Tuesday, January 3, 2012

സി അച്യുതമേനോന്‍ ജന്മശതാബ്ദി ആഘോഷം 10 ന് ആരംഭിക്കും

സി അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഈമാസം 10 ന് തുടക്കമാകും. കനകക്കുന്ന് കൊട്ടാരത്തില്‍ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് മുഖ്യ പ്രഭാഷണം നടത്തും. സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വെളിയം ഭാര്‍ഗവന്‍ നിര്‍വഹിക്കും. സി പി ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, കവി ഒ എന്‍ വി കുറുപ്പ്, പി ഗോവിന്ദപ്പിള്ള, ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍, മേയര്‍ കെ ചന്ദ്രിക, എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, അഡ്വ. എ സമ്പത്ത്, മുന്‍ എം പി. പി വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിക്കും.
സി അച്യുതമേനോന്‍ ഫൗണ്ടേഷനാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് സി കെ ചന്ദ്രപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി ആഘോഷപരിപാടികളുടെ രൂപരേഖ തയ്യാറാക്കി. സി അച്യുതമേനോന്‍ തപാല്‍ സ്റ്റാമ്പ്് പ്രസിദ്ധീകരിക്കുക, കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ഉചിതമായ സ്ഥാനത്ത് ലോഹനിര്‍മിതമായ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുക എന്നീ കാര്യങ്ങളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴ് ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണമാണ് പരിപാടികളിലെ മറ്റൊരു പ്രധാന ഇനം. തിരഞ്ഞെടുപ്പ് പരിഷ്‌കാരം, പഞ്ചായത്ത് രാജ് എന്നീ ഗ്രന്ഥങ്ങള്‍ നേരത്തെ നടന്ന ദേശീയ സെമിനാറുകളില്‍ അവതരിപ്പിച്ച 70ഓളം പ്രബന്ധങ്ങളുടെ സമാഹാരങ്ങളാണ്. സി  അച്യുതമേനോന്റെ സമ്പൂര്‍ണ ജീവചരിത്രം, സി അച്യുതമേനോന്റെ നിയമസഭാ പ്രസംഗങ്ങള്‍, സി  അച്യുതമേനോന്‍ ജന്മശതാബ്ദി സുവനീര്‍, സി അച്യുതമേനോന്‍ സ്മൃതി ചിത്രങ്ങളുടെ പരിഷ്‌കരിച്ചു വിപുലീകരിച്ച പുതിയ പതിപ്പ് എന്നിവയാണു മറ്റു ഗ്രന്ഥങ്ങള്‍. ജലപരിപാലനം അച്യുതമേനോനും കേരളത്തിന്റെ സാമ്പത്തിക വികസനവും, ആണവോര്‍ജം സാധ്യതകളും വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറുകളില്‍ നൂറില്‍പ്പരം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയാണ് മറ്റൊരാകര്‍ഷണം. രാഷ്ട്രീയ നേതാവ്, ഭരണാധികാരി, പാര്‍ലമെന്റേറിയന്‍, കൂട്ടുകക്ഷി ഭരണത്തിന്റെ നേതൃത്വമാതൃക, വികസന പരിപ്രേക്ഷ്യം, രാഷ്ട്രതന്ത്രജ്ഞന്‍, സ്ഥാപന നിര്‍മാണത്തിലെ ഭാവനയും കര്‍മകുശലതയും, സാഹിത്യകാരന്‍, സാംസ്‌കാരിക നായകന്‍, ധാര്‍മിക മൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധത എന്നിങ്ങനെ അച്യുതമേനോന്റെ വ്യക്തിത്വത്തിലെ വ്യത്യസ്ത തലങ്ങളാണ് പ്രഭാഷണ വിഷയങ്ങള്‍. വിഷയവുമായി ബന്ധപ്പെട്ട പ്രഗത്ഭ വ്യക്തികളായിരിക്കും പ്രഭാഷകര്‍. സി അച്യുതമേനോന്‍ എഴുത്തുകാരനും സാംസ്‌കാരിക നായകനും എന്ന വിഷയത്തില്‍ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കുന്ന മറ്റൊരു സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. സെമിനാറുകളിലെ പ്രബന്ധങ്ങളും പ്രഭാഷണ പരമ്പരയിലെ പ്രഭാഷണങ്ങളും തുടര്‍ന്ന് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും.

ന്യൂഡല്‍ഹിയില്‍ അച്യുതമേനോന്റെ വികസന പരിപ്രേക്ഷ്യം, രാഷ്ട്രീയ നേതാവ്, ഭരണകര്‍ത്താവ് തുടങ്ങിയ വിഷയങ്ങളെ പുരസ്‌കരിച്ചുള്ള സെമിനാറുകളും സമ്മേളനങ്ങളും ഈ കാലയളവില്‍ സംഘടിപ്പിക്കും. പ്രമുഖ ദേശീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും ചിന്തകന്‍മാരും ഈ ചടങ്ങുകളില്‍ പങ്കെടുക്കും.

വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ആശയസംവാദങ്ങള്‍, രചനാമത്സരങ്ങള്‍, രണ്ട് സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, അച്യുതമേനോന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും പ്രതിഫലിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം എന്നിവയും പരിപരാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഘോഷ പരിപാടികളുടെ നിര്‍വഹണത്തിനായി 101 പേരടങ്ങുന്ന സംഘാടക സമിതിയും എട്ട് സബ്കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ജനറല്‍ കണ്‍വീനര്‍ ഡോ. കെ രാമന്‍പിള്ള, കണ്‍വീനര്‍ എന്‍ ഷണ്‍മുഖംപിള്ള, വൈസ് പ്രസിഡന്റ് പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍, വി ദത്തന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

janayugom 030112

2 comments:

  1. സി അച്യുതമേനോന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഈമാസം 10 ന് തുടക്കമാകും. കനകക്കുന്ന് കൊട്ടാരത്തില്‍ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് മുഖ്യ പ്രഭാഷണം നടത്തും. സി അച്യുതമേനോന്‍ ഫൗണ്ടേഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വെളിയം ഭാര്‍ഗവന്‍ നിര്‍വഹിക്കും.

    ReplyDelete
  2. ഭാവുകങ്ങള്‍.; സമയം വൈകി, മേനോനെ അവതരിപ്പിക്കാന്‍, എങ്കിലും ഇപ്പോഴെങ്കിലും അത് നന്നായി. ഒരു വര്‍ഷം നീളുന്ന പ്രഭാഷണപരമ്പരകളുടെ ഒരു ലിസ്റ്റ് കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ? ആരൊക്കെ സംസാരിക്കുന്നു എന്നതിന്റെയൊക്കെ വിശദാംശങ്ങള്‍?

    ReplyDelete