്. അവരെയും ലോക്പാല്‍ ബില്ലില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതുതന്നെ. എന്നാല്‍ , അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള സംഘം ഉദ്യോഗസ്ഥവൃന്ദത്തിന്റെ താഴെക്കിടയിലുള്ളവരെയും ജഡ്ജിമാരെയും ഉള്‍പ്പെടെ ലോക്പാലിെന്റ ഇടപെടല്മേഖലയില്പെടുത്തണം എന്നു ശാഠ്യംപിടിച്ചു. അത് നല്ല ഉദ്ദേശ്യത്തോടെയാണ് ഉന്നയിച്ചതെങ്കിലും, ലോക്പാലിെന്റ പ്രവര്‍ത്തനത്തെതന്നെ അധികഭാരം ഏല്പിച്ച് സ്തംഭിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രമല്ല, സമൂഹമാകെ അഴിമതിയില്‍ മുങ്ങിനില്ക്കുമ്പോള് , ഒരു ലോക്പാലും അദ്ദേഹത്തിന്റെ വിശ്വസ്താനുചരരും അതില്‍നിന്ന് തീര്‍ത്തും സ്വതന്ത്രരായി വര്‍ത്തിക്കും എന്ന കണക്കുകൂട്ടല്‍ ഒട്ടും യാഥാര്‍ഥ്യബോധത്തോടെ ഉള്ളതുമല്ല.
രാജ്യത്ത് നിലവിലുള്ള പാര്‍ലമെന്ററി ഭരണ സമ്പ്രദായം, അതില്‍ പങ്കാളികളാകുന്ന വിവിധ രാഷ്ട്രീയകക്ഷികള്‍ , അവരെയൊക്കെ ചൂഴ്ന്നു നിലനില്‍ക്കുന്ന ഭരണഘടന ഇവയിലൊന്നും ഒട്ടും വിശ്വാസം അര്‍പ്പിക്കാത്ത മട്ടിലായിരുന്നു അണ്ണാ ഹസാരെ സംഘത്തിന്റെ നീക്കം. അവസാനം ആ നിലപാടില്‍നിന്ന് അവര്‍ കുറെ മാറി എന്നത് ആശ്വാസപ്രദംതന്നെ. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, കെ ജി ബേസിന് എണ്ണ-വാതക ഖനനം മുതലായവയുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കേസുകള്‍ ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ അഴിമതിക്കെതിരായി അണിനിരക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ, യുപിഎ, ബിജെപി, മറ്റ് രാഷ്ട്രീയപാര്‍ടികള്‍ , അണ്ണാ ഹസാരെ സംഘം എന്നിവയുടെ വ്യത്യസ്ത നിലപാടുകളും വന്‍കിട മാധ്യമങ്ങള്‍ കുത്തകകളുടെ നിര്‍ദ്ദേശപ്രകാരം വാര്‍ത്തകള്‍ നിറംപിടിപ്പിച്ച് അവതരിപ്പിച്ചതും അഴിമതിയെ ഒരേ ലക്ഷ്യത്തോടെ എതിര്‍ക്കുന്നതിന് ജനങ്ങളെ അശക്തരാക്കി. അഴിമതിക്ക് മൂക്കുകയര്‍ ഇടരുത് എന്നാണ് അതില്‍ ഏര്‍പ്പെടുന്നവരുടെ ലക്ഷ്യം. ഫലത്തില്‍ , അവരുടെ ഇംഗിതം നിറവേറ്റുന്നതരത്തിലായി യുപിഎ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിെന്റ ഉള്ളടക്കവും അത് പാസാക്കുന്നതിന് നടത്തിയ നീക്കങ്ങളും. അഴിമതി തടയുക എന്നതിന് അപ്പുറം ഒരു ഉദ്ദേശ്യവും ലോക്പാല്‍ സംവിധാനം നിലവില്‍ കൊണ്ടുവരുന്നതില്‍ ഉണ്ടായിക്കൂട. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും അവയുടെ സഖ്യകക്ഷികള്‍ക്കും അതായിരുന്നില്ല ലക്ഷ്യം. തങ്ങളുടെ അഴിമതി മൂടിവെയ്ക്കണം, എതിരാളികളുടെ അഴിമതി തുറന്നുകാട്ടണം എന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ട്. നാടിനെയാകെ ഗ്രസിച്ച അഴിമതി നീതിന്യായ വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. അത് തടഞ്ഞില്ലെങ്കില്‍ മോന്തായം വളയുന്ന സ്ഥിതിയാകും. പക്ഷേ, നീതിന്യായ വ്യവസ്ഥയിലെ അഴിമതി തടയേണ്ടത് ലോക്പാലിനെ ഉപയോഗിച്ചല്ല. അതിന് വേറെ കമ്മീഷനെ ഏര്‍പ്പെടുത്തണം. ഇടതുപക്ഷത്തിന്റെ ഈ നിര്‍ദ്ദേശത്തോട് കോണ്‍ഗ്രസിനും ബിജെപിക്കും അണ്ണാ ഹസാരെ സംഘത്തിനും യോജിപ്പുണ്ടായിരുന്നില്ല. ലോക്സഭയില്‍ യുപിഎക്ക് നേരിയ ഭൂരിപക്ഷമേയുള്ളൂ. എങ്കിലും ബില്‍ പാസാക്കാന്‍ അവര്‍ക്ക് വിഷമം ഉണ്ടായിരുന്നില്ല.
ബിജെപിയും ഇടതുപക്ഷവും യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ കൂടുതല്‍ ശക്തമാക്കാനുള്ള ചില ഭേദഗതികള്‍ കൊണ്ടുവന്നു. (ബിജെപിക്ക് അവരുടേതായ വേറ അജണ്ടയുമുണ്ടായിരുന്നു.) ലോക്പാലിെന്റ മാതൃകയില്‍ സംസ്ഥാനങ്ങളില്‍ ലോക് അയുക്തയെ ഏര്‍പ്പെടുത്തണം എന്ന് അനുശാസിക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉണ്ടായിരുന്നു. അത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറലാണ്; അതിനാല്‍ ഇടതുപക്ഷവും ബിജെപിയുമൊക്കെ എതിര്‍ത്തു. അവസാനം തൃണമൂല്‍ കോണ്‍ഗ്രസും എതിര്‍ത്തു. ഇത്തരം കാര്യത്തില്‍ പ്രതിപക്ഷവുമായി ചര്ച്ചനടത്തികഴിയുന്നത്ര അഭിപ്രായ ഐക്യം വരുത്താമായിരുന്നു യുപിഎ നേതൃത്വത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്. പക്ഷേ, അത് ചെയ്യാന്‍ കോണ്‍ഗ്രസില്‍ ആരുമില്ലാത്ത സ്ഥിതിയാണ്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് രാജ്യത്തെ അമേരിക്കയ്ക്ക് കീഴ്പെടുത്തുന്നതുപോലുള്ള ചില കാര്യങ്ങളില്‍ മാത്രമേ താല്പര്യമുള്ളു. എന്തെങ്കിലും രാഷ്ട്രീയമായി ചെയ്യാന്‍ കഴിയുക പ്രണബ് മുഖര്‍ജിക്കാണ്. അദ്ദേഹത്തെ തുടലിലിട്ടിരിക്കയാണെന്നാണ് ഉപശാലാവൃത്തങ്ങളിലെ വര്‍ത്തമാനം. ഫലമോ? ലോക്സഭയില്‍ എസ്പി, ബിഎസ്പി മുതലായ പാര്ടിക്കാര് ഇറങ്ങിപ്പോയതുകൊണ്ട് യുപിഎക്ക് നല്ല ഭൂരിപക്ഷത്തോടെ ബില്‍ പാസാക്കാന്‍ കഴിഞ്ഞു. എന്നാല്‍ , കോണ്‍ഗ്രസ്, തൃണമൂല്‍ , ഡിഎംകെ കക്ഷികളിലെ മന്ത്രിമാര്‍ അടക്കമുള്ള അംഗങ്ങള്‍ ഹാജരാകാത്തതിനാല്‍ കേവല ഭൂരിപക്ഷം വോട്ട് (274 എങ്കിലും) ലഭിക്കാത്തതിനാല്‍ ബില്ലിനെ ഭരണഘടനാ ഭേദഗതിയാക്കാന് കഴിഞ്ഞില്ല. അതിനു പ്രതിപക്ഷത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയെങ്കിലും ഉത്തരവാദികള്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും നേതാക്കള്‍തന്നെ.
രാജ്യസഭയില്‍ യുപിഎക്ക് കേവല ഭൂരിപക്ഷമില്ല. ബില്‍ പാര്‍ലമെന്റിെന്റ ശീതകാല സമ്മേളനത്തില്‍തന്നെ പാസാക്കണം എന്ന നിര്‍ബന്ധബുദ്ധി യുപിഎ നേതൃത്വത്തിന് ഉണ്ടായിരുന്നെങ്കില്‍ പ്രതിപക്ഷവുമായി ചര്‍ച്ചചെയ്ത് അവര്‍ നിര്‍ദ്ദേശിക്കുന്ന ചില ഭേദഗതികള്‍ അംഗീകരിക്കണമായിരുന്നു. അതിന് ഒരു നീക്കവും നടത്തപ്പെട്ടില്ല. എന്നു മാത്രമല്ല, തൃണമൂല്‍ കോണ്ഗ്രസ്പോലുള്ള ഘടകകക്ഷികളെ കൂടെ നിര്‍ത്താന്‍പോലും കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധിച്ചില്ല. അതല്ല, ബില്‍ പാസാക്കാതിരിക്കാന്‍ അവര്‍ ഇരുവരും ചേര്‍ന്നു നടത്തിയ ചക്കളത്തിപ്പോരാട്ടമായിരുന്നോ രാജ്യസഭയില്‍ അരങ്ങേറിയത് എന്നറിയില്ല. ഏതായാലും, ലോക്പാല്‍ ബില്‍ പോലെ ജനങ്ങളെല്ലാം ഉറ്റുനോക്കിയിരുന്നതും ഡിസംബര്‍ 31നുമുമ്പുതന്നെ പാസാക്കും എന്ന് യുപിഎ നേതൃത്വം ഉറപ്പിച്ചു പറഞ്ഞിരുന്നതുമായ ബില്‍ പാസാക്കുന്നതില്‍ അങ്ങേയറ്റത്തെ കെടുകാര്യസ്ഥതയും പ്രതിബദ്ധത ഇല്ലായ്മയുമാണ് അവര്‍ കാണിച്ചത്. അതുവഴി അവര്‍ ചെയ്തത് രാജ്യത്തെ കൊള്ളയടിക്കുന്ന നാടനും വിദേശികളുമായ കുത്തകകള്‍ക്ക് അഴിമതി തുടരാനുള്ള അനുവാദം നവവത്സര സമ്മാനമായി നല്‍കുകയായിരുന്നു. രാജ്യത്തെ പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും മറ്റ് ഇല്ലായ്മകളില്‍നിന്നും കരകയറ്റുന്നതിനുള്ള താല്പര്യവും അവര്‍ക്കില്ല. ജനങ്ങളെ ചൂഷണംചെയ്യുന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതിലാണ് അവര്‍ക്ക് താല്പര്യം. ലോക്പാല്‍ ബില്ലിനെ 2011ലും പാര്ലമെന്റിലിട്ടു തൂക്കിലേറ്റിയത് അതുകൊണ്ടാണ്.
സി പി നാരായണന് chintha weekly
ഏറെ കൊട്ടിഘോഷിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ബില്‍ തയാറാക്കുന്ന ഘട്ടത്തിലും പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തപ്പോഴും മല എലിയെ പ്രസവിച്ചതുപോലെയായി. ഗവണ്മെന്റ് 1968ല്‍ ഒരു ലോക്പാല്‍ ബില്‍ ഭരണപരിഷ്കാര കമ്മീഷെന്റ ശുപാര്‍ശപ്രകാരം ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കി. എന്നാല്‍ രാജ്യസഭ പാസാക്കും മുമ്പ് ലോക്സഭ പിരിച്ചുവിടപ്പെട്ടതിനാലും ഗവണ്മെന്റ് അത് വീണ്ടും കൊണ്ടുവരാതിരുന്നതിനാലും ആ ബില്‍ അസാധുവായി. പിന്നീട് 1971 മുതല്‍ ഒമ്പതുതവണ ലോക്പാല്‍ ബില്‍ ഓരോരോ രൂപത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും അത് ഒരിക്കലും പാസാക്കപ്പെട്ടില്ല. അങ്ങനെയാണ് പതിനൊന്നാംതവണ പുതിയ രൂപത്തില്‍ ബില്‍ വീണ്ടും ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ടതും മുമ്പത്തെ ബില്ലുകളുടെ അനുഭവം ഇതിനും ഉണ്ടായതും. രാജ്യസഭയില്‍ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കുമെന്ന് യുപിഎ സര്‍ക്കാരിെന്റ വക്താക്കള്‍ പറയുന്നുണ്ട്. ഇതേവരെ ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അത് വിശ്വസിക്കുക പ്രയാസമാണ്. ബില്‍ സഭയില്‍ വീണ്ടും കൊണ്ടുവരുന്നതിനേക്കാള്‍ പ്രധാനം അതിന്റെ ഉള്ളടക്കമാണ്.
ReplyDelete